Monday February 19, 2018
Latest Updates

ഡബ്ലിനിലെ മലയാളി ഡോ.സുജാ സോമനാഥിന് ഗവേഷണത്തിനുള്ള ഐഎന്‍ എം ഓ യുടെ മികച്ച അവാര്‍ഡ്

ഡബ്ലിനിലെ മലയാളി ഡോ.സുജാ സോമനാഥിന് ഗവേഷണത്തിനുള്ള ഐഎന്‍ എം ഓ യുടെ മികച്ച അവാര്‍ഡ്

ഡബ്ലിന്‍:അയര്‍ലണ്ടിലെ നഴ്സുമാരുടെ സംഘടനയായ ഐഎന്‍എംഓ റിസര്‍ച്ച് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഴ്സിംഗ് പ്രൊഫഷനിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ ഉന്നത ബഹുമതിയായ സി ജെ കോള്‍മാന്‍ അവാര്‍ഡ് മലയാളിയായ കോട്ടയം തെങ്ങണ സ്വാദേശി ഡോ.സുജാ സോമനാഥിന്.

ജീവനു ഭീഷണിയാകുന്ന മ്യൂകോപോളിസാക്കറൈഡോസസ് എന്ന അപൂര്‍വ്വ ജനിതക രോഗമുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും രക്ഷിതാക്കളെക്കുറിച്ചുനടത്തിയ റിസേര്‍ച്ചാണ് സി ജെ കോള്‍മാന്‍ അവാര്‍ഡിന് സുജാ സോമനാഥിനെ അര്‍ഹയാക്കിയത്.

കഴിഞ്ഞ ദിവസം വെക്‌സ്‌ഫോര്‍ഡില്‍ നടന്ന ഐ എന്‍എം ഓ വാര്‍ഷിക സമ്മേളനത്തില്‍ ഐഎന്‍ എംഓ പ്രസിഡണ്ട് മാര്‍ട്ടിന ഹാര്‍കിന്‍സ് കെല്ലി ഡോ.സുജാ സോമനാഥിന് അവാര്‍ഡ് സമ്മാനിച്ചു.

നിലവില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ള മ്യൂകോപോളിസാക്കറൈഡോസസ് ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുമായി 17 മാസക്കാലത്തിലധികം ഏറെ തവണ അഭിമുഖം നടത്തിയാണ് റിസേര്‍ച്ച് പൂര്‍ത്തിയാക്കിയത്.അപൂര്‍വ്വ ജനിതക രോഗവുമായി ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍, അപൂര്‍വ്വ രോഗത്തിന്റെ വിഷമതകള്‍, എംപിഎസിനൊപ്പമെത്തുന്ന മറ്റു രോഗങ്ങള്‍, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ, വീടും ആശുപത്രിയുമായി കഴിയുന്നതിന്റെ ബുദ്ധുമുട്ടുകള്‍, ദുഷ്‌ക്കരമാകുന്ന തുടര്‍ ജീവിതം, ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങി എംപിഎസ് ബാധിതരുടെ വിവിധ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ പഠനം സഹായകമായി.

എംപിഎസ് രോഗം നിര്‍ണ്ണയിക്കപ്പെട്ട കുട്ടികളുടെയും കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും രക്ഷിതാക്കളുടെ അനുഭവങ്ങള്‍ അന്വേഷിക്കുന്ന ആദ്യത്തെ പഠനമാണിത്.ഇതേ റിസേര്‍ച്ചിനു തന്നെയാണ് ഡോ.സുജയ്ക്ക് ഈ വര്‍ഷമാദ്യം ഡോക്റ്ററേറ്റും ലഭിച്ചത്.

കഴിഞ്ഞ സെപ്തംബറില്‍ ഐറിഷ് പീഡിയാട്രിക്കിന്റെയും അമേരിക്കന്‍ സൊസൈറ്റി ഓഫ് പീഡിയാട്രിക്‌സിന്റെയും റെയര്‍ ഡിസീസ് റിസര്‍ച്ച് അവാര്‍ഡ്, 2016 ഡിസംബറില്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീംഗ് വിഭാഗത്തില്‍ എച്ച്എസ്ഇയുടെ ഓപ്പണ്‍ ആക്‌സസ് റിസര്‍ച്ച് അവാര്‍ഡും ഡോ. സുജ കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ടെംപിള്‍ സ്ട്രീറ്റ് ഹോസ്പിറ്റലില്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് ഫെസിലിറ്റേറ്ററായ ജോലി ചെയ്തു വരുന്ന സുജ 150 ലധികം പേഷ്യന്റ് ക്വാളിറ്റി ആന്‍ഡ് സേഫ്റ്റി പ്രൊജക്ടുകളിലും നിരവധി അന്താരാഷ്ട്ര ഗവേഷണങ്ങളിലും പങ്കാളിയാണ്. ആര്‍സിഎസ്‌ഐയില്‍ ഹോണററി ക്ലിനിക്കല്‍ അസോസിയേറ്റായും യുസിഡിയില്‍ ഒക്യുപേഷണല്‍ ലെക്ചററായും സുജ പ്രവര്‍ത്തിക്കുന്നു.

അയര്‍ലണ്ടില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന കൊല്ലം മയ്യനാട് സ്വദേശി മഹേഷ് മധുസൂദനനാണ് ഡോ. സുജയുടെ ഭര്‍ത്താവ്. എട്ടു വയസുള്ള ആര്യനാണ് മകന്‍.

Scroll To Top