Sunday December 11, 2016
Latest Updates

ആരും പറയാത്ത അയര്‍ലണ്ട് വിശേഷങ്ങള്‍ …!

ആരും പറയാത്ത അയര്‍ലണ്ട് വിശേഷങ്ങള്‍ …!

ഥയല്ല ..കളിയും അല്ല ..
അരേ രാജേഷ് ഭായ് …..വേറെ ഏതോ ഗ്രഹത്തില്‍ നിന്നും ആരോ വിളിക്കുന്നത് പോലെ എനിക്ക് തോന്നി .. പഴയ കാസെറ്റ് വലിയുമ്പോള്‍ കേള്‍ക്കുന്ന സൌണ്ട് ..ഞാന്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു .. പറ്റുന്നില്ല ..കയ്യില്‍ നിറയെ സ്പൂണുകളും ഫോര്‍ക്കുകളും നിറഞ്ഞ ട്രേ യും പിടിച്ചു ഞാന്‍ ഇതി …കര്‍ത്തവ്യാ …ഇതി കര്‍ത്തവ്യതാ …. എന്തെങ്കിലും ആവട്ടെ …ആ പറഞ്ഞ സാധനമായി നിന്നു..

ചില പ്രത്യേക ദിവസങ്ങളില്‍ രാവിലെ തന്നെ ലോകോപയുക്തം ആയ ചില പ്രസ്താവനകള്‍ നടത്താറുണ്ട് . അന്നും ഒരു പ്രത്യേക ദിവസം ആയിരുന്നു .. 
രാവിലെ എണീറ്റ പാടെ ഞാന്‍ പ്രഖ്യാപിച്ചു :
‘എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട് !

അഞ്ജു എന്നെ തുറിച്ചു നോക്കി . ഞാന്‍ അധിക നേരം നില്ക്കാതെ ചായയും എടുത്ത് ഫേസ് ബുക്കിലെ കമന്റ് വായിക്കാന്‍ പോയി .ലൈക് മുതലാളിമാര്‍ കനിഞ്ഞു അനുഗ്രഹിച്ചു തരുന്ന ലൈക് അല്ലാതെ വേറെ ഒരെണ്ണം ഇല്ല ! നിരാശയോടെ ദിവസം തുടങ്ങി ! എന്തെങ്കിലും കന്നംതിരിവ് കണ്ടുപിടിച്ചു പോസ്റ്റ് ചെയ്താലേ ഇന്നെങ്കിലും പത്തു ലൈക്കും കമന്റും കിട്ടി രക്ഷപെടാന്‍ പറ്റു ..

