Sunday December 11, 2016
Latest Updates

സഭയ്ക്കുള്ളില്‍ നിലപാട് കടുപ്പിച്ച് ഇരുപക്ഷവും; നടപടികള്‍ വെട്ടിക്കുറച്ച് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

സഭയ്ക്കുള്ളില്‍ നിലപാട് കടുപ്പിച്ച് ഇരുപക്ഷവും; നടപടികള്‍ വെട്ടിക്കുറച്ച് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം; മാണിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതോടെ പ്രക്ഷുബ്ദമായ സഭ നടപടിക്രമങ്ങള്‍ വെട്ടിക്കുറച്ച് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. വനിതാ എംഎല്‍എമാരെ അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, സസ്‌പെന്‍ഡ് ചെയ്ത എംഎല്‍എമാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടത്തുളത്തില്‍ ഇറങ്ങിയതോടെ ചോദ്യോത്തരവേളയും ശൂന്യവേളയും ശ്രദ്ധക്ഷണിക്കലും റദ്ദാക്കി. തുടര്‍ന്ന് സുപ്രധാന ബില്ലുകള്‍ പാസ്സാക്കി സഭയുടെ മേശപ്പുറത്തു വെയ്ക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സഭ പിരിയാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കുകയും സ്പീക്കര്‍ അനുമതി നല്‍കുകയും ചെയ്തു. ഏപ്രില്‍ ഒന്‍പതു വരെയാണ് സഭാ സമ്മേളനം തീരുമാനിച്ചിരുന്നത്.

മിനിറ്റുകള്‍ മാത്രമാണ് ഇന്ന് സഭാ നടപടികള്‍ ഉണ്ടായിരുന്നത്. സസ്‌പെന്‍ഡ് ചെയ്ത അഞ്ച് എം.എല്‍.എമാര്‍ സഭാ ഹാളിലേക്ക് പ്രവേശിച്ചില്ല. സഭാ ഹാളിനുമുന്നില്‍ കുത്തിയിരുന്നായിരുന്നു അവര്‍ പ്രതിഷേധം അറിയിച്ചത്.

സഭാ സമ്മേളനത്തിന് മുന്‍പായി ഭരണ, പ്രതിപക്ഷ കക്ഷികളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും സമവായ ഫോര്‍മുലയില്‍ എത്തിച്ചേരാന്‍ സാധിച്ചിരുന്നില്ല. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാന്‍ അനുവദിക്കില്ലെന്നും വനിതാ എം.എല്‍.എമാരെ അപമാനിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഭരണകക്ഷിയും അവരുടെ നിലപാടില്‍ ഉറച്ചുനിന്നു. അതിന്റെ പ്രതിഫലനമാണ് സഭയിലുണ്ടായത്.

പ്രതിപക്ഷ നിരയില്‍നിന്ന് പ്രതിപക്ഷ നേതാവ് വിഎസ് അചുതാനന്ദനാണ് ആദ്യം സംസാരിച്ചത്. വനിതാ എംഎല്‍എമാരെ അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, എംഎല്‍എമാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കുക, ബജറ്റ് വീണ്ടും അവതരിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ വിഎസ് സഭയില്‍ ഉന്നയിച്ചു. തുടര്‍ന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ റദ്ദാക്കുന്ന പ്രശ്‌നമില്ലെന്ന മുന്‍നിലപാട് കൂടുതല്‍ കാര്‍ക്കശ്യത്തോടെ ആവര്‍ത്തിച്ചു. ബജറ്റ്ദിനത്തില്‍ സഭയില്‍ നടന്നത് ലോകം മുഴുവന്‍ കണ്ടതാണെന്നും ഇതില്‍ സ്വീകരിച്ച നടപടിയില്‍ നിന്നും പിറകോട്ട് പോകില്ലെന്നും സംശയത്തിന് ഇടയില്ലാതവണ്ണം വ്യക്തമാക്കി. വനിതാ എം എല്‍ എമാരെ ആക്രമിച്ചുവെന്ന പരാതിയില്‍ വിഡിയോ ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ടശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജമീലാ പ്രകാശം എംഎല്‍എ പറഞ്ഞ കാര്യങ്ങളും ലോകം മുഴുവന്‍ കണ്ടതാണെന്ന് വിഎസ് മറുപടി പറഞ്ഞു. അഞ്ച് എം എല്‍ എമാര്‍ക്കെതിരായ നടപടിയും വിഡിയോ ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ടശേഷം മതിയായിരുന്നുവല്ലോയെന്ന് അദ്ദേഹം ചോദിച്ചു. ഇക്കാര്യങ്ങളുന്നയിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി സ്പീക്കര്‍ തള്ളിയതോടെ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

പ്രതിപക്ഷ ബഹളം തുടരുന്നതിനാല്‍ സഭാ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. തുടര്‍ന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

വിഎസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ മാണി രാജിവെക്കുക, സ്ത്രീത്വത്തെ അപമാനിച്ച എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ബാനറുകളുുമായി സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. വനിതാ എംഎല്‍എമാരോട് കാണിച്ചത് തെമ്മാടിത്തരമാമെന്നും ഇതിനെ മറ്റുവഴികളിലൂടെ നേരിടുമെന്നും വിഎസ് പറഞ്ഞു. വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top