Tuesday November 21, 2017
Latest Updates

അയര്‍ലണ്ടിലെ മികച്ച പത്ത് സംരംഭകത്വ ആശയങ്ങളില്‍ ഒന്ന് കോര്‍ക്കിലെ മലയാളി പെണ്‍കുട്ടിയുടേത് ,അഞ്ജു ജോണിന് 50,000 യൂറോയുടെ സ്‌കോളര്‍ഷിപ്പ് !

അയര്‍ലണ്ടിലെ മികച്ച പത്ത് സംരംഭകത്വ ആശയങ്ങളില്‍ ഒന്ന് കോര്‍ക്കിലെ മലയാളി പെണ്‍കുട്ടിയുടേത് ,അഞ്ജു ജോണിന് 50,000 യൂറോയുടെ സ്‌കോളര്‍ഷിപ്പ് !

കോര്‍ക്ക് :അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അഭിമാനിക്കാം.രാജ്യത്തെ ഏറ്റവും മികച്ച പത്ത് വനിതാ സംരഭകത്വ ആശയങ്ങള്‍ എന്റര്‍ പ്രൈസ് അയര്‍ലണ്ട് തിരഞ്ഞെടുത്തതില്‍ ഒന്ന് ഒരു മലയാളി പെണ്‍കുട്ടിയുടെതാണ്.കോര്‍ക്കിലെ അഞ്ജു ജോണാണ് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് കണക്ക് എളുപ്പം ഹൃദ്യസ്ഥമാക്കി പരീക്ഷകളെ നേരിടാനുള്ള പ്രൊജക്റ്റ് നിര്‍ദേശം വഴി അന്‍പതിനായിരം യൂറോയുടെ സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയത്.കോര്‍ക്കിലെ സി ഐ ടി യുടെ കീഴിലുള്ള റൂബിക്കോണ്‍ സെന്ററാണ് അഞ്ജുവിന് മെന്ററെയും,അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കി പ്രൊജക്റ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നത്.
വിജയം വന്ന വഴികള്‍ … 
ചാലക്കുടിയിലെ പരിയാരത്തിനടുത്ത് കുറുക്കന്‍ക്കുഴിയെന്ന കുഗ്രാമത്തിലെ ഈ പെണ്‍കുട്ടിയുടെ കുഞ്ഞുന്നാളിലെ ആഗ്രഹം അമേരിക്കയില്‍ പോകണമെന്നായിരുന്നു.ഇപ്പോഴും ദിവസത്തില്‍ ഒരു തവണ മാത്രം ബസ് എത്തുന്ന ആ മലയോരഗ്രാമത്തില്‍ നിന്നും അക്കാലത്ത് നാലു കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടി പഠിക്കാന്‍ പോയ ഒരു പെണ്‍കുട്ടി പക്ഷേ അമേരിക്കയില്‍ എത്തിയില്ല.

പഠിച്ച സ്‌കൂളുകളിലെല്ലാം ഒന്നാം സ്ഥാനം നേടി. കുതിച്ചു പായുമ്പോള്‍ മനസ്സില്‍ കണക്കുകൂട്ടലുകളായിരുന്നു.എങ്ങനെ അമേരിക്കയില്‍ എത്താം.അമേരിക്കയില്‍ എത്തിയാല്‍ എങ്ങനെ ഇംഗ്‌ളീഷ് പറയും?ഒരു കുറുക്കന്‍കുഴിക്കാരിയ്ക്ക് എന്തിംഗ്‌ളീഷ് ?അങ്ങനെയാണ് അഞ്ജു ജോണ്‍ ഇംഗ്‌ളീഷില്‍ ചിന്തിയ്ക്കാന്‍ തുടങ്ങിയത്.’പപ്പയും അമ്മയും’മലയാളത്തില്‍ ചോദിച്ചാലും ഇംഗ്‌ളീഷിലാവും മറുപടി പറയുക.അവിടെയാകുമ്പോള്‍ തെറ്റിയാലും കുഴപ്പമില്ലലോ?anj 1