ഇന്നിനി വൈകിട്ട് ജോലിക്കും പോണം .. സത്യം പറഞ്ഞാല്‍ ജോലി ചെയ്ത കാലം മറന്നു.നാട്ടിലാകുമ്പോ ബിസിനസ് ആയതുകൊണ്ട് ജോലി എന്ന് തോന്നാറില്ല . നമ്മുടെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുന്നത് പോലെ ..ഇങ്ങോട്ട് വന്നിട്ട് നാല് മാസമായി ഇപ്പൊ .. യാതൊരു പണിയും ഇല്ല .. ചുമ്മാതിരുന്നു ബോറടിക്കുന്നു.ചങ്ങനാശ്ശേരി ടൌണില്‍ കൂടെ നാലു ചാല് തെക്ക് വടക്ക് നടക്കുന്നതാ സാധാരണ കട്ടിപ്പണി . ഇവിടിപ്പോ അതിനും സ്‌കോപ് ഇല്ല.അപ്പോളാണ് ഒരു ഹോട്ടലില്‍ DWE പോസ്റ്റ് ഒഴിവുണ്ടെന്ന് എന്റെ അത്ഭുതകാമാക്ഷിയായ ഒരു ചേട്ടന്‍ പറയുന്നത്.എന്നാല്‍ പിന്നെ അതൊന്നു നോക്കാം എന്ന് കരുതി . ഈ DWE എന്താണെന്ന് ഹോട്ടല്‍ മാനേജ്മന്റ് പാസ്സായവര്ക്ക് ചിലപ്പോ മനസ്സിലായിക്കാണും.ഡിഷ് വാഷിംഗ് എക്‌സിക്യൂട്ടീവ് എന്ന് പറയും.മലയാളത്തില്‍ പറഞ്ഞാല്‍ പാത്രം കഴുകുന്ന ആള്‍ ! പാത്രം കഴുകുന്ന എന്ന് പറയുമ്പോള്‍ ..സാധാരണ നമ്മള്‍ കാണുന്നത് പോലെ അല്ല .. ഡിഷ് വാഷര്‍ ഉണ്ട് . ചുമ്മാ പെറുക്കി അതിന്റാത് വെക്കണം . 5 മിനിറ്റ് കഴിഞ്ഞു എടുത്തു പുറത്തു വെക്കണം അത്ര തന്നെ .. ഒരു മണിക്കൂറിനു യൂറോ 8 അതായത് രൂഫ 650 . ഹോ 5 മണിക്കൂര്‍ പോയാല 3250 രൂഫ പോക്കറ്റില്‍ . ഇത് ഞാന്‍ കലക്കും …
അപ്പൊ നിങ്ങള് പോകാന്‍ തീരുമാനിച്ചു ! അഞ്ജു കലിപ്പിലാണ്

ഞാന്‍ പോകും ..ഞാനും വിട്ടില്ല . ദേ മനുഷ്യാ നിങ്ങള് വിചാരിക്കുന്നത് പോലൊന്നും അല്ല.ദേഹം അനങ്ങി ഒരു പണീം എടുക്കാത്ത നിങ്ങളെ കൊണ്ട് പറ്റുകേല ..

പിന്നെ .. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് പറമ്പ് മുഴുവന്‍ കിളക്കുന്നത് ഞാനായിരുന്നു ആ എന്നോടാ !
പ്രീ ഡിഗ്രി സര്‍ക്കാര് നിര്‍ത്തീട്ടു കൊല്ലം പത്തിരുപതായി …അഞ്ജു പിറുപിറുത്തു കൊണ്ട് എണീറ്റ് പോയി ..
ഞാന്‍ ഫേസ് ബുക്കിലേക്ക് മുങ്ങിത്താണൂ…

മൂന്നു മണി . ഞാന്‍ പറഞ്ഞ സമയത്ത് തന്നെ ഹോട്ടലില്‍ എത്തി.കൂടെ നല്ലവനായ ചേട്ടനും ഉണ്ട് . എന്നെ കൊണ്ട് ഹോട്ടല്‍ മുതലാളിക്ക് പരിചയപ്പെടുത്തി ചേട്ടന്‍ അപ്പൊ തന്നെ സ്ഥലം വിട്ടു.മുതലാളി എന്നെ അടിമുടി ഒന്ന് നോക്കി . അതെ അതെ .. ഇപ്പൊ നിങ്ങള് വിചാരിച്ചില്ലെ ? അതെ ഭാവം .. നമ്മുടെ വീട്ടില് പണിക്കു നിക്കാന്‍ വരുന്ന പെണ്ണുമ്പിള്ളയെ വീട്ടുടമസ്ഥന്‍ വിലയിരുത്തുന്ന അതെ നോട്ടം …. ജോ ഭി ഹോ ! മുതലാളിക്ക് എന്നെ അത്രക്ക് അങ്ങ് ബോധിച്ചില്ല . ആള്‍ ഒരു ബംഗാളിയാണ് . വര്ഷങ്ങളായി അയര്‍ലണ്ടില്‍ ഹോട്ടല്‍ നടത്തുന്നു . ഇനി മേലില്‍ ഒറ്റ ബംഗാളിയോടും ദേഷ്യമോ പുച്ഛമോ കാണിക്കില്ല എന്ന് ഞാന്‍ നമ്മടെ കാവിലമ്മയെ സാക്ഷി നിര്‍ത്തി സത്യം ചെയ്തു . ബംഗാളി മുതലാളി ഒരു ജോഡി കയ്യുറകള്‍ എടുത്തു എനിക്ക് നീട്ടി സിങ്ക് നു നേരെ വിരല്‍ ചൂണ്ടി ..അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ .. ഞാന്‍ ഭയ ഭക്തി ബഹുമാനത്തോടെ വാങ്ങി !

