Monday July 16, 2018
Latest Updates

ദൈവത്തിന് ഒരു തുറന്ന കത്ത്..

ദൈവത്തിന് ഒരു തുറന്ന കത്ത്..

സര്‍വ വ്യാപിയും എല്ലാം അറിയുന്നവനുമായ നിനക്ക് ഒരു തുറന്ന കത്ത് എഴുതുന്നതിന്റെ സാംഗിത്യത്തെപറ്റി ഞാന്‍ തീരെ ആലോചിക്കുന്നില്ല.നിന്നെ കുറിച്ചുള്ള എന്റെ പരിഭവങ്ങള്‍ വേറെ ആരോടാണ് ഞാന്‍ പറയുക ?

നിന്റെ പേരില്‍ ധാരാളം സംഘടനകള്‍ ( ‘മതങ്ങള്‍’ എന്ന ഓമനപേരില്‍ അറിയപ്പെടുന്നു ) ഭൂമിയില്‍ സ്ഥാപിതമായത് നിനക്ക് അറിവുള്ളതാണല്ലോ. എന്നാല്‍ അതിലെ അംഗങ്ങള്‍ നിന്റെ പേരില്‍ തന്നെ, നിനക്ക് വേണ്ടി തന്നെ പരസ്പരം വഴക്കടിക്കുകയും, പീഡിപ്പിക്കുകയും, കൊല്ലുകയും ചെയ്യുന്നു. ഓരോ സഘടനയും തങ്ങളുടെ പക്ഷത്തു ആളെ കൂട്ടാന്‍ മത്സസരിക്കുകയാണ്. അങ്ങനെ ചെയ്താല്‍ നിനക്കുള്ള ഗുണം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പണ്ട് കാലം മുതലേ നിന്റെ പേരില്‍ പരസ്പരം ശത്രുക്കളെ പോലെയാണ് എല്ലാവരും.പക്ഷെ ഈ അടുത്തകാലത്തായി അതിന്റെ രൂപവും ഭാവവും ഭയാനകമാം വിധം മാറിയിരിക്കുന്നു !!

ഒരു മനുഷ്യനെ പോലും ഭൂമിയില്‍ കാണാനില്ല !! കൃസ്ത്യാനിയെയും ,മുസല്‍മാനെയും, ഹിന്ദുവിനെയും,യഹൂദനെയുമൊക്കെയെ കാണാനുള്ളൂ പണ്ട്, പട്ടാപകല്‍ റാന്തല്‍ വിളക്കുമായി ഒരൊരുത്തരുടെയും അടുത്തുചെന്നു സൂക്ഷിച്ചുനോക്കിയിട്ടു ‘ഞാന്‍ മനുഷ്യനെ തേടി നടക്കുകയാണ്’ എന്ന് പറഞ്ഞ സോക്രട്ടീസിനെപോലെ ഞാനും തേടി നടക്കുകയാണ് പച്ചയായ മനുഷ്യനെ.

നിന്നോടു കൂടുതല്‍ അടുക്കുന്തോറും നിന്റെ പേരില്‍ സ്ഥാപിതമായ സംഘ ടനകളെ കൂടുതലായി വെറുക്കുന്നു. പക്ഷെ അത് സം ഘടനാ തത്വങ്ങള്‍ക്ക് കടക വിരുദ്ധമാണ്. ഈക്കൂട്ടരില്‍ ചിലര്‍ ധരിച്ചിരിക്കുന്നതും,പഠിപ്പിക്കുന്നതും നിന്നിലെത്താന്‍ മറ്റു സംഘടനകളെ തകര്‍ത്ത് തരിപ്പണമാക്കണമെന്നാണ്..

വികാരങ്ങളാല്‍ നയിക്കപടുന്ന ഈ മതസംഹിതകള്‍ ഉണ്ടാക്കിയത് ആരാണ്?? സ്‌നേഹവും മനുഷ്യത്വവും ഒരു വേദങ്ങളിലും ,വിശുദ്ധ ഗ്രന്ഥങ്ങളിലും കാണാതെ പോകുന്നത് ഇവര്‍ അന്ധരായത് കൊണ്ടാണോ?? ശാന്തിയും സ്‌നേഹവും തേടി ഇനി എവിടെക്കാണ് ഞാന്‍ പോകേണ്ടത് ??

തികച്ചും സ്വതന്ത്രനായി ഭൂമിയില്‍ ജനിച്ചു വീഴുന്ന മനുഷ്യകുഞ്ഞുങ്ങളെ നിന്റെ പേരിലുള്ള ഏതെങ്കിലും ഒരു ആവരണമണിയിച്ചു പടക്കളത്തിലേക്ക് ഇറക്കി വിടുകയാണ് നിനക്ക് വേണ്ടി മരിക്കാനും കൊല്ലനുമായി !! എന്തൊരു ദുര്‍വിധിയാണിത് ..

ക്രൂരതയുടെ പേരാണോ മതം…??
സ്‌നേഹരാഹിത്യത്തിന്റെ പേരാണോ മതം…??
സ്വാര്‍ഥതയുടെ പേരാണോ മതം…??

