Sunday December 11, 2016
Latest Updates

ശബരീനാഥന് വന്‍ ഭൂരിപക്ഷം,അരുവിക്കര ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം 

ശബരീനാഥന് വന്‍ ഭൂരിപക്ഷം,അരുവിക്കര ഉമ്മന്‍ ചാണ്ടിയ്‌ക്കൊപ്പം 

തിരുവനന്തപുരം:അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്.ശബരിനാഥന്‍ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി ബിജെപി മൂന്നാം സ്ഥാനത്തു വന്നു.

ശബരിക്ക് 56,448 വോട്ട് ലഭിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഇടതുമുന്നണിയിലെ എം.വിജയകുമാറിന് 46,320 വോട്ട് മാത്രമെ ലഭിച്ചുള്ളു. മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ 34,145 വോട്ട് നേടി. ബി.ജെ.പിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണിത്.

നാലാം സ്ഥാനം നോട്ടയ്ക്കാണ്, 1430 വോട്ട്. പി.സി.ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ത്ഥി കെ.ദാസിന് 1197 വോട്ടാണ് ലഭിച്ചത്.

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാനുണ്ടെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം. വിജയകുമാര്‍.
ഇതോടൊപ്പം, വന്‍ വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന് ആയിരം അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നു വിജയകുമാര്‍ പറഞ്ഞു.
വിജയവും പരാജയവും ചേര്‍ന്നതാണ് തിരഞ്ഞെടുപ്പെന്നും പരാജയത്തിന്റെ പേരില്‍ ദുഃഖിച്ചിരിക്കാനില്ലെന്നും വിജയകുമാര്‍ പറഞ്ഞു.യുഡിഎഫും ബിജെപിയും തമ്മില്‍ ചില അഡ്ജസ്റ്റുമെന്റുകള്‍ നടന്നുവെന്ന് വി ശിവന്‍ കുട്ടി എം.എല്‍.എ.പറഞ്ഞു.
മന്ത്രിമാര്‍ 20 പേരും അരുവിക്കരയില്‍ അടയിരുന്ന് പ്രവര്‍ത്തനം നടത്തുകയായിരുന്നു. കോടിക്കണക്കിന് രൂപയാണ് അവിടെ ചിലവഴിച്ചത്. ഭരണയന്ത്രം മുഴുവന്‍ കഴിഞ്ഞ ഒരു മാസമായി അരുവിക്കരയിലായിരുന്നു. ഓരോ വോട്ടും സ്വാധീനിക്കുന്നതിന് വന്‍തുകയാണ് ചിലവഴിച്ചിരിക്കുന്നത് ശിവന്‍ കുട്ടി പറഞ്ഞു.
എല്ലാ അര്‍ഥത്തിലും പെയ്ഡ് വോട്ടാണ് അരുവിക്കരയില്‍ യുഡിഎഫ് നടത്തിയിരിക്കുന്നത്. മന്ത്രിമാര്‍ നേരിട്ട് പണം കൊടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കോടിക്കണക്കിന് രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. ഇത്രമാത്രം ചട്ടങ്ങള്‍ ലംഘിച്ച മറ്റൊരു തിരഞ്ഞെടുപ്പ് രാജ്യത്തൊരിടത്തും ഇതിനു മുന്‍പ് നടന്നിട്ടില്ല. എങ്കിലും ജനാധിപത്യ ബോധമുള്ള, സാംസ്‌കാരിക ബോധമുള്ള ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസം’ ശിവന്‍ കുട്ടി 

Scroll To Top