Thursday May 24, 2018
Latest Updates

‘ബാലി’ന്റെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ ഡബ്ലിനിലെ പരിചയക്കാര്‍,തിരുവനന്തപുരത്തെ ബന്ധുക്കളെ തേടുന്നു

‘ബാലി’ന്റെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ ഡബ്ലിനിലെ പരിചയക്കാര്‍,തിരുവനന്തപുരത്തെ ബന്ധുക്കളെ തേടുന്നു

ഡബ്ലിന്‍:ഡബ്ലിന്‍ സിറ്റിയിലെ ഈസ്റ്റ് കോസ്റ്റ് ടെക്‌നിക്കല്‍ സര്‍വീസസിലെ ജീവനക്കാര്‍ ഒന്നടങ്കം ഞെട്ടലോടെയാണ് ആ വാര്‍ത്ത ഇന്നലെ രാവിലെ ശ്രവിച്ചത്.അവര്‍ ഏവര്‍ക്കും ചിരപരിചിതനായ ബാല്‍ മരിച്ചിരിക്കുന്നു.അതും അജ്ഞാതമായ കാരണങ്ങളാല്‍!.കഴിഞ്ഞ ഒരു മാസത്തോളമായി ആ സുഹൃത്തിന്റെ മൃതദേഹം ഡബ്ലിനിലെ മോര്‍ച്ചറിയില്‍ തിരിച്ചറിയാന്‍ പോലും ആരും എത്തിയിട്ടില്ലെന്ന വാര്‍ത്ത അവര്‍ക്ക് വിശ്വസിക്കാന്‍ പോലുമാകുന്നില്ല.

അവര്‍ കണ്ടിരുന്നത് എപ്പോഴും പുഞ്ചിരിക്കുന്ന ബാലി’ന്റെ മുഖമാണ്.മരണവാര്‍ത്ത കേട്ടപ്പോഴും മിക്കവരും ഓര്‍ത്തെടുത്തതും ബാലിന്റെ ആ പുഞ്ചിരി തന്നെയാണ്.

ഡബ്ലിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി ബാലേന്ദ്രന്‍ വേലായുധന്‍ മലയാളിതന്നെയാണെന്ന് തിരിച്ചറിഞ്ഞതും ഈസ്റ്റ് കോസ്റ്റിലെ സര്‍വീസ് എഞ്ചിനിയര്‍ ആയ ഒറ്റപ്പാലം സ്വദേശി നിഷാദ് കാസിമാണ്.

നിഷാദ് പറയുന്നത് ഇങ്ങനെയാണ് :’ഐറിഷ് മലയാളിയില്‍ മരണവാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചപ്പൊഴെ ശ്രദ്ധിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം ഫോട്ടോ പ്രസിദ്ധീകരിച്ചപ്പോഴാണു മരിച്ചത് ബാല്‍ എന്ന് തങ്ങള്‍ വിളിക്കുന്ന ബാലേന്ദ്രന്‍ വേലായുധനാണ് എന്ന് മനസിലായത്.രാത്രി വൈകിയാണ് ഫോട്ടോ കണ്ടത് എങ്കിലും സംശയം തീര്‍ക്കാന്‍ ഐറിഷ്‌കാരായ സഹപ്രവര്‍ത്തകര്‍ക്ക് അപ്പോള്‍ തന്നെ പടം സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയച്ചു കൊടുത്തു.കിട്ടിയ മറുപടികളിലെല്ലാം ഒരേ ഉത്തരമായിരുന്നു.ബാല്‍ …നമ്മുടെ ഉഷസ് കീ അപ്പാര്‍ട്ട്‌മെന്റിലെ കെയര്‍ ടേക്കര്‍.’

ഉറങ്ങാന്‍ കിടന്നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞില്ല.അത്ര ഉറ്റ ബന്ധം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും നല്ല പരിചയം ഉണ്ടായിരുന്നു.രണ്ടു വര്‍ഷം മുമ്പ് ആദ്യമായി കണ്ടപ്പോഴേ അദ്ദേഹം മലയാളിയാണെന്ന് എനിക്ക് ഉറപ്പായിരുന്നു.തിരുവനന്തപുരം സ്വദേശിയാണ് എന്ന് മലയാളത്തില്‍ പറഞ്ഞെങ്കിലും തുടര്‍ന്നും ഇംഗ്ലീഷിലാണ് സംസാരിച്ചത്.എന്നാല്‍ കൂടുതല്‍ തവണ ജോലി ആവശ്യങ്ങള്‍ക്ക് അവിടെ ചെന്നതോടെ മലയാളത്തിലായി സംസാരം’.നിഷാദ് ഓര്‍ക്കുന്നു.

ഡബ്ലിനിലെ ബാച്ചിലേഴ്‌സ് വാക്കില്‍ കൂടി എപ്പോഴും ബാല്‍ നടന്നു പോകുന്നത് കാണാമായിരുന്നു.ഒരു ബ്രാന്‍ഡ് മാര്‍ക്ക് പോലെ കാക്കി കലര്‍ന്ന ഒരു കോട്ട് ധരിച്ചിരിക്കും.കമ്പനി വാഹനം അകലെ കാണുമ്പോഴേ കൈയ്യുയര്‍ത്തി എപ്പോഴും അഭിവാദ്യം ചെയ്യാറുണ്ടായിരുന്നു ബാല്‍.എങ്കിലും ഡബ്ലിനില്‍ അയാള്‍ക്കുണ്ടായിരുന്ന ഏക മലയാളി സുഹൃത്ത് താനാണ് എന്ന് തോന്നിയിട്ടുണ്ട് എന്നും നിഷാദ് പറയുന്നു.

