Tuesday September 26, 2017
Latest Updates

ബാങ്കുകള്‍ ഒരാഴ്ച്ച അടച്ചിടും,എ ടി എമ്മില്‍ നിന്നും പിന്‍വലിക്കാവുന്നത് 60 യൂറോ!;ഗ്രീസിലെ ജനങ്ങള്‍ പരിഭ്രാന്തിയില്‍,യൂറോപ്പിലാകെ പ്രതിസന്ധി 

ബാങ്കുകള്‍ ഒരാഴ്ച്ച അടച്ചിടും,എ ടി എമ്മില്‍ നിന്നും പിന്‍വലിക്കാവുന്നത് 60 യൂറോ!;ഗ്രീസിലെ ജനങ്ങള്‍ പരിഭ്രാന്തിയില്‍,യൂറോപ്പിലാകെ പ്രതിസന്ധി 

ആതന്‍സ്: ഗ്രീസില്‍ പ്രതിസന്ധി അതിര്‍ത്തിരേഖകള്‍ കടക്കുന്നു.തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ച ക്കാലം രാജ്യത്തെ ബാങ്കുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.എ ടി എമ്മുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും ഓരോ ദിവസവും പിന്‍വലിക്കാവുന്ന പരമാവധി തുക 60 യൂറോയാക്കി നിജപ്പെടുത്തി.രാജ്യത്ത് നിന്നും വിദേശത്തേയ്ക്ക് യാതൊരു വിധ പണം ഇടപാടുകളും നടത്തുന്നതിനും അനുമതി ഉണ്ടാവില്ല.

പ്രധാന മന്ത്രി അലക്‌സിസ് സിപ്രാസ് ടെലിവിഷന്‍ വഴി ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പുതിയ സാമ്പത്തിക അച്ചടക്ക നടപടികള്‍ പ്രഖ്യാപിച്ചത്. എ ടി എം മിഷനുകള്‍ പ്രവര്‍ത്തിക്കുന്ന സമയത്തിനും പരിധി ഏര്‍പ്പെടുത്തി. 

ഹിതപരിശോധനയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച ഗ്രീസിനെതിരെ സമ്മര്‍ദം ശക്തമാക്കി രാജ്യത്തെ ബാങ്കുകള്‍ക്കുള്ള അടിയന്തര വായ്പ നിര്‍ത്തിവെക്കാനുള്ള യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നീക്കത്തോടെയാണ് പ്രതിസന്ധി രൂക്ഷമായത്.ഗ്രീസിലെ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പണം ഇതോടെ ഇല്ലാതായിരിക്കുകയാണ്.

ഹിത പരിശോധനയ്ക്ക് മുമ്പ് തന്നെ ഗ്രീസിനെ വരുതിയില്‍ വരുത്താനുള്ള തയ്യാറെടുപ്പിലാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നീക്കമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, അന്താരാഷ്ട്ര നാണയനിധി എന്നിവ ചേര്‍ന്ന് പ്രഖ്യാപിച്ച കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ജനകീയാഭിപ്രായം തേടിയാണ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് ഹിതപരിശോധന പ്രഖ്യാപിച്ചത്. ഇന്നലെ ചേര്‍ന്ന ഗ്രീക്ക് പാര്‍ലമെന്റ് ഇതിന് അംഗീകാരവും നല്‍കിയിരുന്നു. ജൂലൈ അഞ്ചിനാണ് ഹിതപരിശോധന.

അന്താരാഷ്ട്ര നാണയനിധിക്ക് 180 കോടി ഡോളര്‍ അടച്ചുവീട്ടാനുള്ള അവധി ചൊവ്വാഴ്ച അവസാനിക്കുന്നതിന് മുന്നോടിയായാണ് പുതിയ സാമ്പത്തിക അച്ചടക്ക നടപടികള്‍ അടിച്ചേല്‍പിക്കാന്‍ യൂറോപ്യന്‍ യൂണി യന്‍ ശ്രമം നടത്തിയിരുന്നത്. ഇടതുപക്ഷാഭിമുഖ്യമുള്ള പ്രധാനമന്ത്രി സിപ്രാസ് ഇതിനെ മറികടക്കാന്‍ ഹിതപരിശോധന പ്രഖ്യാപിക്കുകയായിരുന്നു.
ജനവിധി അനുകൂലമാണെങ്കില്‍ രാജ്യാന്തര സമൂഹത്തിന്റെ സമ്മര്‍ദം മറികടക്കാനാവുമെന്നാണ് സിപ്രാസിന്റെ കണക്കുകൂട്ടല്‍.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ അടിയന്തര സഹായം മുടങ്ങിയതോടെ താത്കാലികമായി പോലും പ്രതിസന്ധി മറികടക്കാനാവാതെ ക്ലേശിക്കുകയാണ് ഗ്രീസ്.ഇത്തരം ഒരവസ്ഥ മുന്നില്‍കണ്ട് രാജ്യത്തെ ജനങ്ങള്‍ കഴിഞ്ഞദിവസങ്ങളിലായി ശതകോടികളാണ് ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചത്.

