Monday May 21, 2018
Latest Updates

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തേയ്ക്ക് തന്നെ,ബ്രെക്‌സിറ്റ് പക്ഷം വിജയിച്ചു

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തേയ്ക്ക് തന്നെ,ബ്രെക്‌സിറ്റ് പക്ഷം വിജയിച്ചു

ലണ്ടന്‍: ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ ബ്രിട്ടീഷ് ജനത ആ തീരുമാനമെടുത്തുകഴിഞ്ഞിരിയ്ക്കുന്നു… ഇനി യൂറോപ്യന്‍ യൂണിയനില്‍ തുടരേണ്ടതില്ല. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം എന്ന് ആവശ്യപ്പെടുന്ന ബ്രെക്‌സിറ്റിന് നേരിയ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. .

52 ശതമാനം വോട്ടുകളാണ് ബ്രെക്‌സിറ്റ് നേടിയത്. യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്ന് ആവശ്യപ്പെടുന്ന റിമെന്‍ വിഭാഗക്കാര്‍ക്ക് കിട്ടിയത് 48ശതമാനം വോട്ടുകളാണ്. വെറും 3.2 ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ എന്നതും ശ്രദ്ധേയമാണ്.BREAA

എന്തായാലും ബ്രിട്ടന്റെ തീരുമാനം ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചേയ്ക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ച് പിന്തുണച്ചിട്ടും റിമെയ്ന്‍ വിഭാഗം തോറ്റുപോയത് ബ്രിട്ടനില്‍ പുതിയ ചര്‍ച്ചയ്ക്കും വഴിവച്ചിട്ടുണ്ട്.

ആദ്യഫലം വന്ന സണ്ടര്‍ലാന്‍ഡിലുള്ള 61.3 ശതമാനം പേരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെയാണ് അനുകൂലിച്ചത്. 38.7ശതമാനം പേര്‍ മാത്രമാണ് തുടരാനുള്ള തീരുമാനത്തിനൊപ്പം നിന്നത്. എന്നാല്‍ ന്യൂകാസിലില്‍ ആകട്ടെ യൂണിയനില്‍ തുടരണമെന്നാവശ്യപ്പെടുന്നവരാണ് ജയിച്ചത്.പിന്നീട് വന്ന ഓരോ ഫലങ്ങളും ഇഞ്ചോടിഞ്ചു പൊരുതുന്ന വാശിയുടെ സൂചകമായിരുന്നു.
പ്രാദേശികസമയം രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തിനാണ് അവസാനിച്ചത്. 12 ലക്ഷം ഇന്ത്യക്കാരടക്കം ഏതാണ്ട് 4.6 കോടി പേരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്. 28 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന ഒറ്റ ചോദ്യമായിരുന്നു ബാലറ്റ്‌പേപ്പറിലുണ്ടായിരുന്നത്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ വിടാനാണ് തീരുമാനമെങ്കില്‍ നടപ്പാകാന്‍ രണ്ടുവര്‍ഷമെടുക്കും. അതുവരെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ കമ്മിഷന്റെയും യൂറോപ്യന്‍ കോര്‍ട്ട് ഒഫ് ജസ്റ്റിസിന്റെയും തീരുമാനങ്ങള്‍ ബ്രിട്ടന് ബാധകമാകും. തുടരാനാണ് തീരുമാനമെങ്കില്‍ ബ്രിട്ടനെ ഒപ്പം നിറുത്താനായി കൊണ്ടുവന്ന പ്രത്യേകാധികാരങ്ങളും പദവിയും ലഭിച്ചുതുടങ്ങും.
ബ്രെക്‌സിറ്റ് (ബ്രിട്ടന്‍ എക്‌സിറ്റ്) സംബന്ധിച്ച് ഉടലെടുത്ത സംവാദങ്ങള്‍ കടുത്ത ഭിന്നിപ്പിലേക്ക് നയിച്ചതോടെയാണ് ഹിതപരിശോധനയിലേക്ക് ബ്രിട്ടന്‍ നീങ്ങിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് വരണമെന്ന് ആവശ്യപ്പെടുന്നവര്‍ ശക്തമായ പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന ‘ലീവ്’ ക്യാമ്പെയ്‌നുകള്‍ക്ക് നേതൃത്വം നല്‍കിയത് ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും മിഖായേല്‍ ഗോവും (സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ജസ്റ്റിസ്) ആണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നല്ലൊരു ശതമാനം പേരുടെ പിന്തുണ ലീവ് ക്യാമ്പെയ്‌ന് നേടാനായിട്ടുണ്ട്.
ബ്രിട്ടീഷ് പാര്‍ലമെന്റിന് പരമാധികാരം കൊണ്ടുവരാനാകുമെന്നും കുടിയേറ്റങ്ങള്‍ നിയന്ത്രിക്കാനാകുമെന്നുമാണ് ഇവര്‍ ഉയര്‍ത്തിയ വാദം.അഭയാര്‍ത്ഥി പ്രതിസന്ധി അടക്കം പ്രശ്‌നങ്ങള്‍ കുടിയേറ്റ നിയന്ത്രണത്തിലൂടെ തടയാനാകുമെന്ന പ്രചരണവും ഇവര്‍ ഉയര്‍ത്തി.

43 വര്‍ഷത്തെ കൂട്ടായ്മയാണ് ഒരൊറ്റ ദിവസം കൊണ്ട് ബ്രിട്ടിഷ് ജനത വേണ്ടെന്നു വെച്ചത്.ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ അത് സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്നാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്തുപോയാല്‍ പൗണ്ടിന്റെ മൂല്യം ഇടിയുകയും ഓഹരി വിപണികളില്‍ വന്‍ ചലനം സൃഷ്ടിക്കുകയും ചെയ്യും.

ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു

യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പുറത്തുപോയതിനു പിന്നാലെ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു. തന്റെ അഭിപ്രായത്തില്‍നിന്നു വിഭിന്നമായി ജനവിധിയുണ്ടായ സാഹചര്യത്തില്‍ അമരക്കാരനായി നില്‍ക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് കാമറോണ്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള 52 ശതമാനം ജനങ്ങളുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം ബ്രിട്ടന്‍ സാമ്പത്തികമായി ഭദ്രമാണെന്നും പറഞ്ഞു.ഒക്ടോബറില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും.

Scroll To Top