Tuesday December 06, 2016
Latest Updates

കോണ്‍ഗ്രസ് സര്‍വ്വനാശത്തിന്റെ വക്കിലെന്ന് പറയുന്ന ആന്റണി തരുന്ന സൂചനകള്‍…

കോണ്‍ഗ്രസ് സര്‍വ്വനാശത്തിന്റെ വക്കിലെന്ന് പറയുന്ന ആന്റണി തരുന്ന സൂചനകള്‍…

കൊച്ചി : എകെ ആന്റണി അപൂര്‍വമായി മാത്രമേ രാഷ്ട്രീയം സംസാരിക്കാറുള്ളൂ. അദ്ദേഹം സംസാരിക്കുന്നതെല്ലാം പക്ഷേ, വാര്‍ത്തയാവാറുമുണ്ട്. ഇക്കുറി തിരുവനന്തപുരത്തും കൊച്ചിയിലുമായി ആന്റണി നടത്തിയ പരാമര്‍ശങ്ങല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വരാന്‍ പോകുന്ന നേതൃമാറ്റത്തിന്റെ സൂചനയായി കരുതാം.
നേതൃമാറ്റമെന്നാല്‍ കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ ഉള്‍പ്പെടെ എല്ലാവരെയും പുറത്തേയ്ക്കെറിയുമെന്നല്ല. പുതിയ യുവാക്കള്‍ അധികമായി പാര്‍ട്ടിയില്‍ എത്തുമെന്നു ചുരുക്കം.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറ മാറ്റം വേണമെന്നാണ് തിരിവനന്തപുരത്ത് ആന്റണി പറഞ്ഞത്. പഴയ തലമുറയ്ക്കൊപ്പം പുതിയവരും നേതൃത്വത്തിലേക്ക് കടന്നുവരണമെന്ന് കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കവേ ആന്റണി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായി. അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയണം. ഇനിയാരും അകന്നുപോകാതിരിക്കാനുള്ള പ്രതീക്ഷ നല്‍കാന്‍ കോണ്‍ഗ്രസിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ആന്റണി ഉദ്ദേശിക്കുന്നത് കെഎം മാണി കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി വിട്ടുപോയ വിഷയം കൂടിയാണെന്നു വ്യക്തമാണ്.

അകന്നുപോയവര്‍ തിരിച്ചുവരമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തമ്മില്‍ തല്ല് അവസാനിക്കണമെന്നും ആന്റണി പറയുന്നു. ചര്‍ച്ച നടത്തി ഒരുമിച്ച് ഫോട്ടോ എടുത്തതുകൊണ്ട് കാര്യമില്ല. തമ്മില്‍തല്ല് കൊണ്ട് മാത്രമാണ് ഭരണത്തുടര്‍ച്ച ഇല്ലാതായതെന്നും ആന്റണി അടിവരയിട്ടു. മദ്യനയം പരാജയപ്പെട്ടതാണ് തോല്‍വിക്കു കാരണമായതെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനുള്ള മറുപടി കൂടിയായി ആന്റണിയുടെ ഈ നിലപാട്.

കോണ്‍ഗ്രസിലേക്ക് ചെറുപ്പക്കാര്‍ വരുന്നില്ല. കണ്ടാലും കൊണ്ടാലും പഠിക്കാത്ത സ്ഥിതിയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വോട്ടുകള്‍ സംഘപരിവാര്‍ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നു. കേരളത്തിലെ ജനകീയ അടിത്തറ പങ്കിട്ടെടുക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും ആന്റണി ഓര്‍മിപ്പിച്ചു.

സന്ദര്‍ഭവും സമയവും ആര്‍ക്കു വേണ്ടിയും കാത്തിരിക്കില്ല. ഒറ്റക്കെട്ടായി മുന്നോട്ടുപോയില്ലെന്നും ഒന്നിച്ചുനിന്നില്ലെങ്കില്‍ നേതാക്കള്‍ക്ക് ചരിത്രം മാപ്പുനല്‍കില്ലെന്നും ആന്റണി ഓര്‍മിപ്പിച്ചു.

ഇതേനിലപാടു തന്നെ കൊച്ചിയില്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ എറണാകുളം രാജേന്ദ്ര മൈതാനിയില്‍ രാജീവ് ഗാന്ധി സദ്ഭാവനാ സംഗമത്തിലും ആന്റണി ആവര്‍ത്തിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് നാശത്തിലേക്ക് പോവുകയാണ്. ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ സര്‍വനാശമയിരിക്കും ഫലം. അകന്നു പോയവരെ തിരിച്ചു കൊണ്ടുവരണം. ഇനി ആരും അകന്ന് പോവാതിരിക്കണമെങ്കിലും തിരിച്ചു വരുന്നവര്‍ അകലാനിരിക്കുകയും വേണമെങ്കില്‍ അവര്‍ക്ക് പ്രതീക്ഷയും ആവേശവും പകരണമെന്നും ആന്റണി പറഞ്ഞു.

ആന്റണി പറഞ്ഞത് ഹൈക്കമാന്‍ഡിന്റെ കൂടി നിലപാടാണെന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ വരും നാളുകളില്‍ പര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ക്കുള്ള നാന്ദിയാണ് ആ ന്റണിയുടെ വാക്കുകളെന്നു വ്യക്തമാണ്.

റോയ് പി തോമസ്

Scroll To Top