ഞാന്‍ പണി തുടങ്ങി .. വളരെ എളുപ്പം .. ചുമ്മാ ഒന്ന് വെള്ളത്തില്‍ മുക്കണം , ഇത്തിരി വാഷിംഗ് ലിക്ക്വിഡ് പുരട്ടണം , ഡിഷ് വാഷറില്‍ വെക്കണം . വളരെ സിമ്പിള്‍ ..ഞാന്‍ വേഗം തന്നെ ആദ്യത്തെ ഒരു സെറ്റ് തീര്‍ത്തു .. ഇനി കുറച്ചു പാത്രങ്ങളെ ഉള്ളു .. ഇവിടെന്താ ആരും കയറാറില്ലേ ഞാന്‍ പുച്ഛത്തോടെ മുതലാളിയെ ഒന്ന് നോക്കി , അയാള്‍ എന്നെ ശ്രദ്ധിക്കുന്നേ ഇല്ല . അയാള്‍ക്ക് അറിയില്ലല്ലോ ഞാന്‍ ആരാണെന്ന് . കുറച്ചു പാത്രങ്ങള്‍ കൂടി വന്നു .. പാത്രത്തില്‍ മിക്കതിലും എച്ചില്‍ ഉണ്ട് .. അതൊക്കെ ബിന്നിലേക്ക് ഇട്ടിട്ടു വേണം കഴുകാന്‍ . പാത്രങ്ങള്‍ വരുന്ന വേഗം ഇത്തിരി കൂടി ! ഞാന്‍ പണിയില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചു .. ഇതിനിടെ ഒരു ഗ്ലാസില്‍ ജ്യൂസ് കൊണ്ട് വെച്ചു ഷെഫ് !

അടുക്കളയില്‍ സഹായിക്കാന്‍ വരുന്ന ചേച്ചിക്ക് അമ്മ കൊടുക്കുന്നത് കണ്ടിട്ടുണ്ട്.ശോഭെ ഇത് കുടിച്ചിട്ട് ചെയ്‌തോ കേട്ടോ എന്നൊരു ഓര്‍ഡറും.. പെട്ടന്നെന്തോ എനിക്ക് അതാണ് ഓര്മ്മ വന്നത് . ശോഭയ്ക്ക് പറ്റും .. ഒരു വീട്ടിലെ നാല് പാത്രം കഴുകിയാല്‍ മതി … ഇതിപ്പോ എന്നോടെന്തോ വൈരാഗ്യം ഉള്ളത് പോലെയാണ് വെയ്റ്റര്‍മാര്‍ പാത്രങ്ങള്‍ കൊണ്ട് വെയ്ക്കുന്നത് ..

നോക്കി നിന്നപ്പോളെക്കും പാത്രങ്ങളുടെ ഒരു പര്‍വതം എന്റെ മുന്നില്‍..ഞാന്‍ സ്പീഡ് കൂട്ടി . പാത്രങ്ങള്‍ കുന്നു കൂടുന്നു … എന്റെ പുറത്തു രണ്ടു സൈഡിലും കൊളുത്തിട്ടു വലിക്കുന്നത് പോലെ ഒരു വേദന ..ഞാന്‍ എന്നോട് തന്നെ പറഞ്ഞു .. തളരരുത് ..ഇവിടെ നീ തോറ്റാല്‍ ..ഹോ !

