Saturday December 03, 2016
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മലയാളി കുടുംബത്തിന് നേരെ വംശീയ ആക്രമണം,കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു 

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ മലയാളി കുടുംബത്തിന് നേരെ വംശീയ ആക്രമണം,കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു 

ബെല്‍ഫാസ്റ്റ് :ആന്‍ട്രിമില്‍ മലയാളി കുടുംബത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തില്‍ നിന്ന് അമ്മയും രണ്ടു മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തില്‍ വീട് മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ അജ്ഞാതര്‍ തീ വെച്ചു നശിപ്പിച്ചു.മേഡോ ഡ്രൈവിലെ സുബി ഫിലിപ്പിന്റെ വസതിയ്ക്ക് നേരെയാണ് ഇന്ന് രാവിലെ ആറര മണിയോടെ ആക്രമണം ഉണ്ടായത്.കാറിനു നേരെ പെട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് പോലിസ് സംശയിക്കുന്നത് 

സുബിയുടെ ഭര്‍ത്താവ് ഷിജോ അദ്ദേഹത്തിന്റെ പിതാവ്  നിര്യാതനായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കേരളത്തിലേയ്ക്ക് പോയിരുന്നു.ഇന്ന് രാവിലെ സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന അതേ സമയത്താണ് ആന്‍ട്രിമിലെ വീട്ടിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്.കോട്ടയം മണിമല സ്വദേശികളായ ഇവര്‍ ഏറെ വര്‍ഷങ്ങളായി ആന്‍ട്രിമില്‍ എത്തിയിട്ട്.ഷിജോ ആന്‍ട്രിം മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡണ്ട് കൂടിയാണ്.

രാവിലെ ആറരയോടെ വലിയ ശബ്ദം കേട്ടാണ് ഉറക്കം ഉണര്‍ന്നതെന്ന് സുബി പറഞ്ഞു.സ്റ്റയര്‍കേസിറങ്ങി താഴേക്ക് വരുമ്പോഴേയ്ക്കും താഴത്തെ നിലയിലെ മുറിയിലും പുക നിറഞ്ഞിരുന്നു.ഒരു കൊല്ലം മാത്രം പഴക്കമുള്ള  കാറിനെ  തീ  വിഴുങ്ങികളഞ്ഞിരുന്നു.

സഹായം തേടി ഉറക്കെ അലറി വിളിച്ചതോടെ രണ്ടാം നിലയില്‍ ഉണ്ടായിരുന്ന കുട്ടികളും കരച്ചില്‍ തുടങ്ങി.പെട്ടന്ന് തന്നെ അയല്‍ക്കാര്‍ ഓടിയെത്തി വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ആക്രമിക്കാന്‍ വന്നവരാണെന്ന ഭയം നിമിത്തം വീടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു എന്ന് സുബി പറഞ്ഞു.ശത്രുക്കളല്ല പുറത്തെന്നു മനസിലായതോടെ എട്ടു വയസും,പത്തുവയസും പ്രായമുള്ള പെണ്‍കുട്ടികളെയും കൂട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇതൊരു വംശീയ ആക്രമണം തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനമെന്ന് ആന്‍ട്രിം പോലിസ് പറഞ്ഞു.

അറുപതോളം മലയാളി കുടുംബങ്ങളാണ് ഈ പ്രദേശത്തുള്ളതു.ഇവരില്‍ കൂടുതലും ആന്‍ട്രിം ഏരിയ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവരാണ്.സംഭവം അറിഞ്ഞ് സുബിയേയും കുട്ടികളെയും ആശ്വസിപ്പിക്കാനായി മേഖലയിലെ മലയാളികള്‍ എല്ലാവരും തന്നെ പാഞ്ഞെത്തിയിരുന്നു.

ant 1 ant 2 ant 3

Scroll To Top