ഇതിനിടെ യൂറോപ്യന്‍ നേതാക്കളും ഗ്രീസിലെ ഇടതുപക്ഷ സര്‍ക്കാരും ചേര്‍ന്ന് ഒരുക്കുന്ന നാടകമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഒരു വിഭാഗം ഗ്രീക്ക് സാമ്പത്തിക വിദഗ്ദര്‍ കരുതുന്നുണ്ട്.

ഹിതപരിശോധനയില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ നികുതി കുത്തനെ വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കൂവെന്നു ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് അറിയിച്ചിരുന്നു. അന്താരാഷ്ട്ര നാണയനിധിയില്‍ നിന്ന് സ്വീകരിച്ച വായ്പ തിരിച്ചടയ്ക്കാനുള്ള അവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് പുതിയ നിബന്ധനകളുമായി യൂറോപ്യന്‍ യൂണിയനും ഐ.എം.എഫും എത്തിയത്. ഇരുവിഭാഗവും ധാരണയിലെത്തുന്ന പക്ഷം സാമ്പത്തിക സഹായ പാക്കേജിലെ ഒന്നാം ഗഡുവായി 180 കോടി ഡോളര്‍ നല്‍കാമെന്നാണു വാഗ്ദാനം. ഇത്രയും തുകയാണ് വായ്പ തിരിച്ചടവിനുള്ളത്.

സഹായം ലഭിച്ചില്ലെങ്കില്‍ തിരിച്ചടവ് മുടങ്ങുകയും ഗ്രീസ് യൂറോസോണില്‍ നിന്നു പുറത്തുപോവുകയും ചെയ്യുമെന്നാണ് പ്രചാരണം.സഹായം സ്വീകരിക്കണമെങ്കില്‍ ജനങ്ങളുടെ അനുമതി വേണം എന്നാണ് ഗ്രീക്കിലെ ഇടതു പക്ഷ സര്‍ക്കാര്‍ പറയുന്നത്.

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ന്നു തരിപ്പണമാവും മുമ്പ് യൂറോപ്യന്‍ യൂണിയന്റെ സഹായം വാങ്ങാനുള്ള അനുവാദം ജനങ്ങളില്‍ നിന്നും വാങ്ങണം എന്ന് ശഠിക്കുന്ന ഇടതു പക്ഷ സര്‍ക്കാരിന് നികുതി ഭാരം കൂട്ടാനുള്ള അനുമതി കൂടിയാണ് അത്.
യഥാര്‍ഥത്തില്‍ ഗ്രീക്കിലെ ജനങ്ങളെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം യൂറോപ്യന്‍ യൂണിയന്റെ ആവശ്യങ്ങളെ അംഗീകരിപ്പിക്കാനുള്ള അടവാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.കടബാധ്യതകള്‍ തുടരാന്‍ സര്‍ക്കാരല്ല ജനങ്ങളാണ് തീരുമാനിച്ചതെന്ന് മേനി പറയാനും തങ്ങളുടെ ഇടതുപക്ഷ മുഖം രക്ഷിക്കാനും സര്‍ക്കാരിന് കഴിയും.

ഹിത പരിശോധനയില്‍ ജന പിന്തുണ ലഭിച്ചില്ലെങ്കില്‍ ലിസ്ബണ്‍ ട്രീറ്റിയുടെ പേരില്‍ അയര്‍ലണ്ടില്‍ മുംബ് നടത്തിയ അതേ തന്ത്രം ഗ്രീക്കില്‍ വീണ്ടും നടത്താനും ഇടതുപക്ഷ സര്‍ക്കാരും യൂറോപ്യന്‍ നേതാക്കളും തീരുമാനിക്കുക തന്നെ ചെയ്യും.

Scroll To Top