ഗ്രാമത്തിലെ പാവപ്പെട്ടവരുടെ കൂട്ടുകാരിയാവുകയായിരുന്നു കര്‍ഷകനായ പരിയാരം പീണിക്കപറമ്പില്‍ പി സി ജോണിയുടെയും ,ഷീലയുടേയും മൂത്ത മകളായ അഞ്ജുവിന്റെ ഹോബി!.റേഷനരിയും വാങ്ങി പോകുന്ന അമ്മച്ചിമാരുടെ കിലോക്കണക്കിന് വരുന്ന സഞ്ചി അഞ്ജുവിന്റെ ‘വണ്ടി’യിലാവും മിക്കപ്പോഴും കുറുക്കന്‍കുഴിയിലെത്തുക.ഒരിക്കല്‍ മലയോരത്തെ വീടുകള്‍ തോറും നടന്ന്  ജാതിയ്ക്കായും ശേഖരിച്ചു ചാലക്കുടിയ്ക്കുള്ള ബസിലേയ്ക്ക് ഓടിക്കയറിയ ഒരു സ്ത്രീയുടെ നിറചാക്ക് ക്‌ളീനര്‍ ബസില്‍ കയറ്റാതെ തള്ളി താഴെയിട്ടു.കെട്ടു പൊട്ടി റോഡില്‍ ചിതറിയ ജാതിക്കാ നോക്കി വലിയ വായില്‍ കരയാനേ പാവം സ്ത്രീയ്ക്ക് കഴിഞ്ഞുള്ളൂ.ഒരു ദിവസം മുഴുവന്‍ നീളുന്ന അധ്വാനമാണ് റോഡില്‍ ചിതറിക്കിടക്കുന്നത്.വലിയ ചാക്കുമായി ബസില്‍ കയറരുതെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു ക്‌ളീനറുടെ ന്യായം.ഡബില്‍ ബെല്ലടിച്ചു ബസ് മുന്നോട്ടെടുക്കാന്‍ തുടങ്ങുമ്പോള്‍ കണ്ടു നിന്ന അഞ്ജു ചാടിയിറങ്ങി നിന്നത് ബസിന്റെ മുമ്പിലേയ്ക്ക് …ക്‌ളീനറെ കൊണ്ട് ജാതിയ്ക്കാ മുഴുവന്‍ ചാക്കില്‍ വാരി നിറച്ചു കെട്ടിച്ച് സ്ത്രീയെ ബസില്‍ തിരികെ കയറ്റിയിട്ടേ ബസ് വീണ്ടും ചലിപ്പിക്കാന്‍ അഞ്ജു സമ്മതിച്ചുള്ളൂ.
പാളിപ്പോയ അമേരിക്കന്‍ മോഹവും അയര്‍ലണ്ട് ഭാഗ്യവും 
പഠിച്ചു പഠിച്ച് ഒന്നാമതായെത്തിയെങ്കിലും അമേരിക്കയ്ക്ക് പോവാനൊത്തില്ല. അവസാനം എത്തിയത് അയര്‍ലണ്ടില്‍.കൊടകരയിലെ കോളജില്‍ നിന്നും എഞ്ചിനിയറിങ്ങ് രണ്ടാം വര്‍ഷം പഠിക്കവേയാണ് ഐറിഷ് സര്‍ക്കാരിന്റെ ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ്പ് അന്ജുവിനെ തേടിയെത്തിയത്. 

കോര്‍ക്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠനം തുടങ്ങുമ്പോള്‍ തന്നെ ശ്രദ്ധാകേന്ദ്രമായി അഞ്ജു.തൊടുന്നിടത്തെല്ലാം ഒന്നാം സ്ഥാനം.എല്ലാ വിഷയങ്ങള്‍ക്കും ടോപ്പര്‍ ഈ ചാലക്കുടിക്കാരി തന്നെ.പഠനം കഴിഞ്ഞപ്പോള്‍ ഓണേഴ്‌സ് ഡിഗ്രിയിലെ ബെസ്റ്റ് സ്റ്റുഡന്റിനുള്ള അവാര്‍ഡ് തേടിയെത്തി.

