Wednesday December 07, 2016
Latest Updates

കേരളത്തില്‍ അഴിമതി ഭരണമെന്ന് എ കെ ആന്റണി, നേതൃമാറ്റം ആവശ്യപ്പെട്ട് വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടിയുടെ കുരുക്ക് മുറുകുന്നു

കേരളത്തില്‍ അഴിമതി ഭരണമെന്ന് എ കെ ആന്റണി, നേതൃമാറ്റം ആവശ്യപ്പെട്ട് വി ഡി സതീശന്‍, ഉമ്മന്‍ ചാണ്ടിയുടെ കുരുക്ക് മുറുകുന്നു

കേരളത്തില്‍ സമസ്തമേഖലയിലും അഴിമതി കൊടികുത്തി വാഴുന്നതായി മുന്‍ മുഖ്യമന്ത്രിയും എ ഐ സി സിപ്രവര്‍ത്തകസമിതിയംഗവുമായ എ.കെ. ആന്റണി. അധ്യാപകനിയമനത്തിലും വിദ്യാര്‍ഥിപ്രവേശനത്തിലുമെന്നു മാത്രമല്ല, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കാര്യങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് അഴിമതിയിലൂടെയാണ്. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സുവര്‍ണജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആന്റണി.

കോഴ നല്‍കാതെ കാര്യം നടക്കില്ലെന്നതാണു ജനത്തിന്റെ അനുഭവം. വാചകമടികൊണ്ടു മാത്രം കാര്യമില്ല. കൂട്ടായി ശ്രമിച്ചാല്‍ നാടിനെ കുറെയെങ്കിലും രക്ഷിക്കാം. സംശുദ്ധസേവനം, ഭരണസാക്ഷാത്കാരം എന്ന മുദ്രാവാക്യം കൊള്ളാമെങ്കിലും നടപ്പാക്കാന്‍ എളുപ്പമല്ല. സംശുദ്ധപ്രവര്‍ത്തനമെന്നൊക്കെ പറയാമെങ്കിലും നാട്ടുകാരുടെ അനുഭവം മറിച്ചാണ്. ആന്റണി തുറന്നടിച്ചു.

കേരളത്തില്‍ നിലവില്‍ ഏറ്റവും അച്ചടക്കമുള്ളതു മദ്യവില്‍പനശാലകള്‍ക്കു മുന്നിലാണ്. സമൂഹത്തിന്റെ വിവിധതുറകളിലുള്ളവര്‍ ഒരേ മനസോടെ, അച്ചടക്കത്തോടെ അവിടെ ക്യൂ നില്ക്കുന്നു. വര്‍ധിച്ച മദ്യപാനാസക്തിക്കെതിരേ പ്രചാരണം നടത്താന്‍ സര്‍വീസ് സംഘടനകളും സാമുദായികസംഘടനകളും മുന്നോട്ടുവരണമെന്നും ആന്റണി ആവശ്യപ്പെട്ടു.

യു ഡി എഫ് സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റതായി മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചതായും മുഖം മിനുക്കല്‍ നടപടികള്‍ ആവശ്യമാണെന്നും വി ഡി സതീശന്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയാവാന്‍ രമേശ് ചെന്നിത്തല എന്തുകൊണ്ടും യോഗ്യനാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ ആന്റണിയുടെ വക്കുകളെ പിന്തുണച്ച് സുധീരനും, രമേശ് ചെന്നിത്തലയുമടക്കമുള്ള നേതാക്കളും മുന്നോട്ടുവന്നത് വരും ദിനങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാവുമെന്നതിന്റെ സൂചനയാണ്.

 

Scroll To Top