Friday May 25, 2018
Latest Updates

ആധുനീക കുഞ്ചന്‍…ചെമ്മനം ചാക്കോ

ആധുനീക കുഞ്ചന്‍…ചെമ്മനം ചാക്കോ

കവിതയിലെ ഹാസസമ്രാട്ട് ആശാന്‍പുരസ്‌കാര നിറവില്‍… ചിരിയോടൊപ്പം ചിന്തയുടെ വെളിച്ചവും തന്റെ കവിതകളിലൂടെ പരത്തിയ ചെമ്മനം ചാക്കോ മലയാള കവിതയില്‍ ആക്ഷേപഹാസ്യത്തിന്റെ പുതിയ പാത തെളിച്ചയാളാണ്. സാമൂഹിക അസമത്വങ്ങള്‍ക്കെതിരേയും അനീതിക്കെതിരേയും പോരാടാന്‍ കുഞ്ചന്‍ നമ്പ്യാര്‍ തുള്ളലിനെ ഒപ്പം കൂട്ടിയപ്പോള്‍ ചെമ്മനം തന്റെ കവിതകളെയാണ് കൂട്ടുപിടിച്ചത്. അതിനാല്‍ കവിതയിലെ കുഞ്ചന്‍ നമ്പ്യാരെന്ന വിശേഷണം അദ്ദേഹത്തിന്റെ കാര്യത്തില്‍ അന്വര്‍ഥം.
സാമൂഹിക വിമര്‍ശനങ്ങളുടെ കൂരമ്പുകളാക്കിയ കവിയുടെ പേന ഓരോ തവണയും ചലിച്ചപ്പോഴും അത് കൊള്ളേണ്ടിടത്ത് തെന്നെ കൊണ്ടു. തൊണ്ണൂറു പിന്നിട്ടെങ്കിലും സ്വതസിദ്ധമായ കാവ്യശൈലിയുമായി ചെമ്മനം ഇന്നും ഊര്‍ജസ്വലനാണ്. കുഞ്ചന്‍ നമ്പ്യാര്‍ക്കും സഞ്ജയനും ശേഷം അക്ഷരഹാസരംഗത്ത് ചെമ്മനം ചാക്കോയെപ്പോലെ ശോഭിച്ച മറ്റൊരു കവി പിന്നെ മലയാള മണ്ണില്‍ ജനിച്ചിട്ടില്ല .
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സി.ജെ.സി. മുളക്കുളം എന്ന പേരില്‍ ചെമ്മനം കവിത എഴുതിത്തുടങ്ങുന്നത്. പൗരധ്വനിയിലും പൗരപ്രഭയിലും കവിത അച്ചടിച്ചുവന്നു. എന്നാല്‍, ഈ കവിയെ സുഹൃത്തുക്കള്‍പൊലും അപ്പോള്‍ തിരിച്ചറിഞ്ഞില്ല. പിന്നെ തിരിച്ചറിയപ്പെടാനുള്ള വെമ്പലില്‍ കവി പേര് പിന്നെയും പരിഷ്‌കരിച്ച് ചെമ്മനം ചാക്കോയെന്നാക്കി. അങ്ങനെ 1945ല്‍ ലക്ഷണമൊത്ത ആദ്യ കവിത ചെമ്മനത്തിന്റെ തൂലികയില്‍നിന്നു പിറന്നു. കവിതയുടെ പേര് പ്രവചനം. അധികം വൈകാതെ 1947 വിളംബരം എന്ന കവിതാ സമാഹാരം സ്വന്തം പോക്കറ്റിലെ പണമെടുത്ത് കവി അച്ചടിച്ച് പുറത്തിറക്കി ഹിറ്റാക്കി. 1965 ല്‍ പ്രസിദ്ധീകരിച്ച ‘ഉള്‍പ്പാര്‍ട്ടി യുദ്ധം’ എന്ന കവിതയിലൂടെ ആക്ഷേപഹാസ്യമാണ് തന്റെ തട്ടകം എന്ന് ചെമ്മനം തിരിച്ചറിഞ്ഞു. 1967ല്‍ കനകാക്ഷരങ്ങള്‍ എന്ന വിമര്‍ശകവിതാ സമാഹാരം പ്രസിദ്ധീകരിച്ചതോടെ പ്രസിദ്ധനായി.
ഇരുപത്തിയഞ്ചില്‍പരം വിമര്‍ശന ഹാസ്യ കവിതാ സമാഹാരങ്ങള്‍ അടക്കം 50ലേറെ പുസ്തകങ്ങളുടെ കര്‍ത്താവാണ് ഈ തൊണ്ണൂറുകാരന്‍. കാലത്തിന്റെ നേരെ പിടിച്ച കണ്ണാടിയാണ് ചെമ്മനത്തിന്റെ കവിതകള്‍.
ഒരു വര്‍ഷം മുന്‍പാണ്, ചെമ്മനം ചാക്കോ നകലികാലലഹരി’ എന്ന കവിത എഴുതിയ കാലം. കവിത വായിച്ച പാലക്കാട്ടുകാരനായ ഒരു ഡ്രൈവര്‍ അദ്ദേഹത്തിന്റെ ഫോണിലേക്ക് സന്ദേശം അയച്ചു. അതിങ്ങനെയായിരുന്നു: ”ഇനി ഞാന്‍ കുടിക്കില്ല; ഇരുട്ടില്‍ നിന്ന് വെളിച്ചം തന്ന തമ്പുരാന് നമസ്‌കാരം.’ മദ്യലഹരിയില്‍ മകളെ ബലാത്കാരം ചെയ്യുന്ന അച്ഛനെക്കുറിച്ചായിരുന്നു വായനക്കാരെ ഉലയ്ക്കുന്ന ആ കവിത.
പിണറായി വിജയന്‍ അടക്കമുള്ള രാഷ്ട്രീയ അതികായന്‍മാര്‍ക്കും ചെമ്മനത്തിന്റെ തൂലികാ പ്രഹരമേറ്റിട്ടുണ്ട്.
‘മാധ്യമസൃഷ്ടി’ എന്ന കവിതയില്‍ ലാവലിന്‍ കേസും പിണറായി വൈദ്യുതി മന്ത്രി ആയിരുന്ന സമയത്ത് നടത്തിയ വിദേശയാത്രകളുമായിരുന്നു ഇതിവൃത്തം. സിപിഎം അനുഭാവികളായ കവികള്‍ ചെമ്മനത്തിന് മറുപടി കവിതകളുമായി രംഗത്തു വരുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. നരേന്ദ്ര മോദിയെ അനുകൂലിച്ച് കത്തെഴുതിയ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരെ വിമര്‍ശിച്ചു ചെമ്മനം മറുപടി കവിതയുമെഴുതിയിട്ടുണ്ട്. മദ്യവും ബാറും കേരളത്തില്‍ വാര്‍ത്തകളായി നിറയുമ്പോള്‍ മദ്യവിപത്തിനെതിരേ ചെമ്മനം ചാക്കോ കവിതയിലൂടെ പ്രതികരിച്ചു.
സാഹിത്യം സാഹിത്യത്തിനു വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ എന്ന ചോദ്യത്തിന് നിരൂപക ലോകം ഇനിയും വ്യക്തമായ ഉത്തരം കണ്ടെത്തിയിട്ടുണ്ടാവില്ല. എന്നാല്‍, ചെമ്മനം കവിതകള്‍ സമൂഹത്തിനു വേണ്ടിയുള്ള സാഹിത്യം എന്നും നിസംശയം പറയാം.
ഡാര്‍വിന്‍ ജോസഫ്

Scroll To Top