Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ മരണപെട്ട മലയാളി ഡോക്റ്റര്‍ ബാലേന്ദ്രന്‍ ,തിരുവനന്തപുരം പേട്ട സ്വദേശിയെന്ന് തിരിച്ചറിഞ്ഞു

ഡബ്ലിനില്‍ മരണപെട്ട മലയാളി ഡോക്റ്റര്‍ ബാലേന്ദ്രന്‍ ,തിരുവനന്തപുരം പേട്ട സ്വദേശിയെന്ന് തിരിച്ചറിഞ്ഞു

ഡബ്ലിന്‍:ഡബ്ലിനില്‍ ഒരു മാസം മുമ്പ് മരണപ്പെട്ട മലയാളി ബാലേന്ദ്രന്‍ വേലായുധന്‍ തിരുവനന്തപുരം പേട്ട സ്വദേശിയെന്നു തിരിച്ചറിഞ്ഞു.ഇന്ത്യന്‍ എംബസി നടത്തിയ അന്വേഷണത്തിലാണ് ബാലേന്ദ്രനെ സംബന്ധിച്ച വിവരം ലഭ്യമായത്.ഡോക്റ്ററാണ് ഇദ്ദേഹം.എങ്ങനെ ഡബ്ലിനില്‍ എത്തി ചേര്‍ന്നു എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫിസില്‍ നിന്നുമാണ് ഇദ്ദേഹം പാസ്‌പോര്‍ട്ട് എടുത്തിട്ടുള്ളത്.ടി സി 30/ 1413 പേട്ട എന്ന മേല്‍വിലാസമാണ് പാസ്‌പോര്‍ട്ടിനായി ഇദ്ദേഹം നല്‍കിയിരിക്കുന്നത്.

ഇദ്ദേഹത്തിന്റെ മരണം സംഭവിച്ച് ഒരു മാസംതികഞ്ഞ ഇന്ന് പാസ്‌പോര്‍ട്ട് വിവരങ്ങള്‍ വെച്ചാണ് എംബസി അടിയന്തരമായി ഇദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത്.

പരേതനായ വേലായുധനും സാവിത്രിയുമാണ് ഡോ,ബാലേന്ദ്രന്റെ മാതാപിതാക്കള്‍.ഏതാനം സഹോദരങ്ങള്‍ തിരുവനന്തപുരത്ത് താമസിക്കുന്നുണ്ട് എന്നാണ് ലഭ്യമായ വിവരം.ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരുന്നു.
തലസ്ഥാനനഗരമായ ഡബ്ലിന്‍ സിറ്റി സെന്ററിലെ സെന്റ് അഗസ്റ്റിന്‍ സ്ട്രീറ്റിലാണ് ബാല്‍ എന്ന് വിളിക്കപ്പെടുന്ന ഡോ.ബാലേന്ദ്രന്‍ വേലായുധനെ 57 വയസുകാരനെ കാറിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയതെന്നാണ് ഗാര്‍ഡ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്.മാര്‍ച്ച് 12 ന് വൈകിട്ട് 7 മണിയോടെ ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു എന്നാണ് ഗാര്‍ഡ പറയുന്നത്.

മാര്‍ച്ച് 12 ന് തന്നെ പരേതന്റെ ഡ്രൈവിംഗ് ലൈസന്‌സും ഫോണും അടക്കമുള്ളവ ഗാര്‍ഡയ്ക്ക് ലഭിച്ചിരുന്നു. അതുപയോഗിച്ചു ബന്ധുക്കളെയോ പരിചയക്കാരെയോ കണ്ടു പിടിയ്ക്കമെന്നിരിക്കെ യാതൊരു അന്വേഷണവും നടത്താതെ പരേതന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെച്ച് ഗാര്‍ഡ അടക്കമുള്ള ഉദ്യോഗസ്ഥര്‍ മാറി നിന്നത് ആരെയും അമ്പരപ്പിക്കും വിധമായിരുന്നു.

ഗാര്‍ഡ വിവരം അറിയിച്ചപ്പോള്‍ മുതല്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസിയും,മലയാളി സംഘടനകളും,ഓണ്‍ ലൈന്‍ മാധ്യമങ്ങളും,ഏതാനം വ്യക്തികളും ഉണര്‍ന്നു പ്രവര്‍ത്തിച്ച് ബാലേന്ദ്രനെ സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയാന്‍ ശ്രമിച്ചെങ്കിലും ഐറിഷ് അധികൃതരില്‍ നിന്നും ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നില്ല.
എംബസിയിലെ ഉദ്യോഗസ്ഥര്‍ക്കാവട്ടെ ഇദ്ദേഹം ഇന്ത്യാക്കാരനാണ് എന്ന് ഉറപ്പ് വരുത്താതെ യാതൊരു നടപടി ക്രമങ്ങളിലേയ്ക്കും കടക്കാന്‍ ആവില്ലായിരുന്നു.മാത്രമല്ല ഇന്ത്യന്‍ എംബസിയില്‍ സൂക്ഷിച്ചിരുന്ന ഓ സി ഐ രേഖകള്‍ പ്രകാരം ഇദ്ദേഹം ഡബ്ലിനില്‍ നിന്നും ഓ സി ഐ കാര്‍ഡ് കരസ്ഥമാക്കിയിട്ടില്ലെന്നു മാത്രമാണ് എംബസി അധികൃതര്‍ക്ക് തിരച്ചിലിനൊടുവില്‍ മനസിലാക്കാന്‍ കഴിഞ്ഞത്.

എന്നാല്‍ ഇന്ന്  ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്  മിനുട്ടുകള്‍ക്കകം പരേതന്റെ മേല്‍വിലാസം കണ്ടെത്താന്‍ എംബസിയ്ക്ക് കഴിഞ്ഞു.’ഐറിഷ് മലയാളി’യിലൂടെ വാര്‍ത്ത വായിച്ച നിഷാദ് കാസിം എന്ന നേസിലെ മലയാളി യുവാവാണ് മരിച്ച ബാലേന്ദ്രന്‍ തിരുവനന്തപുരം സ്വദേശിയാണ് എന്ന വെളിപ്പെടുത്തലുമായി ആദ്യം രംഗത്തെത്തിയത്.അദ്ദേഹത്തിന്റെ കണ്ടെത്തല്‍ പൂര്‍ണ്ണമായും ശരിയായിരുന്നു എന്ന വിവരമാണ് ഇന്നത്തെ കണ്ടെത്തലിലൂടെ തെളിഞ്ഞിരിക്കുന്നത്.

Scroll To Top