Sunday December 04, 2016
Latest Updates

ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായി; മാണിയും, ബാബുവും നിരപരാധികളെന്ന് വിജിലന്‍സ്

ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായി; മാണിയും, ബാബുവും നിരപരാധികളെന്ന് വിജിലന്‍സ്

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവര്‍ കുറ്റക്കാരല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തലെന്നാണു സൂചന. മന്ത്രിമാര്‍ കോഴ വാങ്ങിയതിനു തെളിവുകളൊന്നും ലഭ്യമല്ലെന്നാണ് അന്വേഷണ റിപ്പോട്ടിലെ കണ്ടെത്തല്‍. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുന്നോടിയായി നിയമോപദേഷ്ടാക്കള്‍ക്കു മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.പി ആര്‍. സുകേശന്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടി.

നിലവാരമില്ലാത്തതെന്നു കണ്ടെത്തി പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി കെ എം മാണി അഞ്ചുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ബാര്‍ ഉടമകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. മാണിയുടെ ഔദ്യോഗികവസതിയിലെത്തി 35 ലക്ഷം രൂപ കൈമാറിയെന്നും മന്ത്രിയുടെ വിശ്വസ്തന്‍ കുഞ്ഞാപ്പ അതിനു സാക്ഷിയാണെന്നും ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതു സാധൂകരിക്കുന്ന തരത്തില്‍ മൊഴി നല്‍കിയ, ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി കഴിഞ്ഞദിവസം നുണപരിശോധനയ്ക്കു വിധേയനാകുകയും ചെയ്തു. എന്നാല്‍, സുപ്രീം കോടതി ഉത്തരവുപ്രകാരം നുണപരിശോധനാ റിപ്പോര്‍ട്ട് തെളിവായി അംഗീകരിക്കാനാകില്ലെന്നു പറഞ്ഞ് വിജിലന്‍സ് ഇത് തള്ളുകയായിരുന്നു.

അതിനിടെ എക്‌സൈസ് ലൈസന്‍സുകള്‍ പുതുക്കുന്നതിനായി മന്ത്രി കെ ബാബു 10 കോടി രൂപ ആവശ്യപ്പെട്ടതായി മറ്റൊരു ആരോപണം പുറത്തുവന്നിരുന്നു. ബാറുകളുടെ പ്രവൃത്തിസമയത്തില്‍ കുറവു വരുത്തിയതിനാല്‍ ലൈസന്‍സ് ഫീസ് നേരത്തെയുള്ള 30 ലക്ഷത്തില്‍നിന്ന് 25 ലക്ഷമായി കുറക്കണമെന്നായിരുന്നു ബാര്‍ ഉടമകളുടെ ആവശ്യം. വിലപേശലുകള്‍ക്കു ശേഷമാണ് പിന്നീടിത് 23 ലക്ഷത്തിന് ഉറപ്പിച്ചത്. ഇതിനായി മന്ത്രി ബാബുവിന്റെ ഓഫീസില്‍ എത്തിച്ച കോഴപ്പണം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുരേഷ് പൈ വാങ്ങുകയും മന്ത്രിയുടെ കാറില്‍ കൊണ്ടുവയ്ക്കുകയുമായിരുന്നെന്നാണു ബിജു രമേശ് മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ ഈ ആരോപണത്തിനും തെളിവില്ലെന്നാണു വിജിലന്‍സിന്റെ കണ്ടെത്തല്‍. ബാര്‍ ഉടമകളുടെയും എക്‌സൈസ് കമ്മിഷണറുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ലൈസന്‍സ് ഫീസ് 23 ലക്ഷത്തിന് ഉറപ്പിച്ചതെന്നു മിനിട്‌സിലുണ്ട്. കമ്മിഷണര്‍, നികുതി സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത യോഗം നിര്‍ത്തിവച്ച് ഇളവുകള്‍ ചര്‍ച്ച ചെയ്തതായി തെളിവുകള്‍ ലഭ്യമല്ല. മിനിട്‌സില്‍ യാതൊരു തിരുത്തലുകളും നടന്നിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി.

 

Scroll To Top