വായിച്ചിട്ടുള്ള സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങളില്‍ എല്ലാം ഞാന്‍ മനസ്സ് കൊണ്ട് പരതി.. എങ്ങനെ ജോലി ആകര്‍ഷകമാക്കാം ? ..ഒന്നും കിട്ടിയില്ല .. പുറം പൊളിയുന്ന വേദന .. ഞാന്‍ ക്ലോക്കിലേക്ക് പാളി നോക്കി . 6 മണി . ഷെഫ് ഒരു പാത്രത്തില്‍ ചിക്കന്‍ ഫ്രൈ കൊണ്ട് എന്റെ അടുത്തു വെച്ചു .. ശോഭേ ഇത് കഴിച്ചോ .. ആരോ വിളിച്ചു പറയുന്നത് പോലെ എനിക്ക് തോന്നി ..പാത്രങ്ങളുമായി വരുന്ന വെയ്‌ട്രെസ്സ് എന്നെ ചിരിച്ചു കാണിച്ചു ..

രാജേഷ് ഭായ് ..അബ് യേ ഭി ഥോ ദേനാ ! മനസ്സിലായില്ലേ ? അടുക്കളയിലെ പാത്രങ്ങള്‍ .. അണ്ടാവും , ചീനച്ചട്ടീം , വലിയ ചരുവങ്ങളും കരിഞ്ഞു പിടിച്ച തവകളും ഒക്കെ ഉണ്ട് .. എനിക്ക് തല കറങ്ങി .. എന്ത് ചെയ്യാം ഇറങ്ങി പോയില്ലേ . ഇത് ഡിഷ് വാഷറില്‍ വെയ്ക്കാന്‍ പറ്റില്ല .. ഞാന്‍ നിലത്തു കുത്തിയിരുന്ന് തേച്ചു തുടങ്ങി .
ആപ് ഡിസ്‌കോ ജായേംഗേ ? അസിസ്റ്റന്റ് ഷെഫ് എന്നോട് ചോദിച്ചു .. ഹോ നിലത്തു കുത്തിയിരുന്നു എച്ചില്‍ പാത്രം കഴുകുന്നവനോട് ചോദിയ്ക്കാന്‍ പറ്റിയ ചോദ്യം ! ഞാന്‍ അവനെ നോക്കി ഇളിച്ചു കാണിച്ചു . അവനു ഏകദേശം കാര്യം മനസ്സിലായി എന്ന് തോന്നുന്നു . ഇന്നത്തെ ദിവസം എന്നെ കൊണ്ട് ഇത് കഴുകി തീരുകേല എന്ന് ..അവന്‍ പോയി മുതലാളിയോട് എന്തോ കുശുകുശുത്തു . മുതലാളി അത്രയും നേരം വെറുതെ ഇരുന്ന വേറെ ഒരുത്തനോട് എന്തോ ആംഗ്യം കാണിച്ചു . അവന്‍ വേഗം വന്നു എന്റെ കയ്യില്‍ നിന്നും കരിഞ്ഞ തവ പിടിച്ചു മേടിച്ചു .. ഇവനെ എനിക്ക് നല്ല പരിചയം തോന്നി .. നമ്മടെ നാട്ടിലൊക്കെ കാണാറുള്ള ബംഗാളി ..നീ മറ്റേ പാത്രം തന്നെ കഴുകിയാല്‍ മതി മുതലാളി എന്നോട് ഹിന്ദിയില വിളിച്ചു കൂവി ..

സമയം 8 ആകാന്‍ 3 മിനിട്ട് ആയി .. നീണ്ട 5 മണിക്കൂര് ആകുന്നു . ഞാന്‍ ക്ലോക്കില്‍ തന്നെ നോക്കിയാണ് ഇപ്പൊ പാത്രം കഴുകുന്നത് .സെക്കന്റ് സൂചി വളരെ പതുക്കെയാണ് നീങ്ങുന്നത് .. മൂന്നു മിനിട്ട് കഴിയാന്‍ മൂന്നു മണിക്കൂറ എടുത്തത് പോലെ .. ക്ലോക്ക് 8 അടിക്കാന്‍ തുടങ്ങി ..ഞാന്‍ ഇപ്പൊ കഴുകുന്നത് സ്പൂണും ഫോര്‍ക്കുകളും ആണ് .. ഒരു വലിയ പാത്രത്തില്‍ എല്ലാം കൂടെ ഇട്ടു പൈപ്പ് നു താഴെ വെച്ചു വെള്ളം ചീറ്റിച്ചു … ..

