Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ എ ടി എം തട്ടിപ്പുകള്‍ കൂടുന്നു :ജാഗ്രത വേണമെന്ന് വിദഗ്ദര്‍ 

അയര്‍ലണ്ടില്‍ എ ടി എം തട്ടിപ്പുകള്‍ കൂടുന്നു :ജാഗ്രത വേണമെന്ന് വിദഗ്ദര്‍ 

ഡബ്ലിന്‍ :കവര്‍ച്ചക്കാരുടെ ശല്യം കൂടിയതോടെ എടിഎം ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. എടിഎമ്മിന്റെ പിന്‍ നമ്പര്‍ മോഷ്ടാക്കള്‍ കണ്ടുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഫ്‌ലിര്‍ വണ്‍ അടക്കമുള്ള തെര്‍മല്‍ ഹീറ്റിങ് സംവിധാനം ഉപയോഗിച്ച് മോഷ്ടാക്കള്‍ പിന്‍ നമ്പര്‍ കണ്ടെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്‌ലിര്‍ വണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് എടിഎം നമ്പറുകള്‍ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളിലേക്ക് പകര്‍ത്താനാകും.

എടിഎം ഉപയോഗിച്ച് പോകുന്നവര്‍ ഉപേക്ഷിക്കുന്ന ഹീറ്റ് സിഗ്‌നേച്ചര്‍ ഒപ്പിയെടുത്ത് നിങ്ങളുടെ പിന്‍ നമ്പര്‍ മോഷ്ടാക്കള്‍ തിരിച്ചറിയുന്നു. കഴിഞ്ഞ മാസം ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഇത് വ്യാപിക്കാനിടയുണ്ടെന്നും ഓണ്‍ലൈന്‍ സെക്യൂരിറ്റി കമ്പനിയായ ലന്‍.ഐഇയുടെ ഡയറക്ടര്‍ ടോം ഒ കോണര്‍ മുന്നറിയിപ്പ് നല്‍കി. പ്ലാസ്റ്റിക് ബട്ടണുള്ള എടിഎമ്മുകളിലാണ് ഹീറ്റ് സിഗ്‌നേച്ചര്‍ സംവിധാനം കൂടുതല്‍ നേരം നില്‍ക്കുക. അധികം ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും ഇതില്‍ നടപടി എടുത്തിട്ടില്ല.

ഉപയോക്താക്കളില്‍ നിന്നും എടിഎം കാര്‍ഡ് മോഷ്ടിച്ച ശേഷമാണ് പിന്നീട് മോഷണം നടത്തുക. അല്ലെങ്കില്‍ റേഡിയോ ഫ്രീക്വെന്‍സി ഐഡെന്റിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് കാര്‍ഡിന്റെ വിവരങ്ങള്‍ ശേഖരിച്ചും കവര്‍ച്ച നടത്തുന്നു.

ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ചില മുന്‍കരുതലകള്‍ പാലിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പിന്‍ നമ്പര്‍ ഡയല്‍ ചെയത് പണമെടുത്ത ശേഷം കുറച്ചു സമയം മറ്റു നമ്പറുകളില്‍ മെല്ലെ സ്പര്‍ശിക്കുന്നത് ഇത്തരം കവര്‍ച്ചകള്‍ ഒഴിവാക്കാന്‍ സഹായിക്കും. പ്ലാസ്റ്റിക് കീപാഡുള്ള എടിഎമ്മുകളില്‍ പ്രത്യേകിച്ചും ഇങ്ങനെ ചെയ്യണം. കൂടാതെ എടിഎം കാര്‍ഡുകള്‍ അതീവ ശ്രദ്ധയോടെ സൂക്ഷിക്കണം. ഇവ നഷ്ടപ്പെട്ടാല്‍ ബാങ്ക് അധികൃതരേയോ കാര്‍ഡ് കമ്പനികളെയോ ഉടന്‍ വിവരമറിയിക്കണം.

Scroll To Top