Friday December 09, 2016
Latest Updates

കെ ബാബു ബിനാമിയെന്ന് ചെറിയാന്‍ ഫിലിപ്പ് :കണ്ടെത്താനിരിക്കുന്ന മുഖ്യപ്രതി ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ?

കെ ബാബു ബിനാമിയെന്ന് ചെറിയാന്‍ ഫിലിപ്പ് :കണ്ടെത്താനിരിക്കുന്ന മുഖ്യപ്രതി ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ?

തിരുവനന്തപുരം: കെ ബാബു കെ എം മാണിയെക്കാള്‍ വലിയ കൈക്കൂലിക്കാരനാണ് എന്ന് പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ചെറിയാന്‍ ഫിലിപ്പ്.മാണി ഒരു കോടി വാങ്ങിയെന്ന് പറയുമ്പോള്‍ പത്തു കോടി കെ ബാബു വാങ്ങിയെന്നാണ് ആരോപണം.പക്ഷെ കെ ബാബുവിന് പിന്നിലുള്ള ശക്തികേന്ദ്രം ആരെന്നു താമസിയാതെ പുറത്തുവരുമെന്ന് ചെറിയാന്‍ ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

സരിത കേസ് ആര്‍ക്ക് വേണ്ടിയാണോ കെ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഒതുക്കിയത് അവര്‍ തന്നെയാണ് ബാര്‍ കോഴ ഇടപാടിന് പിന്നാമ്പുറത്തുള്ളത്.

ഉമ്മന്‍ ചാണ്ടി തന്നെയാണ് സരിതാസോളാര്‍ കേസ് ഒതുക്കിയത് എന്ന് പൊതുജനം സംശയിക്കുന്നുവെന്ന് മുമ്പൊരിക്കല്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞിരുന്നു.

ഇതിനിടെ തനിക്കെതിരെ ബാര്‍ കോഴ കേസില്‍ കേസെടുക്കാന്‍ നിയമപരമായും ധാര്‍മികമായും സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് ധനമന്ത്രി കെ.എം മാണി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബാര്‍ കോഴ കേസില്‍ താന്‍ നിരപരാധിയാണ്. തന്റെ കൈകള്‍ ശുദ്ധമാണ്. അതിനാല്‍ തന്നെ ആരോടും പരാതിയോ, പരിഭവമോ പ്രതിഷേധമോ ഇല്ല.

ബാര്‍കോഴ ഗൂഢാലോചനയ്ക്കു പിന്നിലെ കിങ്പിന്നിനെ അറിയാം. എന്നായാലും അവര്‍ വെളിച്ചത്തുവരും. തെളിവില്ലാത്തകാര്യത്തിനു കേസെടുക്കാന്‍ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും കെ.എം. മാണി പറഞ്ഞു.

തന്റെ പേരില്‍ കേസെടുത്തത് ഇരട്ടത്താപ്പാണോയെന്ന കാര്യം ജനങ്ങള്‍ തീരുമാനിക്കും. കേസെടുത്തതില്‍ രണ്ടുതരം നീതിയുണ്ടെന്ന് ജനങ്ങള്‍ പറയുന്നു. ബാര്‍ കോഴ കേസില്‍ ഗൂഢാലോചനയുണ്ട്. ഇപ്പോള്‍ അതിന്റെ ചുരുള്‍ അഴിഞ്ഞു വരികയാണ്.

ഞാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത എം.എല്‍.എയാണ് ഞാന്‍. യു.ഡി.എഫാണ് എന്നെ മന്ത്രിയാക്കിയത്. അങ്ങനെയുള്ള എനിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അത് നിറവേറ്റാതെ പള്ളിക്കൂടം പിള്ളേരെ പോലെ ഇട്ടെറിഞ്ഞു പോകാനാവുമോ മാണി ചോദിച്ചു.

ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരായ നടപടി ഒരു ദിവസം വൈകിയാലും കുഴപ്പമില്ല. അക്കാര്യത്തില്‍ ധൃതിയില്ല, പക്ഷേ തീരുമാനം ഉണ്ടാവണം.

താന്‍ തൃശൂരില്‍ ധ്യാനത്തിന് പോവുകയാണെന്നും മാണി പറഞ്ഞു. ധ്യാനത്തിലൂടെ ആത്മീയ വിശുദ്ധി കൈവരിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top