Wednesday May 23, 2018
Latest Updates

ഇന്നറിയാം ഏഷ്യന്‍ രാജാക്കന്‍മാരെ…

ഇന്നറിയാം ഏഷ്യന്‍ രാജാക്കന്‍മാരെ…

മിര്‍പുര്‍: ഏഷ്യ കപ്പ് ട്വന്റി20 ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ നാല് വിജയങ്ങളുമായാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. യുവത്വത്തിന്റെ കരുത്തിലാണു ബംഗ്ലാ പ്രതീക്ഷ. വൈകിട്ട് 6.30 മുതലാണ് മത്സരം.
നിര്‍ണായക സമയത്ത് വിക്കറ്റ് വേട്ട നടത്തുന്ന ബൗളര്‍മാരും മുന്‍നിരതാരങ്ങള്‍ ഫോമിലേക്ക് ഉയര്‍ന്നതും നായകന്‍ ധോണിക്ക് തുണയാകുന്നു. കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യയെ തകര്‍ത്ത മുസ്തിഫിസുര്‍ റഹ്മാന്‍ പരുക്കു മൂലം ഇന്നു മൈതാനത്ത് ഇറങ്ങാത്തത് മുര്‍ത്താസയുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു.
കണക്കിലും കളിമികവിലും എതിരാളികളെ ഏറെ ദൂരം പിന്നിലാക്കി ഇന്ത്യ ഇന്ന് ഏഷ്യാ കപ്പ് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നു. കരുത്തരായ ശ്രീലങ്കയേയും പാക്കിസ്ഥാനെയും തോല്‍പ്പിച്ച് ഫൈനല്‍ ബര്‍ത്തുറപ്പാക്കിയ ബംഗ്ലേദേശാണ് നാട്ടില്‍ ഇന്ത്യയെ നേരിടാന്‍ തയാറാകുന്നത്. ബംഗ്ലാദേശ് ബൗളിങ്ങ്‌നിരയേയും അവര്‍ക്കായി ആര്‍ത്തുവിളിക്കുന്ന ആരാധകരേയും കീഴടക്കി വേണം ഇന്ത്യക്ക് കിരീടം സ്വന്തമാക്കാന്‍.
കണക്കില്‍ മുന്നില്‍ നമ്മള്‍ തന്നെ..
റാങ്കിങ്ങില്‍ മുന്നില്‍ നമ്മള്‍ തന്നെയാണ്. ഐസിസിയുടെ പുതിയ റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ബംഗ്ലാദേശ് പത്താമതുമാണ്. 2014 ജനുവരി മുതല്‍ ഇന്ത്യ കുട്ടിക്രിക്കറ്റില്‍ 18 മത്സരങ്ങള്‍ കളിച്ചു. അതില്‍ 13 അഞ്ച് തോല്‍വിയും മാത്രം. എന്നാല്‍ ബംഗ്ലാദേശ് പതിനാല് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് വിജയം സ്വന്തമാക്കിയത്. ഒന്‍പത് തോല്‍വിയും ഒരണ്ണത്തിന് ഫമുണ്ടായില്ല. ഒന്‍പതു മല്‍സരങ്ങളില്‍ തോറ്റു.
ഇന്ത്യ ഈ വര്‍ഷം കളിച്ച പത്ത് മത്സരങ്ങളില്‍ ഒന്‍പത് വിജയവുമായാണ് ഫൈനലിനെത്തുന്നത്. ഏഷ്യാകപ്പില്‍ തുടര്‍ച്ചയായി നാലു വിജയങ്ങള്‍ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് നായകന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏത് വമ്പന്‍ ടീമിനെയും എവിടെവെച്ചും നേരിടാന്‍ ടീം ഇന്ത്യ തയാറായെന്ന് ധോണി വ്യക്തമാക്കി. ബംഗ്ലാദേശിലെ സാഹചര്യങ്ങളുമായി ടീം ഇന്ത്യ പൊരുത്തപ്പെട്ടതിനാല്‍ പൂര്‍ണ ആത്മവിശ്വാസവുമായാണ് ഫൈനലിനിറങ്ങുന്നത്.
ബാറ്റിങ് നിര്‍ണായകം
ഉപഭൂഗണ്ഡത്തിലെ പിച്ച് ബാറ്റ്‌സ്മന്മാര്‍ക്ക് എന്നും അനുകൂലമായിരുന്നു. എന്നാല്‍ ബംഗ്ലാദേശിലെ സാഹചര്യം മറ്റൊന്നാണ്. സീമര്‍മാരെ പിച്ച് അകമഴിഞ്ഞ് സഹായിക്കുന്നുണ്ട്. കുട്ടിക്രിക്കറ്റിന്റെ അരങ്ങ് വാഴുന്നത് ബാറ്റ്‌സ്മാന്മാരാണ്. എന്നാല്‍ ഏഷ്യ കപ്പില്‍ ടീം സ്‌കോര്‍ 150 കടന്ന് വിരലില്‍ എണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ്.
ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലി പതിവ് ഫോം തുടരുന്നതും ഓള്‍ റൗണ്ടര്‍ യുവരാജ് സിങ്ങ് ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യന്‍ ബാറ്റിങ് നിരക്ക് കരുത്താകും. ശിഖാര്‍ ധവാനും രോഹിത് ശര്‍മയും ഓപ്പണര്‍മാരുടെ റോളിലെത്തും. മൂന്നാം നമ്പറില്‍ കോഹ്‌ലിയും പിന്നാലെ റെയ്‌നയും യുവിയും ധോണിയുമെല്ലാം ക്രീസിലെത്തും. പാണ്ഡ്യയും ജഡേജയും അശ്വിനും അടക്കം ഒന്‍പത് ബാറ്റ്‌സ്മാന്മാരുള്ളത് ധോണിക്ക് ആശ്വാസമാകും.
