Monday December 05, 2016
Latest Updates

പഞ്ചാബിലെ വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം:ഭീകരര്‍ എത്തിയത് സൈനീക വേഷത്തില്‍ 

പഞ്ചാബിലെ വ്യോമസേനാ താവളത്തില്‍ ഭീകരാക്രമണം:ഭീകരര്‍ എത്തിയത് സൈനീക വേഷത്തില്‍ 

ന്യൂഡല്‍ഹി : പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ താവളത്തിലെ ഭീകരാക്രമണം അവസാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ വീണ്ടും വെടിവയ്പ്പ്.
സംഘത്തില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടാകാമെന്നും അവര്‍ ആക്രമണ സജ്ജരാണെന്നുമാണ് ഇപ്പോള്‍ സംശയിക്കുന്നത്.
ഭീകരര്‍ ആരെങ്കിലും ശേഷിച്ചിട്ടുണ്ടോ എന്നറിയാനായി തിരച്ചില്‍ നടത്തുന്നതിനിടെ, സ്ഥലത്ത് രണ്ട് ഉഗ്രസ്‌ഫോടനങ്ങളുണ്ടായി. ഇതിനു പിന്നാലെയാണ് വീണ്ടും വെടിവയ്പ്പുണ്ടായത്. രൂക്ഷമായ വെടിവയ്പ്പ് തുടരുകയാണ്.
ഇതിനിടെ, മരിച്ച വ്യോമസേനാംഗങ്ങളുടെ എണ്ണം മൂന്നായി. വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഒരു ഭടന്‍ കൂടി മരിക്കുകയായിരുന്നു.
നാലു ഭീകരരെ സേന വകവരുത്തിയിട്ടുണ്ട്. മറ്റു രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് വീണ്ടും വെടിവയ്പ്പുണ്ടായത്.
രാവിലെ എട്ടു മണിയോടെയാണ് ആദ്യഘട്ട വെടിവയ്പ്പ് അവസാനിച്ചത്. അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് വ്യോമതാവളം. സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയത്.
* ഗുരുദാസ്പുരില്‍ പൊലീസ് സൂപ്രണ്ടിനെ ആക്രമിച്ച് അദ്ദേഹത്തിന്റെ കാറും സെല്‍ ഫോണും ഭീകരര്‍ തട്ടിയെടുക്കുകയായിരുന്നു. ഈ വാഹനത്തിലാണ് ഭീകരര്‍ വ്യോമതാവളത്തില്‍ എത്തിയത്.
* തട്ടിയെടുത്ത ഫോണില്‍ ഭീകരര്‍ പാകിസ്ഥാനിലെ കേന്ദ്രത്തിലേക്കു വിളിച്ചിരുന്നു. സംഭവം അറിഞ്ഞുടന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ അതീവശ്രദ്ധയിലായിരുന്നു. ഫോണില്‍ നിന്നു പാകിസ്ഥാനിലേക്കു പോയ വിളികള്‍ നിരീക്ഷിച്ചതോടെ, ഭീകരാക്രമണം നടക്കുമെന്ന് വിവരം കിട്ടിയിരുന്നു. താവളം മാത്രം വ്യക്തമല്ലായിരുന്നു. ഇതനുസരിച്ച് എല്ലാ കേന്ദ്രങ്ങളിലേക്കും മുന്നറിയിപ്പു പോയിരുന്നതിനാല്‍ ഭീകരരെ നേരിടാന്‍ സേന ജാഗ്രതയിലായിരുന്നു.

* പത്താന്‍കോട്ടിലെ വ്യോമതാവളത്തില്‍ കടന്നെത്തിയ ഭീകരര്‍ അവിടെ ഉപയോഗിക്കപ്പെടാതെ കിടന്ന ഒരു മന്ദിരത്തിലേക്കാണ് കയറിയത്. അവിടം സുരക്ഷിത താവളമാക്കിക്കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു.

* താവളത്തിലെ വ്യോമസേനാ വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും സമീപമായിരുന്നു വെടിവയ്പ്പ് നടന്നത്. വിമാനങ്ങള്‍ക്ക് കേടുപാടുണ്ടെന്ന് ആദ്യ റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും എല്ലാം സുരക്ഷിതമാണെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.

* ഭീകരാക്രമണത്തെക്കുറിച്ച് വിവരം കിട്ടി വെളുപ്പിനു തന്നെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് എന്‍എസ്ജി കമാന്‍ഡോകളെയും സേനയേയും ആക്രമണ സ്ഥലത്തേയ്ക്ക് അയച്ചു.

* ഭീകരര്‍ ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയിലെ അംഗങ്ങളാണെന്നും പാകിസ്ഥാനിലെ ഭവല്‍പുരില്‍ നിന്നുള്ളവരാണെന്നും കണ്ടെത്തി.
* ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മുചണ്ഡിഗഢ് പാതയില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം കൊടുത്തു.

Scroll To Top