പഠിച്ചു കഴിഞ്ഞയുടന്‍ അഞ്ജുവിനെ തേടി കോര്‍ക്കിലെ പ്രശസ്തമായ ഇലക്ട്രോണിക്‌സ് കമ്പനിയുടെ അപ്രന്റീസ് ജോലി കാത്തിരുപ്പുണ്ടായിരുന്നു.തുടര്‍ന്ന് ലീമറിക്കിലെ അനലോഗ് ഡിവൈസസിന്റെ ആസ്ഥാനത്തേയ്ക്ക് ജോലിയ്യ്ക്കായുള്ള നിയമനം.മൂന്നു വര്‍ഷം അവിടെ തുടര്‍ന്നു.നിശ്ചിതമായ കാലശേഷം കഴിഞ്ഞു നാട്ടിലേയ്ക്ക് പോയ അഞ്ജുവിന് അത് മാംഗല്യക്കാലമായി.വരനായി എത്തിയത് സ്‌കൂള്‍ കാലഘട്ടം മുതലേ പരിചയമുണ്ടായിരുന്നയാള്‍.പിന്നെ ലിജോയിയുടെ ജോലി സ്ഥലമായ അബുദാബിയായി കുറെനാള്‍ ആസ്ഥാനം. 

അമേരിക്കന്‍ സ്വപ്നം ഒഴിവാക്കിയപ്പോള്‍ തന്നെ അയര്‍ലണ്ടില്‍ തുടരാന്‍ തീരുമാനിച്ചിരുന്നു.അങ്ങനെ വീണ്ടും 
തിരികെ വരാന്‍ തുണയായത് പഠനകാലത്ത് അയര്‍ലണ്ടില്‍ സ്വരൂപിച്ചെടുത്ത സൗഹൃദങ്ങള്‍.’കേരളത്തില്‍ നിന്നുള്ള മിക്കവാറും വിദ്യാര്‍ഥികള്‍ ഒഴിവാക്കുന്ന ഒരു കാര്യമാണ് ആരോഗ്യകരമായ സൗഹൃദങ്ങള്‍ സ്ഥാപിച്ചെടുക്കല്‍.രണ്ടോ മൂന്നോ വര്‍ഷത്തെ പഠനത്തിന് ശേഷം ഇവിടെ തിരികെ വരാനുള്ള സാഹചര്യം ഒരുക്കാന്‍ പഠനകാലത്തിന്റെ ആരംഭം മുതലേ ശ്രമിച്ചാലേ നടക്കു.ഒന്നാമതായി ആത്മാര്‍ഥമായി ജോലി ചെയ്യണം.രണ്ടാമതായി എപ്പോഴും പ്രസന്നവദനരും,നിശ്ചയദാര്‍ഢ്യവും ഉള്ളവരായിരിക്കണം എന്നാണ് അഞ്ജുവിന്റെ അഭിപ്രായം.anju un
സ്വപ്നങ്ങള്‍ മാത്രം കാണുന്ന പെണ്‍കുട്ടി…
രണ്ടാമത്തെ വരവിലാണ് ലോകോത്തര ഐ ടി കമ്പനിയായ ഇ എം സി യുടെ കോര്‍ക്ക് യൂണിറ്റില്‍ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് വിഭാഗത്തില്‍ അഞ്ജുവിന് ജോലി ലഭിച്ചത്.പക്ഷേ ജോലിയില്‍ മാത്രം ഒതുങ്ങിയിരിക്കാന്‍ അഞ്ജു തയാറല്ലായിരുന്നു.

അയര്‍ലണ്ടിലെ ഉള്‍ഗ്രാമങ്ങളിലടക്കം ഒറ്റയ്ക്ക് കാറോടിച്ച് യാത്ര ചെയ്യാനായിരുന്നു ആദ്യം അഞ്ജുവിന്റെ കമ്പം.പിന്നെ ലോകയാത്രകളായി.ലണ്ടന്‍,നേപ്പിള്‍സ്, ജര്‍മ്മിനി,വിയന്ന,റോം,പിസ്സാ,കാപ്രി തുടങ്ങി ഒട്ടേറെ നഗരങ്ങളിലെ കാഴ്ച്ചകള്‍ കാണാന്‍ പോയതും ഒറ്റയ്ക്കായിരുന്നു.ലോകം കറങ്ങാനുള്ള സാഹസികയാത്രകള്‍ ഒട്ടേറെ സംസ്‌കാരങ്ങളെ അടുത്തറിയാന്‍ സഹായിച്ചു.

