Thursday December 08, 2016
Latest Updates

ഗോള്‍വെയില്‍ ആപ്പിളിന്റെ വന്‍ മുതല്‍ മുടക്കുള്ള ഡാറ്റാ സെന്റര്‍ ആരംഭിക്കും 

ഗോള്‍വെയില്‍ ആപ്പിളിന്റെ വന്‍ മുതല്‍ മുടക്കുള്ള ഡാറ്റാ സെന്റര്‍ ആരംഭിക്കും 

ഗോള്‍വെ: സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ പ്രമുഖരായ ആപ്പിള്‍ ഗോള്‍വെയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങുന്നു. 1.93 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമുള്ള ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 300ഓളം തൊഴിലവസരങ്ങളുണ്ടാകും. ഗോള്‍വെയിലും ഡെന്‍മാര്‍ക്കിലുമായി യൂറോപ്പിലെ രണ്ടിടത്താണ് ആപ്പിള്‍ ഡേറ്റാ സെന്ററുകള്‍ തുറക്കുന്നത്. യൂറോപ്പില്‍ ആപ്പിളിന്റെ ഏറ്റവും വലിയ പദ്ധതികളാണിതെന്ന് സിഇഒ ടിം കുക്ക് പറഞ്ഞു. 

1.66 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് രണ്ട് പദ്ധതികളും വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ ഗോള്‍വെയിലെ സെന്ററില്‍ മാത്രം 300 തൊഴിലവസരങ്ങളുണ്ടാകും.850 മില്യന്‍ യൂറോയാണ് ഇതിനായി ചിലവഴിക്കുക. ആപ്പിളിന്റെ ട്യൂണ്‍ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍, ഐമെസേജിംഗ്, മാപ്‌സ്,സിരി തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഈ സെന്ററുകളാകും കൈകാര്യം ചെയ്യുക. പരിസ്ഥിതി സൗഹൃദമായ രീതിയിലാണ് സെന്റര്‍ സ്ഥാപിക്കുന്നത്. 

ഡെറി ഡൊണലിലെ പച്ചപ്പ് ഏറിയ 500 ഏക്കര്‍ സ്ഥലത്താണ് ഗോള്‍വെ പ്ലാന്റ് നിര്‍മിക്കുന്നത്. ഐഡിഎ അയര്‍ലണ്ടും കോയില്‍റ്റുമാണ് ആപ്പിളിന് ഭൂമി ലഭ്യമാക്കിയത്. പദ്ധതിയോടൊപ്പം പ്രദേശത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ആപ്പിള്‍ അറിയിച്ചു. ആപ്പിള്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള വന്‍കിട കമ്പനികള്‍ക്ക് അയര്‍ലന്‍ഡില്‍ പ്ലാന്റ് തുടങ്ങുന്നതിന് ഐറിഷ് സര്‍ക്കാര്‍ നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

ആപ്പിള്‍ പദ്ധതി അയര്‍ലണ്ടിലെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി എന്റാ കെന്നി പറഞ്ഞു. രാജ്യത്തിന്റെ തൊഴില്‍ മേഖലയ്ക്ക് ഇത് ഉണര്‍വേകുമെന്ന് തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടനും ആപ്പിളിനെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു.
19 യൂറോപ്യന്‍ രാജ്യങ്ങളിലായി 18300ഓളം തൊഴിലാളികള്‍ ആപ്പിളില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് പുറമെ 6.72 ലക്ഷത്തോളം അനുബന്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആപ്പിള്‍ വഴിയൊരുക്കിയിട്ടുണ്ട്.

Scroll To Top