മിക്കപ്പോഴും ഒറ്റയ്ക്കായിരുന്നു ബാലിന്റെ നടപ്പ്.ബാലിനെ വാഹനം ഉപയോഗിച്ചു കണ്ടിട്ടില്ലെന്നാണ് കമ്പനിയിലെ ബാക്കിയുള്ള ജീവനക്കാരും പറയുന്നത്.’സര്‍വീസിനായി ഞങ്ങള്‍ എത്തുമ്പോള്‍ ബാല്‍ വീട്ടിലാണെങ്കില്‍ പത്തു മിനിട്ടിനകം ബാല്‍ നടന്നെത്തുകയായിരുന്നു പതിവ്.

മാര്‍ച്ച് 11 നാണ് കമ്പനിയിലെ മറ്റൊരു സര്‍വീസ് എഞ്ചിനിയര്‍ ഏറ്റവും അവസാനം അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയത്.അന്ന് തീരെ അവശനായിരുന്നു ബാല്‍ എന്നാണ് അയാളുടെ വെളിപ്പെടുത്തല്‍.സ്റ്റെപ്പ് കയറാന്‍ പോലും നന്നേ വിഷമിച്ചിരുന്നു അദ്ദേഹം.വസ്ത്രങ്ങളും വളരെ മുഷിഞ്ഞ അവസ്ഥയില്‍ ആയിരുന്നുവെന്നാണ് എഞ്ചിനിയറുടെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ നല്‍കുന്ന പുതിയ വിവരം അനുസരിച്ച് ബാലേന്ദ്രന്‍ വേലായുധന്‍ മാര്‍ച്ച് 12 നു മരണപ്പെട്ടതായാണ് ഗാര്‍ഡ എംബസിയെ അറിയിച്ചിരിക്കുന്നത്.(മാര്‍ച്ച് 17 ന് മരണപ്പെട്ടതാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍)

സാധാരണയായി ബാല്‍ വാഹനം ഓടിക്കാറില്ലായിരുന്നു എന്ന് പറയുന്നുണ്ടെങ്കിലും വാഹനത്തില്‍ അത്യാസന്ന നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു ഗാര്‍ഡ എന്നാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍.

ഏതാനം മാസങ്ങളായി ബാലിനൊപ്പം ഇന്ത്യാക്കാരന്‍ എന്ന് കരുതപ്പെടുന്ന ഒരു സഹായി എപ്പോഴും കൂടെ ഉണ്ടായിരുന്നതായി പരിചയക്കാര്‍ ഓര്‍ക്കുന്നു.ഏറ്റവും അവസാനം മാര്‍ച് 11 നും സഹായി ഒപ്പം ഉണ്ടായിരുന്നു.ഇയാളെ ചോദ്യം ചെയ്താലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും.

ബാലിനൊപ്പം വര്‍ഷങ്ങളായി താമസിച്ചിരുന്ന സ്ത്രീ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു എന്ന് മാത്രമല്ല ഇദ്ദേഹത്തെ കുറിച്ചു പരാമര്‍ശിക്കാന്‍ പോലും തയാറല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.ഐറിഷ് വംശജയായ ഈ സ്ത്രീ നിയമവകുപ്പ് ഉദ്യോഗസ്ഥയാണ്.

മരിച്ചത് ബാലാണ് എന്ന് തിരിച്ചറിഞ്ഞ നിഷാദ് കാസിം അടക്കമുള്ള ഈസ്റ്റ് കോസ്റ്റിലെ ജീവനക്കാര്‍ ബാലിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇന്നലെ ശ്രമിച്ചെങ്കിലും തങ്ങളുടെ ഇടപാടുകാരി കൂടിയായ സ്ത്രീയുടെ സ്വകാര്യാവകാശങ്ങളില്‍ ഇടപെടേണ്ട എന്നായിരുന്നു കമ്പനിയുടെ നിലപാട്.

ഇതോടെ മലയാളി സാമൂഹ്യപ്രവര്‍ത്തകരാരെങ്കിലും ഇടപെടുകയാണെങ്കില്‍ അധികൃതരോട് അറിയാവുന്ന വിവരങ്ങള്‍ പങ്കു വെക്കാമെന്നു നിഷാദ് അറിയിച്ചെങ്കിലും അതിനുള്ള ഒരു സംവിധാനവും ഇന്നലെ വൈകിട്ട് വൈകിയും ഉണ്ടായിട്ടില്ല.ഇന്നും നാളെയും കാര്യമായ ഇടപെടലുകള്‍ ഉണ്ടാവില്ല.കേരളത്തിലെ ചില മാധ്യമങ്ങളും ബാലെന്ദ്രന്റെ മരണം സംബന്ധിച്ച വാര്‍ത്തകള്‍ നല്കിയിട്ടുള്ളതിനാല്‍ തിരുവനന്തപുരത്തുള്ള ഇയാളുടെ ബന്ധുക്കളും അടുത്ത ദിവസങ്ങളില്‍ അധികൃതരുമായി ബന്ധപ്പെട്ടേക്കാം.

RELATED NEWS

ഡബ്ലിനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയയാള്‍ മലയാളിയെന്ന് സൂചനകള്‍:ഇരുപത് ദിവസം കഴിഞ്ഞിട്ടും വേലായുധന്റെ ഫോണ്‍ പോലും പരിശോധിക്കാതെ അധികൃതര്‍

http://irishmalayali.com/unidentified-body-malayali-dublin-news/

Scroll To Top