Tuesday December 06, 2016
Latest Updates

അരുവിക്കരയില്‍ പ്രചാരണ കൊട്ടിക്കാലാശം ഇന്ന് ,ഇടതു മുന്നണിയ്ക്ക് അനുകൂല സാധ്യതയെന്ന് നിരീക്ഷകര്‍

അരുവിക്കരയില്‍ പ്രചാരണ കൊട്ടിക്കാലാശം ഇന്ന് ,ഇടതു മുന്നണിയ്ക്ക് അനുകൂല സാധ്യതയെന്ന് നിരീക്ഷകര്‍

അരുവിക്കര: മണ്ഡലമൊട്ടാകെ കൊടുങ്കാറ്റുയര്‍ത്തി അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പരസ്യപ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് അഞ്ചിന് അരുവിക്കര മണ്ഡലത്തിലെ പ്രധാന കേന്ദ്രമായ ആര്യനാട്ട് വൈകിട്ട് അഞ്ചിനാണ് സമാപനം. കൊട്ടിക്കലാശം കെങ്കേമമാക്കാന്‍ മുന്നണികളും സ്ഥാനാര്‍ത്ഥികളും ഒരുക്കങ്ങള്‍ തുടങ്ങി. നാളെ നിശബ്ദപ്രചരണം.ശനിയാഴ്ചയാണ് വിധിയെഴുത്ത്. 371.4 കിലോമീറ്റര്‍ വിസ്തീര്‍ണത്തില്‍ എട്ടു പഞ്ചായത്തുകള്‍ ചേര്‍ന്ന മണ്ഡലത്തിലെ പുതിയ കണക്ക് പ്രകാരം ആകെ 1,77,605 വോട്ടര്‍മാരാണുള്ളത്. 154 പോളിങ് സ്റ്റേഷനുകളിലായി 97,535 സ്ത്രീകളും 86,688 പുരുഷന്മാരുമാണ് ഇവിടെ വിധി തീരുമാനിക്കുക.

സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയോടു കൂടിയ 400 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളും തയാറായിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഫോട്ടോ പതിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത്. ഒരു ബൂത്തില്‍ രണ്ടു വോട്ടിങ് യന്ത്രങ്ങളും ഒരു കണ്‍ട്രോളിങ് യൂണിറ്റുമാണ് സജ്ജീകരിക്കുന്നത്. 17 സ്ഥാനാര്‍ത്ഥികളാണ് അരുവിക്കരയില്‍ മല്‍സരിക്കുന്നത്. 30 നാണ് ഫലപ്രഖ്യാപനം.യു.ഡി.എഫും എല്‍.ഡി.എഫും ബി.ജെ.പിയും മുതിര്‍ന്ന നേതാക്കളെ ഇറക്കിതന്നെയാണ് പ്രചാരണം നടത്തിയത്. വികസന രാഷ്ട്രീയവും നേട്ടങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു യു.ഡി.എഫ് പ്രചാരണം. എ.കെ ആന്റണിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായിരുന്നു യു.ഡി.എഫിന്റെ മുഖ്യപ്രചാരകര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഴുനീളെ മണ്ഡലത്തില്‍ തന്റെ സാന്നിധ്യം അറിയിച്ചു.

പിണറായി വിജയന്‍ മാറിനിന്ന എല്‍.ഡി.എഫ് ക്യാമ്പ് നയിച്ചത് പ്രധാനമായും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പറഞ്ഞ അതേ ആരോപണങ്ങളുന്നയിച്ചാണ് വി.എസിന്റെ പ്രചരണം. ബി.ജെ.പിക്കാവട്ടെ കേന്ദ്രമന്ത്രിമാരുള്‍പ്പെടെ പ്രചാരണത്തിനിറങ്ങി. സിനിമാതാരം സുരേഷ് ഗോപിയായിരുന്നു ബി.ജെ.പി ക്യാമ്പിന്റെ മുഖ്യപ്രചരണം ഏറ്റെടുത്തത്. യു.ഡി.എഫിനു വേണ്ടി ഖുഷ്ബു ഇന്നലെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടഭ്യര്‍ത്ഥന നടത്തി. സിനിമാതാരങ്ങളെ ഇറക്കി വോട്ടുനേടാനുള്ള ശ്രമത്തില്‍ ഇടതുപക്ഷവും ഒട്ടും പിന്നിലായിരുന്നില്ല. ഇന്നസെന്റ്, കെ.പി.എ.സി ലളിത തുടങ്ങിയ താരങ്ങളെ ഇറക്കിയാണ് അവരുടെ പ്രചാരണം. അവസാന ദിവസമായ ഇന്ന് മൂന്ന് പ്രധാന സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടി നേതാക്കളെല്ലാം കലാശക്കൊട്ടില്‍ അണിനിരക്കും

മൂന്നു സ്ഥാനാര്‍ഥികളും തുല്യനിലയില്‍ പ്രചാരണം നടത്തിയെങ്കിലും നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയ്ക്ക് വ്യക്തമായ മേല്‍ക്കൈയുണ്ടെന്നാണ് വിലയിരുത്തല്‍.അവസാന ഘട്ടത്തില്‍ പി സി ജോര്‍ജിന്റെ സ്ഥാനാര്‍ഥിയുടെയും.പി ഡി പി യുടെ സ്ഥാനാര്‍ഥിയുടെയും അടക്കമുള്ള പിന്തുണ എല്‍ ഡി എഫ് നേടിയേക്കും എന്നാണ് പറയപ്പെടുന്നത്.എന്തായാലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിമറിക്കാന്‍ കഴിയുന്ന ഒരു വിധിയെഴുത്താവും അരുവിക്കരയില്‍ നിന്നും ഉണ്ടാവാനിരിക്കുന്നത്. 


Scroll To Top