Monday May 21, 2018
Latest Updates

ദൈവപ്രീതിക്കായ് മനുഷ്യക്കുരുതികള്‍ വേണോ?..

ദൈവപ്രീതിക്കായ് മനുഷ്യക്കുരുതികള്‍ വേണോ?..

ചാരാനുഷ്ടാനങ്ങളുടെ പേരില്‍ പള്ളികളിലും അമ്പലങ്ങളിലും നടത്തിവരുന്ന വെടിക്കെട്ടുകളും ആനയെ ഉപയോഗിച്ചുള്ള എഴുന്നുള്ളിപ്പും നമുക്ക് വേണോ?.
മത മേലധ്യക്ഷന്മാരും,ആത്മീയ,സാമുദായിക നേതാക്കന്മാരും സര്‍വോപരി വിശ്വാസികളും ഇതിനെക്കുറിച്ച് വളരെ ഗൌരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു രീതിയിലും ഉള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്ത ഇത്തരത്തിലുള്ള അനാചാരങ്ങള്‍ക്ക് നമ്മള്‍ കുടപിടിക്കണോ?. അചാരാനുഷ്ട്ടാനങ്ങളേക്കാള്‍ വിലയില്ലേ മനുഷ്യ ജീവന്?

ഓരോ വര്‍ഷവും ആനയിടഞ്ഞും വെടിക്കെട്ട് അപകടം മൂലവും നൂറുകണക്കിന് ആളുകളാണ് കേരളത്തില്‍ മരണപെടുന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇത്തരത്തിലുള്ള അനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കാതിരിക്കുന്നത് ഭോഷത്ത്വം ആണ്. ഇതിനെതിരെ ആത്മീയ, സാമുദായിക നേതാക്കള്‍ മൌനം പാലിക്കുന്നത് വിശ്വാസികളോട് അവര്‍ കാണിക്കുന്ന ക്രൂരതയാണ്.’ഇത് വളരെ വൈകാരീകമായ പ്രശ്‌നമാണെന്നും, മറ്റുള്ളവരുടെ അചാരാനുഷ്ട്ടാനങ്ങളില്‍ അഭിപ്രായം പറയാനാവില്ലെന്നും’ പറഞ്ഞ് വോട്ട് ബാങ്ക് ലക്ഷ്യമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദത പാലിക്കുന്നു.
ഓരോ വര്‍ഷവും കേരളത്തിലെ പള്ളികളിലും അമ്പലങ്ങളിലും വെടിക്കെട്ടിന്റെ പേരില്‍ എത്ര കോടി രൂപയാണ് കത്തിച്ചു കളയുന്നത്? അതിനേക്കാള്‍ ഉപരി പാരിസ്ഥിതിക, ആരോഗ്യ, വായു, ശബ്ദ മലിനീകരണങ്ങള്‍ വേറെയും.

എന്താണ് വെടിക്കെട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്? ദൈവത്തെ പ്രീതിപെടുത്തലാണോ? അതോ, വിശ്വാസികളുടെ ആഘോഷമാണോ? ഏതെങ്കിലും മത ഗ്രന്ഥങ്ങളില്‍ കരിമരുന്ന് പ്രയോഗത്തെ കുറിച്ചോ, ആനയെഴുന്നുള്ളിപ്പിനെ കുറിച്ചോ പരാമര്‍ശിക്കുന്നുണ്ടോ?. ഈ ചിലവാക്കുന്ന പണം കൊണ്ട് ആ പള്ളിയുടെയോ,അമ്പലത്തിന്റെയോ പരിധിയില്‍ വരുന്ന പാവപെട്ട കുടുംബങ്ങളെ സഹായിച്ചുകൂടെ? അതല്ലേ ദൈവത്തെ പ്രീതിപെടുത്താന്‍ ഏറ്റവും കൂടുതല്‍ അനുയോജ്യമായ മാര്‍ഗ്ഗം? അപ്പോഴല്ലേ ദൈവം കൂടുതല്‍ സംപ്രീതന്‍ ആകുന്നത്?. കാണാത്ത ദൈവത്തിന് വേണ്ടി കോടികള്‍ ചിലവാക്കുന്നതിലും നല്ലതല്ലേ നമ്മുടെ കണ്മുന്‍പില്‍ ഉള്ള സഹജീവികളോട് അല്‍പം കരുണ കാണിക്കുന്നത് ?.

ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നുള്ളിക്കല്‍ ആണ് ഭയാനകമായ മറ്റൊരപകടം. അതിന്റെ തിക്തഫലം കേരളജനത ഒരുപാട് അനുഭവിച്ചതാണ്.. ‘ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തികൊന്നു. നാട്ടിലാകെ മണിക്കൂറുകളോളം ആന പരിഭ്രാന്തി സൃഷ്ട്ടിച്ചു’ എല്ലാ വര്‍ഷവും നമുക്ക് ഇതൊരു പതിവ് വാര്‍ത്തയാണ്. എന്നിട്ടും വീണ്ടും വീണ്ടും ഇത് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

കാട്ടില്‍ യഥേഷ്ട്ടം വിഹരിച്ചു നടന്നിരുന്ന ആനയെ അതിന്റെ ആവാസ വ്യവസ്ഥയില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന് മനുഷ്യന്റെ സ്വാര്‍ഥമായ സാമ്പത്തിക ലാഭത്തിനുവേണ്ടി നെറ്റിപട്ടം കെട്ടിച്ച് മണിക്കൂറുകളോളം പൊരിവെയിലത്ത് നിര്‍ത്തുന്നു. ഒരടി മുന്നോട്ടോ പുറകോട്ടോ ഒന്ന് അനങ്ങാന്‍ പോലുമോ ആവാത്ത രീതിയിലാണ് ആ സാധു ജീവിയെ നിര്‍ത്തുന്നത്. ഒന്നനങ്ങിയാല്‍ പാപ്പാന്റെ വക ക്രൂര പീഡനവും. ഇത് ആ ജീവിയോടു കാണിക്കുന്ന കൊടും ക്രൂരതയാണ്. ഇങ്ങനെ ആ സാധു ജീവിയോട് ക്രൂരത കാണിച്ചാണോ നാം ദൈവത്തെ പ്രീതിപെടുത്തേണ്ടത്?.

അങ്ങനെ തികച്ചും വ്യത്യസ്തമായ ഒരു ആവാസ വ്യവസ്ഥയില്‍ അതിജീവനം അസാധ്യമാകുമ്പോള്‍ ആണ് ആ സാധു ജീവി അക്രമാസക്തം ആകുന്നത്. അതിലൂടെ നഷ്ട്ടപെടുന്നത് നൂറുകണക്കിന് വിലപെട്ട മനുഷ്യജീവനുകളും. ഈ മൃഗത്തോട് ഇങ്ങനെ ക്രൂരത കാട്ടുന്നതിലും ഭേതം മറ്റേതെങ്കിലും അനുബന്ധ മാര്‍ഗ്ഗം സ്വീകരിച്ചു കൂടെ?. ഇവിടെ മൃഗ സംരക്ഷണ വകുപ്പും, വന്യജീവി സംരക്ഷണ നിയമങ്ങളും നോക്കുകുത്തിയാകുന്നു എന്നത് അതിശയകരം തന്നെ!!.

ഇങ്ങനെ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നമ്മുടെ നാട്ടില്‍ അരങ്ങേറുന്ന സ്ഥിരം കലാപരിപാടികളില്‍ ചിലത് ആയ, ചാനല്‍ ചര്‍ച്ചകള്‍ സജ്ജീവം ആകും, അതുപോലെ തന്നെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും, സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും ഉധ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കളും വാതോരാതെ സംസാരിക്കും, അന്വേഷണ കമ്മീഷനുകള്‍ നിയോഗിക്കപെടും, സംസ്ഥാനം ഒട്ടാകെ റെയ്ഡുകള്‍ നടത്തും. അങ്ങനെ ഒന്നോ രണ്ടോ ആഴ്ചകള്‍ കഴിയുമ്പോള്‍ പതുക്കെ എല്ലാം വിസ്മൃതിയില്‍ ആകും…..seby-p

അടുത്ത ഒരു ദുരന്തം വരുന്നതുവരെ വീണ്ടും എല്ലാം പഴയപടി തന്നെ പോകും…

സെബി പാലാട്ടി

Scroll To Top