Sunday December 11, 2016
Latest Updates

ആപ്പിളിനെതിരെ വീണ്ടും യൂറോപ്യന്‍ കമ്മിഷന്‍,ഇ യൂ നിലപാടിനെ ധിക്കരിച്ചാല്‍ അയര്‍ലണ്ടിനെതിരെ നീക്കത്തിന് സാധ്യത

ആപ്പിളിനെതിരെ വീണ്ടും യൂറോപ്യന്‍ കമ്മിഷന്‍,ഇ യൂ നിലപാടിനെ ധിക്കരിച്ചാല്‍ അയര്‍ലണ്ടിനെതിരെ നീക്കത്തിന് സാധ്യത

ഡബ്ലിന്‍:ആപ്പിള്‍ കമ്പനി അയര്‍ലണ്ടിന് 13 ബില്ല്യണ്‍ യൂറോ ടാക്സ് ഇനത്തില്‍ നല്‍കണമെന്ന യൂറോപ്യന്‍ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്ന് ഐറിഷ് മന്ത്രിസഭയില്‍ ഭിന്നത രൂക്ഷമാകുന്നു.ഫിനഗേല്‍ പാര്‍ട്ടിയിലും പ്രശ്‌നത്തെ ചൊല്ലി അഭിപ്രായ ഭിന്നത ഉണ്ടായത് പ്രധാനമന്ത്രി ഏന്‍ഡ കെന്നിയെ അക്ഷരാര്‍ഥത്തില്‍ പ്രതിസന്ധിയിലാക്കി.അയര്‍ലണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ കമ്മീഷണര്‍ ഫിനഗേലിലെ ഫില്‍ ഹോഗന്‍ യൂറോപ്യന്‍ നിലപാടുകള്‍ക്ക് വിധേയമായി വേണം അയര്‍ലണ്ട് പ്രവര്‍ത്തിക്കേണ്ടതെന്ന നിലപാട് സ്വീകരിച്ചതോടെ അയര്‍ലണ്ടിലെ രാഷ്ട്രീയ നേതൃത്വം അങ്കലാപ്പിലാണ്. 13 ബില്യണ്‍ യൂറോ സ്വീകരിക്കേണ്ടതില്ല എന്ന് ധനമന്ത്രി മൈക്കല്‍ നൂനാനും, സ്വീകരിക്കണമെന്ന് സ്വതന്ത്ര മന്ത്രിമാരും നിലപാടെടുത്തു. പ്രശ്നത്തില്‍ മന്ത്രിസഭ ഇന്നു വീണ്ടും യോഗം ചേരും.

ആപ്പിളുമായി അയര്‍ലണ്ടിനുള്ള ടാക്സ് കരാറില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് മൈക്കല്‍ നൂനാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം മന്ത്രിസഭയില്‍ അപ്പീല്‍ കൊണ്ടുവരികയും ചെയ്തു. എന്നാല്‍ സ്വതന്ത്ര മന്ത്രിമാരായ ഷെയ്ന്‍ റോസ്, ഫിനിയന്‍ മക്ഗ്രാത്ത് എന്നിവരും, ശിശുക്ഷേമ വകുപ്പ് മന്ത്രി കാതറിന്‍ സപ്പോനെയും അപ്പീലിനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചു. മറ്റ് സ്വതന്ത്ര ടിഡിമാരുമായി കൂടിയാലോചിച്ച ശേഷമേ പ്രശ്‌നത്തില്‍ തീരുമാനമെടുക്കുവെന്ന് റോസും മക്ഗ്രാത്തും വ്യക്തമാക്കി.

ഇതിനിടെ 2014ല്‍ തങ്ങള്‍ 0.005% തുക മാത്രമാണ് ടാക്സ് ഇനത്തില്‍ അയര്‍ലണ്ടിന് നല്‍കിയത് എന്ന ആപ്പിള്‍ കമ്പനി ചീഫ് എക്സിക്യുട്ടിവ് ടിം കുക്കിന്റെ വാദം നിഷേധിച്ച് യൂറോപ്യന്‍ യൂണിയന്‍ കോംപറ്റിഷന്‍ കമ്മിഷണര്‍ മാര്‍ഗരറ്റ് വെസ്റ്റേഗര്‍ രംഗത്ത്. 13 ബില്ല്യണ്‍ യൂറോ ആപ്പിള്‍ അയര്‍ലണ്ടിന് ടാക്സായി നല്‍കണം എന്ന കമ്മിഷന്റെ തീരുമാനം രാഷ്ട്രീയപരമായതാണ് എന്ന ടിം കുക്കിന്റെ വാദവും വെസ്റ്റേഗര്‍ തള്ളി. വസ്തുതകളിലൂന്നിയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അവര്‍ ബ്രസ്സല്‍സില്‍ വ്യക്തമാക്കി.

ആപ്പിളും അയര്‍ലണ്ടും തമ്മിലുള്ള ടാക്സ് നിയമം യഥാര്‍ത്ഥത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നിബന്ധനകള്‍ക്ക് വിരുദ്ധമാണ് എന്ന കാര്യം ഐറിഷ് അധികൃതര്‍ക്ക് അറിയമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് 1991ലെ ടാക്സ് നിയമത്തെപ്പറ്റി എന്താണ് ഐറിഷ് അധികൃതര്‍ കരുതിയിരിക്കുന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്ന് വെസ്റ്റേഗര്‍ പ്രതികരിച്ചു.

ഇ യൂ നിലപാടിനെ ധിക്കരിച്ചാല്‍ അയര്‍ലണ്ടിനെതിരെ നീക്കത്തിന് സാധ്യതകള്‍ ഉണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ആപ്പിളിനെ പിണക്കാതെ നിര്‍ദിഷ്ട ടാക്‌സ് കുടിശിഖ പിരിച്ചെടുക്കാനുള്ള തന്ത്രപ്പാടിലാണ് ഐറിഷ് നേതൃത്വം.

Scroll To Top