Thursday December 08, 2016
Latest Updates

പാല് കറക്കുമ്പോള്‍ വാല് ദേഹത്തു തട്ടാതിരിക്കാന്‍ പശുക്കളുടെ വാല് മുറിച്ച കര്‍ഷകന് 4,000 യൂറോ പിഴ ശിക്ഷ

പാല് കറക്കുമ്പോള്‍ വാല് ദേഹത്തു തട്ടാതിരിക്കാന്‍ പശുക്കളുടെ വാല് മുറിച്ച കര്‍ഷകന് 4,000 യൂറോ പിഴ ശിക്ഷ

കോര്‍ക്ക്: പശുക്കളുടെ വാല് മുറിച്ച കോര്‍ക്കിലെ മല്ലോയിലെ കര്‍ഷകന് 4,000 യൂറോ പിഴ ശിക്ഷ. നോയല്‍ ലിഞ്ച് എന്ന കര്‍ഷകനാണ് പിഴ ശിക്ഷ ലഭിച്ചത്. ഇയാള്‍ തന്റെ ഫാമിലെ അഞ്ച് പശുക്കളുടെ വാല് മുറിച്ചു എന്നാണു കേസ്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പശുക്കളുടെ വാല് മുറിച്ചത് കാടത്തമാണെന്ന് അഗ്രികള്‍ച്ചര്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ വെറ്റ് ഇന്‍സ്‌പെക്ടര്‍ ലൂയിസ് റീഡന്‍ പറഞ്ഞു. 

2012 ജൂലൈ 5 ന് കൃഷി വകുപ്പ് അധികൃതര്‍ ഇയാളുടെ ഫാമില്‍ നടത്തിയ പരിശോധനയിലാണ് വാല് മുറിഞ്ഞ പശുക്കളെ കണ്ടെത്തിയത്. വാല് മുറിഞ്ഞ നിരവധി പശുക്കളുടെ ചിത്രങ്ങള്‍ അധികൃതര്‍ പകര്‍ത്തിയിരുന്നു. മല്ലോ ജില്ലാ കോടതിയില്‍ നടന്ന വിചാരണയില്‍ ഈ ചിത്രങ്ങള്‍ ഇയാള്‍ക്കെതിരെ നിര്‍ണ്ണായക തെളിവായി. പാല് കറക്കുമ്പോള്‍ പശുവിന്റെ വാല് ദേഹത്ത് തട്ടാതിരിക്കാനാണ് വാല് മുറിച്ച് കളഞ്ഞതെന്നാണ് ഇയാളുടെ വിശദീകരണം.

എന്നാല്‍ ഇയാളുടെ വാദത്തിനു ശാസ്ത്രീയ അടിത്തറയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ബോധിപ്പിച്ചു. കൂടാതെ പശുക്കള്‍ക്ക് തീരാ വേദനയും അംഗവൈകല്യവും സമ്മാനിക്കുന്ന കാടത്തമാണ് ഇയാളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വെളിപ്പെടുത്തി. അടുത്ത രണ്ട് വര്‍ഷത്തേക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യില്ലെന്ന വ്യവസ്ഥയിലാണ് ഇയാള്‍ക്ക് ലഭിക്കാമായിരുന്ന നാല് മാസത്തെ ജയില്‍ ശിക്ഷ ഒഴിവാക്കി ഫൈന്‍ മാത്രം ഈടാക്കാന്‍ കോടതി തീരുമാനിച്ചത്. 

നേരത്തെ വളര്‍ച്ചാ ഹോര്‍മോണുകള്‍ അനധികൃതമായി കൈവശം വച്ചതിന് ഇയാള്‍ക്ക് 3000 യൂറോ പിഴ ശിക്ഷ ലഭിച്ചിട്ടുണ്ട്.

Scroll To Top