നിറയെ സ്വപ്നങ്ങള്‍ കൂടുകെട്ടിയ അഞ്ജുവിന്റെ മനസ് വെമ്പുന്നത് അബ്ദുല്‍ കലാമിനെ പോലെ ചിന്തിക്കാനാണ്.’നാം ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്നം.നമ്മെ ഉറങ്ങാന്‍ സമ്മതിക്കാത്തതാണ് സ്വപ്നം’ നമുക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും?അഞ്ജു ചോദിക്കും’നമ്മുടെ ഇന്ത്യയിലെ ആയിരക്കണക്കിന് ഗ്രാമങ്ങളെ പോലെ എന്റെ കുറുക്കന്‍കുഴിയിലെ ബസെത്താത്ത പ്രദേശങ്ങള്‍ അങ്ങനെതന്നെ തുടരുമ്പോള്‍ ഞാനെങ്ങനെ ഉറങ്ങും?നമ്മുടെ കുട്ടികള്‍ സ്മാര്‍ട്ട് ഫോണൂകളെ പഠനത്തിനുപകരിക്കാതെ വാട്‌സ് അപ്പില്‍ നൂഡ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുമ്പോഴും ഗെയിമുകള്‍ക്ക് പിന്നിലേയ്ക്ക് ഊളിയിട്ടിറങ്ങുമ്പോഴും അവരെ വേണ്ടതു പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് പോലും ആവാത്തപ്പോള്‍ നാമെങ്ങനെ ഉറങ്ങും? 

അത് കൊണ്ടാണ് ജോലിയോടൊപ്പം ഒരു പ്രോജക്റ്റും ഏറ്റെടുക്കാന്‍ അഞ്ജു തീരുമാനിച്ചത്.എന്തെങ്കിലും സമൂഹത്തിനു വേണ്ടി ചെയ്തില്ലെങ്കില്‍ എന്തിനാണ് നാം ജോലി ചെയ്യുന്നത്?അഞ്ജു ചോദിക്കുന്നു.

സി ഐ റ്റിയുടെയും,കോര്‍ക്ക് കൌണ്ടി കൌണ്‍സിലിന്റെയും എന്റര്‍പ്രൈസസ് അയര്‍ലണ്ടിന്റെയും സാങ്കേതികസഹകരണസ്ഥാപനമായ റൂബിക്കോണ്‍ കണ്ടെത്തിയ അയര്‍ലണ്ടിലെ പത്തു പ്രതിഭാശാലികളുടെ ലിസ്റ്റില്‍ അഞ്ജു ജോണും ഉള്‍പ്പെട്ടത് ആ ആത്മാര്‍ഥ ചോദ്യത്തിനുള്ള ഉത്തരത്തില്‍ നിന്നാണ്.അഞ്ജു സമര്‍പ്പിച്ച ആദ്യ പ്രോജക്റ്റ് തന്നെ റൂബിക്കോണ്‍ അംഗീകരിച്ചു.
തേടുന്നത് മലയാളികളുടെ സഹകരണം ..
കണക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് അഞ്ജുവിന്റെ ആദ്യ പ്രോജക്റ്റ്.അയര്‍ലണ്ടിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ വിജയ ശതമാനം കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറയുന്നത് എല്ലായിടത്തും ചര്‍ച്ചാവിഷയം ആയപ്പോഴാണ് കണക്കിന് വേണ്ടി ഒരു പ്രോജക്റ്റ് തയാറാക്കാന്‍ അഞ്ജുവിന്റെ മനസ്സില്‍ പദ്ധതി വിരിഞ്ഞത്.കണക്ക് ഒരു ‘പാഷനായി’ കൊണ്ട് നടക്കുന്ന ഒരു മിടുമിടുക്കയ്ക്ക് പുതുതലമുറയ്ക്ക് നല്‍കാനുള്ള ഏറ്റവും നല്ല സംഭാവന തന്നെ. 

പഠിക്കേണ്ട പാഠഭാഗത്തിന് ദിവസത്തിന്റെ ഏതു സമയത്തും സഹായമെത്തിക്കുന്ന ഒരു അധ്യാപകനെ പഠിതാവിനു ലക്ഷ്യമാക്കാനുള്ള അഞ്ജുവിന്റെ പ്രോജക്റ്റ് റൂബിക്കോണ്‍ സ്വീകരിച്ചത് 50,000 യൂറോയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു.

