Tuesday May 23, 2017
Latest Updates

ഓഡിയുടെ അത്യാഡംഭര വാഹനം ആര്‍എസ്6 അവാന്റ് ഇന്ത്യന്‍ വിപണിയിലെത്തി

ഓഡിയുടെ അത്യാഡംഭര വാഹനം ആര്‍എസ്6 അവാന്റ് ഇന്ത്യന്‍ വിപണിയിലെത്തി

ഓഡി ആര്‍എസ്6 അവാന്റ് ഇന്ത്യന്‍ വിപണിയിലെത്തി. രാജ്യത്ത് പെര്‍ഫോമന്‍സ് സ്റ്റേഷന്‍ വാഗണ്‍ വിഭാഗത്തില്‍ അവതരിപ്പിക്കപ്പെടുന്ന ആദ്യത്തെ വാഹനമാണിത്. ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നതിനായുള്ള ഓഡിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വാഹനത്തിന്റെ വിപണി പ്രവേശനം.

നിലവില്‍ ഈ സെഗ്മെന്റില്‍ എതിരാളികളൊന്നുമില്ല എന്നത് ഓഡിക്ക് വില്‍പനയില്‍ മുതല്‍കൂട്ടാവും. കാഴ്ച്ചയിലെ മനോഹാരിതക്കൊപ്പം പ്രകടനമികവിനു കൂടി മുന്‍തൂക്കം നല്‍കിയാണ് വാഹനം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗതയെടുക്കാന്‍ വെറും നാലു സെക്കന്റ് കൊണ്ടു തന്നെ അവാന്റിനു സാധിക്കും. പരമാവധി വേഗത 250 കിലോമീറ്ററാണ്. പ്രത്യേകം ഓര്‍ഡര്‍ ചെയ്ത് ഇത് വര്‍ദ്ധിപ്പിക്കുകയുമാവാം.

4 ലിറ്റര്‍ ശേഷിയോടെ ഇരട്ട ടര്‍ബോ എഞ്ചിനാണ് വാഹനത്തിനു നല്‍കിയിട്ടുള്ളത്. 700 എന്‍ എം ടോര്‍ക്കും, 552 എച് പി പവറും എട്ടു സ്പീഡ് ഗിയര്‍ ബോക്‌സ് ഘടിപ്പിക്കപ്പെട്ട ഈ എഞ്ചിന് ഉത്പാദിപ്പിക്കാനാവും. വാഹനത്തിന്റെ നിസ്സീമമായ കരുത്തിനൊപ്പം ആഡംബരങ്ങളില്‍ ഒട്ടും കുറവല്ലാത്ത സ്‌റ്റൈലും, ഇന്റീരിയറും കൂടി ചേരുന്നതോടെ പ്രീമിയം വാഹനങ്ങളോട് അഭിനിവേശം കാണിച്ചു തുടങ്ങിയ ഇന്ത്യന്‍ വിപണി വാഹനത്തിന് എളുപ്പത്തില്‍ കീഴടക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡല്‍ഹി എക്‌സ് ഷോറൂം നിരക്കുകള്‍ പ്രകാരം 1.35 കോടി രൂപയായിരിക്കും ഓഡി ആര്‍എസ്6 അവാന്റിന് ഇന്ത്യയില്‍ വില.

Scroll To Top