Saturday December 10, 2016
Latest Updates

കേരളത്തിലെ ബാറുടമകള്‍ നിരാശരായേക്കും,സുപ്രീം കോടതി നിരീക്ഷണങ്ങള്‍ സര്‍ക്കാരിന് അനുകൂലം

കേരളത്തിലെ ബാറുടമകള്‍ നിരാശരായേക്കും,സുപ്രീം കോടതി നിരീക്ഷണങ്ങള്‍ സര്‍ക്കാരിന് അനുകൂലം

ന്യൂഡല്‍ഹി: എല്ലാ ആയുധങ്ങളുമെടുത്ത് സുപ്രീം കോടതിയില്‍ പോരാടുന്ന കേരളത്തിലെ ബാര്‍ ഉടമകള്‍ക്കു തിരിച്ചടി കിട്ടുമെന്ന തലത്തിലേക്ക് ബാര്‍ കേസ് നീങ്ങുന്നു.

ബാര്‍ വിഷയത്തില്‍ കേരള സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുമ്പോഴും കാര്യങ്ങള്‍ സര്‍ക്കാരിന്റെ നിലപാടിന് അനുകൂലമാകുന്ന തലത്തിലേക്കാണ് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ബാറുടമകളുടെ വാദം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞതു തന്നെ കാര്യങ്ങള്‍ ബാറുടമകള്‍ക്ക് അനുകൂലമല്ലെന്നതിന്റെ വ്യക്തമായ തെളിവാണ്. സംസ്ഥാനം പറയുന്ന നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമേ ലൈസന്‍സ് അവകാശപ്പെടാനാവൂ എന്നും കോടതി പറയുന്നു.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയതിനെ ബാറുടമകള്‍ ചോദ്യം ചെയ്തതും കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഈ നടപടി വിവേചനപരമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമുള്ള ബാറുടമകളുടെ വാദം കോടതി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല.ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മദ്യത്തിന്റെ ലഭ്യത കുറഞ്ഞാല്‍ ഉപഭോഗം കുറയും. ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയം നടപ്പാക്കാന്‍ കാരണമെന്നും കോടതി ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ചിട്ടാണ് മദ്യനയം നടപ്പിലാക്കിയത്. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബാറുകള്‍ നിര്‍ത്തിയതിനെ കാണണം. മദ്യം വീട്ടില്‍ വാങ്ങിവച്ചു കഴിക്കുന്നത് വലിയ തെറ്റല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

മദ്യവില്പന മൗലികാവകാശമായി കാണാനാവില്ലെന്നായിരുന്നു ജസ്റ്റിസുമാരായ വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടിയത്.

Scroll To Top