രാജേഷ് ഭായ് … അബ് ജ്യാദാ ലോഗ് നഹി ഹേ ഖാനെ കേലിയെ ..ആപ് ചാഹെ തോ ജാ സക്തേ ഹേ ….ഈ ഡയലോഗ് ആണ് ഞാന്‍ കാസെറ്റ് വലിയുന്നത് പോലെ കേട്ടത് …. ബംഗാളികള്‍ മാലാഖമാരാണ് .. അവര്ക്ക് നമ്മുടെ മനസ്സ് വായിക്കാം ഒറ്റ മിനിറ്റ് കൂടെ കഴിഞ്ഞിരുന്നേല്‍ .. ഒള്ള ബോധം പോയേനെ …..

ഒരു വിധത്തില്‍ ഞാന്‍ കാറില്‍ കയറി .. ഒരു പത്തു മിനിട്ട് എടുത്തു നോര്‍മല്‍ ആകാന്‍ .. ഇല്ല .. പതറില്ല ഞാന്‍ . ഒന്നും സംഭവിക്കാത്തത് പോലെ വേണം അഞ്ജുവിന്റെ മുന്നില്‍ പെരുമാറാന്‍ . കുറെ ഓട്ടോ സജഷന്‍സ് ഒക്കെ പ്രയോഗിച്ചു . രണ്ടു മിനിട്ട് കൊണ്ട് വീട്ടില് എത്തും…

അഞ്ജു കതകു തുറന്നു .. ഒരു നിമിഷം എന്നെ ഒന്ന് ഇരുത്തി നോക്കി . തിരിഞ്ഞു അകത്തേക്ക് പോയി .. ഇവള്‌ക്കെന്തോ പിടി കിട്ടി .. ഞാന്‍ വിചാരിച്ചു .. ഹേയ് ഉണ്ടാവില്ല .. എനിക്ക് തോന്നിയതാവും ..

എങ്ങനെ ഉണ്ടാരുന്നു ജോലീടെ മഹത്വം ? അഞ്ജു കിച്ചണില്‍ നിന്നും വിളിച്ചു ചോദിക്കുന്നു . 
എനിക്ക് വിശക്കുന്നു … ഞാന്‍ പറഞ്ഞു … അപ്പൊ അവിടുന്ന് എന്തോ വേണേലും കഴിക്കാം എന്ന് പറഞ്ഞിട്ടല്ലേ പോയെ ? .. അത് പിന്നെ .. ഞാന്‍ പെട്ടന്നിങ്ങു പോന്നു.കാലു വല്ലാതെ കഴച്ചേ .

ഞാന്‍ മിണ്ടാതിരുന്നു ബിസ്‌കറ്റ് ചായയില്‍ മുക്കി തിന്നു കൊണ്ടിരുന്നു ..
പുറം വേദന കൊണ്ട് ഉണ്ടാകുന്ന ഒരു പ്രത്യേക തരം കണ്ണുനീര്‍ എന്റെ കണ്ണില്‍ നിന്നും ധാരാളമായി വരുന്നുണ്ടായിരുന്നുrajesh
………………………………………….
എന്താണോ എന്തോ പിന്നെ ഇത് വരെ ആ ഹോട്ടലുകാര്‍ വിളിച്ചിട്ടില്ല ! എന്റെ ജോലിയുടെ മഹത്വം !

രാജേഷ് സുകുമാരന്‍ റോസ് കോമണ്‍ 


Scroll To Top