Tuesday January 24, 2017
Latest Updates

മാണിക്ക് അനുകൂലമായി മൊഴിനല്‍കിയ ബാറുടമയ്ക്ക് കോടികളുടെ ഇളവ്

മാണിക്ക് അനുകൂലമായി മൊഴിനല്‍കിയ ബാറുടമയ്ക്ക് കോടികളുടെ ഇളവ്

ബാര്‍ കോഴക്കേസില്‍ കെ എം മാണിക്ക് അനുകൂലമായി മൊഴി നല്‍കിയ ബാര്‍ ഉടമയും അസോസിയേഷന്‍ ഭാരവാഹിയുമായ ചൈന സുനിലിന് കോടികളുടെ വായ്പാ ഇളവ് ലഭിച്ചു. ധനകാര്യ വകുപ്പിന്റെ കീഴിലുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ആണ് ഇളവ് നല്‍കിയത്.

മൂന്നാറില്‍ ചൈന സുനില്‍ പണിത റിസോര്‍ട്ടിന് വേണ്ടി എടുത്ത വായ്പയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പേരില്‍ ഇളവ് ചെയ്ത് നല്‍കിയത്. 1996 ലും 98 ലുമായി കെഎഫ്‌സിയുടെ തൊടുപുഴ ബ്രാഞ്ചില്‍ നിന്ന് 58 ലക്ഷം രൂപ വായ്പ എടുത്താണ് ചൈന സുനില്‍ മൂന്നാറിലെ ലക്ഷ്മിയില്‍ ബി സിക്‌സ് ഹോളിഡേയ്‌സ് എന്ന റിസോര്‍ട്ട് നിര്‍മ്മിച്ചത്. നിയമവിരുദ്ധമെന്നു കണ്ടെത്തി വിഎസ് അച്ചുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം 2007ല്‍ ഈ റിസോര്‍ട്ട് പൊളിച്ച് നീക്കുകയും ചെയ്തു.

വായ്പയുടെ പലിശയും പിഴപ്പലിശയും അടക്കം ഏതാണ്ട് മൂന്ന് കോടിയോളം രൂപയാണ് കെഎഫ്‌സിക്ക് സുനില്‍ അടക്കുവാനുണ്ടായിരുന്നത്. സുനിലിന്റെ വസ്തുവകകള്‍ റിക്കവര്‍ ചെയ്ത് വായ്പ തുക തിരിച്ചുപിടിക്കാന്‍ കെഎഫ്‌സി നീക്കം തുടങ്ങുകയും ചെയ്തതായിരുന്നു. ഇതിനിടെ വളരെപെട്ടെന്ന് കെഎഫ്‌സി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ സുനിലിന് വായ്പയില്‍ ഇളവു നല്‍കുകയായിരുന്നു.

ഇളവ് ലഭിച്ചതോടെ ഇയാളില്‍ നിന്നും 70 ലക്ഷം രൂപ മാത്രമാണ് ഈടാക്കിയത്. ആകെ ഒന്നരക്കോടിയോളം രൂപ മാത്രമാണ് ഇയാള്‍ മൂന്നു കോടിയുടെ വായ്പാ കുടിശികയിലേക്ക് തിരിച്ചടവ് നടത്തിയത്. ഫലത്തില്‍ കെഎഫ്‌സിക്ക് നഷ്ടം ഒന്നര കോടിയോളം രൂപ.

തുക മറ്റു മാര്‍ഗങ്ങളിലൂടെ തിരിച്ചുപിടിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കായി സംരംഭകരെ പരിഗണിക്കുക. എന്നാല്‍ ധനികനായ സുനിലിന്റെ ആസ്തി വകകളില്‍ നിന്നും തുക ഈടാക്കാനാവുമെന്നിരിക്കെ നല്‍കിയ കോടികളുടെ ഇളവ് അധികൃതരുടെ ഉപകാരസ്മരണയാണെന്നാണ് വിമര്‍ശനം.

 

 

 

 

 

Scroll To Top