മറുവശത്ത് മൂന്നാം നമ്പറില്‍ ക്രീസിലെത്തുന്ന സബീര്‍ റഹ്മാനിലാണ് ബംഗ്ലാദേശിന്റെ പ്രതീക്ഷ. അപാര ഫോമിലാണ് ഷബിര്‍ ടൂര്‍ണമെന്റില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം നിറം മങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്കെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും മികച്ച ഇന്നിങ്ങ്‌സാണ് അദ്ദേഹം കളിച്ചത്. ഓപ്പണ്‍ തമിം ഇക്ബാര്‍ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല. എന്നാല്‍ പാക്കിസ്ഥാനെതിരേയുള്ള നിര്‍ണായ മത്സരത്തില്‍ വമ്പന്‍ ഷോട്ടുകളുമായി സൗമ്യ സര്‍ക്കാര്‍ കത്തിക്കയറിയത് മുര്‍ത്താസയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോള്‍ സൗമ്യയുടെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. മുഷ്ഫിക്കര്‍ റഹിമും, ഷാക്കിബ് അല്‍ ഹസ്സനും, മുഹമ്മദുള്ളയും, നായകന്‍ മുര്‍ത്താസയും മത്സരത്തിന്റെ ഗതി ഏത് നിമിഷവും തിരിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്മാരാണ്.
ബൗളര്‍മാര്‍ കളി നിയന്ത്രിക്കും
ഏഷ്യ കപ്പിലെ ഓരോ മത്സരത്തിലും ബൗളര്‍മാരുടെ മേധാവിത്വം ശ്രദ്ധേയമാണ്. ബംഗ്ലാദേശ് പേസ് പട ലോകോത്തര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് ക്രിക്കറ്റ് പണ്ഡിതന്മാര്‍ വിധിയെഴുതിക്കഴിഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ അത് നേരിട്ടറിഞ്ഞതുമാണ്. ബംഗ്ലേദേശ് പേസര്‍ മുസ്തിഫിസുര്‍ റഹ്മാന്‍ പരുക്കേറ്റത് ആതിഥേയരുടെ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സ്പിന്നര്‍ ഷാക്കിബ് അല്‍ ഹസ്സന്‍ ബ്രേക്ക് ത്രൂ സമ്മാനിക്കാന്‍ കഴിയുന്നില്ലെന്നതും അവരുടെ കുറവാണ്.
വെറ്ററന്‍ ബൗളര്‍ ആശിഷ് നെഹ്‌റയും പുതുമുഖ താരം ജസ്പ്രീത് ബുംമ്രയും ഇന്ത്യന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കും. പാണ്ഡ്യയും അശ്വിനും ജഡേജയും റണ്ണൊഴുക്ക് നിയന്ത്രിക്കുന്നതിനോടൊപ്പം വിക്കറ്റും വീഴ്ത്തുന്നുണ്ട്. യുവരാജും റെയ്‌നയും പാര്‍ട്ട് ടൈം ബൗളര്‍മാരുടെ കടമ ഭംഗിയായി നിര്‍വഹിക്കുന്നു.
ഓള്‍റൗണ്ട് മികവില്‍ ഇന്ത്യ
ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് ഹര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യമാണ്. ടീം ഇന്ത്യയുടെ പിഞ്ച് ഹിറ്ററും മൂന്നാം സീമറുമായി പാണ്ഡ്യ മിന്നിത്തിളങ്ങുന്നു. ജഡേജയേയും, അശ്വിനേയും ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലാണ് ഇപ്പോള്‍ എണ്ണുന്നത്. അതിനാല്‍ ഈ താരങ്ങളുടെ മികവും ഇന്നത്തെ പോരാട്ടത്തില്‍ ശ്രദ്ധേയമാകും.
അലറി വിളിക്കുന്ന 25,000 കാണികളെയും പതിനൊന്നംഗ ബംഗ്ലാദേശ് ടീമിനേയുമാണ് ഇന്ന് ഇന്ത്യക്ക് കീഴ്‌പെടുത്തേണ്ടത്. കാണികളുടെ പിന്തുണ ചിലഘട്ടങ്ങളില്‍ ബംഗ്ലാദേശിനെ അമിത സമ്മര്‍ദത്തിലേക്ക് തള്ളിവിടുന്നുണ്ട്. സൗമ്യനായ നായകന്‍ ധോണി താരങ്ങളുടെ സമ്മര്‍ദം കുറയ്ക്കുമ്പോള്‍ കര്‍ക്കശക്കാരനായ മുര്‍ത്താസ പലപ്പോഴും ബംഗ്ലാ താരങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാറുണ്ട്. ലോകകപ്പ് പോരാട്ടത്തിന് ഒരുങ്ങുന്ന ഇരുകൂട്ടര്‍ക്കും ഈ വിജയം ഏറെ നിര്‍ണായകമാണ്.

Scroll To Top