Sunday January 22, 2017
Latest Updates

മോഡി സര്‍ക്കാരിന് ദിശാബോധമില്ലെന്ന് അരുണ്‍ ഷൂരി; ‘വാഗ്ദാനങ്ങളെല്ലാം വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍’

മോഡി സര്‍ക്കാരിന് ദിശാബോധമില്ലെന്ന് അരുണ്‍ ഷൂരി; ‘വാഗ്ദാനങ്ങളെല്ലാം വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍’

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. സാമ്പത്തിക രംഗത്ത് നരേന്ദ്ര മോഡിയും അരുണ്‍ ജെയ്റ്റ്‌ലിയും പരാജയമാണെന്ന് പറഞ്ഞ ഷൂരി ബിജെപിയെ നിയന്ത്രിക്കുന്ന് ത്രിമൂര്‍ത്തികളാണെന്നും വിമര്‍ശിച്ചു. മോഡി-അമിത്ഷാ-അരുണ്‍ ജെയ്റ്റ്‌ലി കൂട്ടുകെട്ടാണ് ബിജെപിയെ നിയന്ത്രിക്കുന്നത്. മറ്റാര്‍ക്കും പാര്‍ട്ടിയില്‍ പ്രാധാന്യമില്ലെന്നും അരുണ്‍ ഷൂരി പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത നിലനിര്‍ത്താനുള്ള പദ്ധതികളൊന്നും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ നടത്തിയിരിക്കുന്ന വാഗ്ദാനങ്ങളെല്ലാം വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളവയാണ്. അല്ലാതെ അവയില്‍ കാതലില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വികസ്വര രാജ്യമായ ഇന്ത്യയെ വികസിത രാജ്യം എന്ന പദവിയിലേക്ക് എത്തിക്കാന്‍ ദിശാബോധമാണ് വേണ്ടത്. എന്നാല്‍ മോഡിക്കും അരുണ്‍ ജെയ്റ്റ്‌ലിക്കും ഇതില്ല. സാമ്പത്തിക നയങ്ങളെല്ലാം വികലമായ രീതിയിലാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍ ആശങ്കയുണ്ടാക്കുന്നവയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപി എംപിമാര്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളെ അപലപിക്കാനോ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രസ്താവന നടത്താനോ മോഡി കൂട്ടാക്കുന്നില്ല. സാനിയ മിര്‍സ ഒരു കിരീടം നേടുമ്പോഴും മറ്റു ചിലരുടെ പിറന്നാള്‍ ദിനങ്ങളിലും ആശംസ അറിയിച്ച് മോഡി ട്വീറ്റ് ചെയ്യുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളില്‍ മോഡി പ്രതികരിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്നും അരുണ്‍ ഷൂരി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ സ്വന്തം പേരെഴുതിയ കോട്ട് മോഡി ധരിച്ചത് തെറ്റായിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് മോഡി ആ വസ്ത്രം ധരിച്ചതെന്ന് മനസ്സിലാകുന്നില്ല. ഗാന്ധിജിയുടെ പേരുള്ള ഒരാള്‍ ചെയ്യാന്‍ പാടില്ലാത്തതാണ് മോഡി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 

Scroll To Top