Wednesday December 07, 2016
Latest Updates

ആസ്‌ട്രേലിയന്‍ മലയാളിയുടെ മരണം കൊലപാതകം തന്നെ,പ്രതികള്‍ ഭാര്യയും കാമുകനും

ആസ്‌ട്രേലിയന്‍ മലയാളിയുടെ മരണം കൊലപാതകം തന്നെ,പ്രതികള്‍ ഭാര്യയും കാമുകനും

മെല്‍ബണ്‍ :കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയിലെ മെല്‍ബണിനടുത്ത എപ്പിങ്ങില്‍വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്ന് കരുതപ്പെട്ടിരുന്ന സാം എബ്രഹാമിന്റെ (34) മരണം സ്വന്തം ഭാര്യയും, കാമുകനും ചേര്‍ന്ന് നടത്തിയ ആസൂത്രിതമായ കൊലപാതകമായിരുന്നെന്നു പോലീസ് കണ്ടെത്തി.ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് ഭാര്യ സോഫി നല്‍കിയ മൊഴി പരിഗണിച്ച പോലീസ് മരണശേഷം മാസങ്ങളോളം സോഫിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

ഭാര്യയും കാമുകനും കൂടി ഭക്ഷണത്തില്‍ സയനൈഡ് നല്‍കി ആസൂത്രിതമായി സാമിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. ഇതിനു മുന്‍പും പല തവണ സാമിനെ അപായപ്പെടുത്തുവാന്‍ ഭാര്യ സോഫി പലശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊലപ്പെടുത്തുവാന്‍ തയ്യാറായതെന്നും സോഫി പോലീസില്‍ കുറ്റസമ്മതം നടത്തിയതായും പോലീസ് അറിയിച്ചു. നല്ലൊരു ഗായകന്‍ കൂടിയായ സാം എബ്രഹാം എപ്പിംഗിലെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. അതുകൊണ്ടുതന്നെ ഒന്‍പതു മാസങ്ങള്‍ക്കു ശേഷം അവിശ്വസനീയമായ ഈ കൊലപാതകവാര്‍ത്ത അറിഞ്ഞ സാമിന്റെ സുഹൃത്തുക്കളും, മലയാളി സമൂഹവും വിറങ്ങലിച്ചു നില്‍ക്കുകയാണ്.
കൊലപാതകം നടത്തുവാന്‍ സോഫിയയെ സഹായിച്ച കാമുകന്‍ 34 വയസ്സുള്ള അരുണ്‍ കമലാസനനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ കഴിഞ്ഞ വര്‍ഷം ജൂലൈ മാസം സാമിനെ കാറിനുള്ളില്‍ പതിയിരുന്നു കുത്തിക്കൊല്ലുവാനും ശ്രമിച്ചിരുന്നെന്നും പോലീസ് പറഞ്ഞു. സിനിമാ കഥയെപ്പോലും വെല്ലുന്ന ക്രിമിനല്‍ നടപടികളാണ് പ്രതികള്‍ നടത്തിയതെന്ന് പോലീസ് കോടതിയില്‍ അറിയിച്ചു. സാം മരിച്ച ദിവസം രാത്രിയില്‍ സോഫിയയുടെ കാമുകന്‍ അരുണ്‍ സാമിന്റെ വീട്ടില്‍ എത്തിയതിന്റെ തെളിവുകളും നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. മാസങ്ങളോളം പ്രതികള്‍ നടത്തിയ മലയാളത്തിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്‌തെടുത്തണ് പോലീസ് കേസിന്റെ ചുരുളഴിച്ചത്. കേസ് കൂടുതല്‍ വിചാരണക്കായി അടുത്തവര്‍ഷം ഫെബ്രുവരിയിലേക്ക് അവധിക്കു വച്ചിരിക്കുകയാണ്.

മെല്‍ബണിലെ യു.എ.ഇ എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനായിരുന്ന സാം എബ്രഹാം (34) പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ വീട്ടിലെ മുന്‍ യു.എ.ഇ ജീവനക്കാരനായിരുന്ന എ.എസ്.എബ്രഹാമിന്റെയും, ലീലാമ്മ എബ്രഹാമിന്റെയും മകനായിരുന്നു. മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ എപ്പിംഗിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് 4 വയസ്സുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നു. വളരെ സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവര്‍ക്കും സുപരിചിതനായ സാമിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് എപ്പിങ്ങിലെയും, മെല്‍ബനിലെയും മലയാളികള്‍ അന്ന് സ്വീകരിച്ചത്. നല്ലൊരു ഗായകന്‍ കൂടിയായ സാം എപ്പിങ്ങിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു. കരവാളൂര്‍ ബഥേല്‍ മാര്‍ത്തോമ്മ യുവജന സഖ്യത്തിന്റെ മുന്‍ സെക്രട്ടറിയുമായിരുന്നു

കടപ്പാട് :ആസ്‌ട്രേലിയന്‍ ന്യൂസ് ഏജന്‍സി

Scroll To Top