നിന്റെ ഈ സംഘടനകളെ നയിക്കാന്‍ നീ എല്‍പ്പിച്ച പല നേതാക്കളും സത്യത്തില്‍ നിനക്കെതിരായ ആശയപ്രചരണങ്ങള്‍ നടത്തികൊണ്ടി രിക്കുന്നു. സ്‌നേഹവും, ക്ഷമയും, പരസ്പര ബഹുമാനവും നിന്റെ രീതിയല്ലെന്ന് അവര്‍ ഞങ്ങളെ പഠിപ്പിക്കുന്നു. മറ്റുസംഘടനയില്‍ പെട്ടവരെ പീഡിപ്പിക്കുന്നതും ,മാനഭംഗപ്പെടുത്തുന്നതും, കൊല്ലുന്നതും നിനക്ക് ഇഷ്ട്മാണെന്നു അവര്‍ ഞങ്ങളെ പഠിപ്പിക്കുന്നു.ഈ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ നശിപ്പിക്കാന്‍ നീ എന്നാണ് വരുന്നത്??

നിന്റെ മൌനത്തിന്റെ നീളം വര്‍ധിക്കുന്തോറും പീഡനപര്‍വങ്ങള്‍ ഏറി വരുന്നു. നിനക്ക് എവിടെയാണ് തെറ്റ് പറ്റിയത്..? നിന്റെ നിഷ്‌ക്രിയത്വം ..???

ഭൂമിയില്‍ നിന്ന് ഉയരുന്ന ആരാധനകളും , നിലവിളികളും നിന്റെ നിഷ്‌ക്രിയത്വത്തിനു ഭംഗം വരുത്താന്‍ മാത്രം ശക്തമല്ലെന്നുണ്ടോ..?? ആരിലെക്കാണ് ഞങ്ങള്‍ ഇനി അഭയം തേടി പോകേണ്ടത്..?? നിന്റെ നാമത്തില്‍ പീഡനങ്ങള്‍ക്കും മാനഭംഗങ്ങള്‍ക്കും ഇരയായവരുടെ നിലവിളികള്‍ക്കു പോലും ഉത്തരം തരാത്ത നീ പിന്നെ ഞങ്ങളുടെ ഏതു നിലവിളികള്‍ക്കാണ് ഉത്തരം നല്‍കുക..??

കൊലയാളികള്‍ക്ക് പാരിതോഷികങ്ങളും അഭിനന്ദനങ്ങളും നല്‍കുന്ന ഈ ലോകത്ത് ജീവിക്കാന്‍ എനിക്ക് ഭയമാകുന്നു… ഒരര്‍ത്ഥത്തില്‍ എനിക്ക് നിന്നെ തന്നെ ഭയമാണ്.എല്ലാം നിനക്ക് വേണ്ടിയാണ് എന്ന് അവര്‍ ആക്രോശിക്കുമ്പോഴും നിന്റെ മൌനം എന്നില്‍ വെറുപ്പും നിരാശയും ഉളവാക്കുന്നു.. നീ ഒരു മിഥ്യ സങ്കല്‍പ്പ മാണെന്നും, എല്ലാം ഈക്കൂട്ടര്‍ നിന്റെ പേര് പറഞ്ഞു കാട്ടികൂട്ടുന്ന പേക്കൂത്തുകളാണെന്നും ഒരു വേളയെങ്കിലും ചിന്തിച്ചു പോകുന്നു !!

വെടിയുണ്ടകള്‍ക്കും മാനഭംഗങ്ങള്‍ക്കും ഇരയാകുന്നതും , ഇരയാക്കുന്നതും നിന്റെ അണികള്‍ തന്നെ എന്നത് എത്ര വിധിവൈരുധ്യമാണ് ..?മനുഷ്യസ്‌നേഹികളെ ഞാന്‍ എങ്ങും കാണുന്നില്ല… മത സ്‌നേഹികളെ കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു.. ഇവിടെ ഞാന്‍ ഏകനാണ്.. ഭൂമി മുഴുവന്‍ രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു ..അതില്‍ നിന്ന് വമിക്കുന്ന മതത്തിന്റെ ദുര്‍ഗന്ധം എന്നെ തളര്‍ത്തികളയുന്നു….sss 001പിഞ്ചു പൈതങ്ങളുടെ ചുടു ചോരയും ,സ്ത്രീകളുടെ മാനവും, നിരപരാധികളുടെ ജീവനും അനാഥമായി ഭൂമിയിലൂടെ ഒഴുകി നടക്കുന്നു….. അതില്‍ ചവിട്ടി നിന്ന് കൊണ്ട് ഞാന്‍ ഉറക്കെ ചോദിക്കുന്നു…. നീ എവിടെയാണ്…..??? നിന്റെ അവതാരങ്ങള്‍ എവിടെയാണ് …???

സെബി സെബാസ്റ്റ്യന്‍ celbridge
(പംക്തികളിലുള്ളതു ലേഖകരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ‘ഐറിഷ് മലയാളി’ന്യൂസ് പോര്‍ട്ടലിന്റെ നയങ്ങളുമായി ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ക്കു ബന്ധമില്ല.)
 

Scroll To Top