അഞ്ജു തിരക്കിലാണ്.തിങ്കള്‍ മുതല്‍ വെള്ളി വരെ ജോലി.ശനിയും ഞായറും പ്രൊജക്റ്റ്.തിരഞ്ഞെടുക്കപ്പെട്ട 10 നവ സംരംഭകരില്‍ രണ്ടു പേര്‍ മാത്രമാണ് ഫുള്‍ ടൈം ജോലിയുള്ളവര്‍.അതിലൊരാളാണ് അഞ്ജു.

ഒട്ടേറെ പേരുടെ സഹകരണം തേടണം.നിരവധി പേരുടെ സഹായവും വേണം പ്രൊജക്റ്റ് പൂര്‍ത്തിയാക്കാന്‍.ആദ്യം പ്രൊജക്റ്റിനുള്ള നിര്‍ദേശങ്ങള്‍ തേടേണ്ടത് വിദ്യാര്‍ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നുമാണ്.എങ്ങനെയാണ് കണക്കു പഠിക്കേണ്ടത്?കണക്ക് പഠിക്കുമ്പോള്‍ അവരെ ഏതു വിധത്തിലാണ് സഹായിക്കേണ്ടത്?കണക്ക് പഠിക്കുമ്പോള്‍ എന്താണ് ക്ലേശകരമായി തോന്നുന്നത്?തുടങ്ങി വിദ്യാര്‍ഥികള്‍ നേരിടുന്ന ഒട്ടേറെ വ്യത്യസ്ത പ്രശ്‌നങ്ങളെ കുറിച്ച് അറിവ് നേടണം അഞ്ജുവിന്.മനസിലുള്ള ആശയങ്ങള്‍ക്ക് ഒപ്പം പഠിതാക്കളുടെയും രക്ഷിതാക്കളുടെയും കൂടി അഭിപ്രായങ്ങള്‍ക്ക് അനുസരിച്ചു വേണം പ്രോജക്റ്റിനു സമൂര്‍ത്തഭാവം രൂപീകരിക്കാന്‍.

ഇപ്പോള്‍ അതിനുള്ള ശ്രമത്തിലാണ് അഞ്ജു.അയര്‍ലണ്ടിലെ മലയാളികളായ കൊച്ചനിയന്‍മാരും അനുജത്തിമാരും ഒപ്പം അവരുടെ മാതാപിതാക്കളും തന്നെ സഹായിക്കുമെന്നുള്ള പ്രതീക്ഷയിലാണ് അഞ്ജു.മാത്സ് പഠിക്കുമ്പോള്‍ നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അഞ്ജുവിനെ അറിയിക്കാനും മടിയ്‌ക്കേണ്ട.ഒരു പക്ഷെ നിങ്ങളുടെ കുട്ടികളെ സഹായിക്കാനുള്ള മാര്‍ഗങ്ങള്‍ പെട്ടന്ന് കിട്ടിയില്ലെങ്കിലും അത്യാവശ്യം ടിപ്പ്‌സുകള്‍ ഒക്കെ പറഞ്ഞു തരാന്‍ ഈ മിടുക്കിയ്ക്ക് കഴിഞ്ഞേക്കാം. ഒരു വര്‍ഷത്തിനുള്ളില്‍ അത്തരം സംശയങ്ങള്‍ക്കെല്ലാം ശാസ്ത്രീയമായ പരിഹാരം കണ്ടെത്താമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഈ പെണ്‍കുട്ടി.

മാത്രമല്ല പുതിയ തലമുറയ്ക്ക് കരിയര്‍ അഡ്വൈസ് നല്‍കാനും,യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനും,മുതല്‍ സി വി തയാറാക്കി ഉചിതമായ ജോലി കണ്ടെത്തി കൊടുക്കാനും വരെ പരിമിതമായ സമയത്തിനുള്ളില്‍ അഞ്ജു സന്നദ്ധയാണ്.

കണക്കില്‍ നിങ്ങള്‍ക്കുള്ള സംശയങ്ങളും ക്ലേശങ്ങളും,ഒപ്പം പ്രൊജക്റ്റിനായുള്ള നിര്‍ദേശങ്ങളും അഞ്ജുവിനെ അറിയിക്കേണ്ട വിലാസം ….Anjujohn11@gmail.com (ഫോണ്‍ നമ്പര്‍:089 439 3355 (വൈകിട്ട് 5 മുതല്‍ 9.30 വരെ)

-റെജി സി ജേക്കബ് 

Scroll To Top