Sunday September 24, 2017
Latest Updates

ഇന്ത്യയിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ലംഘിക്കുന്നു …

ഇന്ത്യയിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ലംഘിക്കുന്നു …

രാജ്യം അപ്രതീക്ഷിതമായൊരു പ്രതിസന്ധിയെ നേരിടുകയാണ്. പ്രധാനമന്ത്രിയുടെ വ്യക്തമായ പ്രസ്താവനയ്‌ക്കേ സംശയങ്ങള്‍ നീക്കാനാവൂ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖരേഖയാണു പരാമര്‍ശിക്കുന്നത്. 1976 മുതല്‍ ആമുഖരേഖയിലുള്ള ‘സോഷ്യലിസ്റ്റ്, ‘മതനിരപേക്ഷം എന്നിവ ഗൂഢമായൊരു ഇടപെടലിലൂടെ ഒഴിവാക്കി 1950ല്‍ ഭരണഘടനയുടെ ആമുഖരേഖയിലുള്ളതു പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതിലൂടെ ബിജെപി മന്ത്രിമാര്‍ തങ്ങള്‍ വന്‍കിട കമ്പനികളുടെ സുഹൃത്തുക്കളും ആര്‍എസ്എസ് തലവന്റെ പിണിയാളുകളുമാണെന്നു വ്യക്തമാക്കുന്നു. മന്ത്രിമാര്‍ ഇതിനെ എങ്ങനെ കാണുന്നുവെന്നത് എനിക്കു പ്രശ്‌നമല്ല. എന്നാല്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ഗുരുതരമായ ഭരണഘടനാ വീഴ്ചയുടെ കുറ്റം ഏറ്റെടുത്തു തിരുത്തല്‍ വരുത്തിയേ തീരൂ. ആമുഖരേഖ ഭരണഘടനയുടെ താക്കോലാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ സോഷ്യലിസവും മതനിരപേക്ഷതയും ലക്ഷ്യമിട്ടു മാത്രമേ ഇന്ത്യയിലെ സര്‍ക്കാരിനു നയങ്ങള്‍ രൂപീകരിക്കാനും ഭരിക്കാനുമാകൂ. സോഷ്യലിസവും മതനിരപേക്ഷതയുംഭരണഘടനയുടെ ആദ്യ ആമുഖരേഖയില്‍ ഇല്ലായിരുന്നുവെന്നും 1976ല്‍ കൂട്ടിച്ചേര്‍ത്തതാണെന്നുമുള്ള വക്രീകരിച്ച വിശദീകരണം പ്രസക്തമല്ല. 

നിലവിലുള്ള ഭരണഘടന പിന്തുടര്‍ന്നുകൊള്ളാമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍ അതു പാലിച്ചേ തീരൂ. ആയിരക്കണക്കിനു വര്‍ഷംമുന്‍പു വിമാനശാസ്ത്രം സ്വന്തമായിരുന്നു എന്നു വിശ്വസിക്കുന്നവര്‍ അതിനും എത്രയോ ശതാബ്ദങ്ങള്‍ക്കു മുന്‍പു പേര്‍ഷ്യയിലെ പറക്കും പരവതാനി കണ്ടെത്തിയ അറബികളാണു വിമാനം കണ്ടുപിടിച്ചവരെന്ന് അംഗീകരിക്കേണ്ടിവരും. ഭരണഘടനയുടെ ആദ്യ ആമുഖരേഖയില്‍ സോഷ്യലിസം ഉണ്ടായിരുന്നില്ല എന്ന വാദവും ശരിയല്ല. വസ്തുതകളും നിയമവും അറിയാത്തതുകൊണ്ടാവാം ഇത്. 

സോഷ്യലിസ്റ്റ് രാഷ്ട്രത്തിനാണു രൂപംനല്‍കുന്നതെന്നു ഭരണഘടന തയാറാക്കുമ്പോഴേ അതിന്റെ വിധാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ‘സോഷ്യലിസം ആമുഖത്തില്‍ ചേര്‍ക്കണമെന്നു പ്രഫ. കെ.ടി. ഷാ ആവശ്യപ്പെട്ടപ്പോള്‍ ‘സോഷ്യലിസം ഭരണഘടനയുടെ നിര്‍ദേശതത്വം ആണെന്നു ഡോ. അംബേദ്കര്‍ വ്യക്തമാക്കിയിരുന്നു. 1976ല്‍ ‘സോഷ്യലിസം ആമുഖരേഖയില്‍ ചേര്‍ത്തതു സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കു സുപ്രീം കോടതി 1983ല്‍ നല്‍കിയ വ്യക്തമായ മറുപടിയും ശ്രദ്ധാര്‍ഹമാണ്. ‘പിന്നീടുള്ള ഭേദഗതിയിലൂടെയാണു സോഷ്യലിസം ഭരണഘടനയുടെ ആമുഖത്തില്‍ വരുന്നതെങ്കിലും സോഷ്യലിസം എന്നും രാഷ്ട്രനയങ്ങളുടെ ലക്ഷ്യവും മാര്‍ഗനിര്‍ദേശ തത്വവുമായിരുന്നു. ഇത് ഊന്നിപ്പറയുന്നതിനും സുവ്യക്തമാക്കുന്നതിനുമുള്ളതാണു ഭേദഗതി. ഇന്ത്യയുടെ ഭരണഘടനയ്ക്കു പൂര്‍ണമായും വിധേയമായി പ്രവര്‍ത്തിച്ചുകൊള്ളാമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതാണെന്ന കാര്യം പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും മറക്കരുത്. നിലവിലുള്ള ആമുഖരേഖയ്ക്കു വിധേയമായി പ്രവര്‍ത്തിക്കാന്‍ ഈ സത്യപ്രതിജ്ഞയിലൂടെ അവര്‍ ബാധ്യസ്ഥരുമാണ്. ഇതിനു വിരുദ്ധമായി പറയുന്നവര്‍ മറ്റു നൂറിലേറെ ഭേദഗതികളും അംഗീകരിക്കുന്നുവോ എന്നതും വ്യക്തമാക്കണം. 

അമേരിക്കയുടെ ഭരണഘടനയുടെ പതിനാലാം ഭേദഗതി പിന്തുടര്‍ന്നു നാം അംഗീകരിച്ചതും നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനതത്വവുമായ എല്ലാ പൗരന്മാര്‍ക്കും തുല്യതയും വിവേചനമില്ലായ്മയും ഉറപ്പാക്കുന്ന പതിനാലാം ഭേദഗതിയെക്കുറിച്ചുള്ള നമ്മുടെ വിശദീകരണം യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെപ്പോലും അമ്പരപ്പിച്ചേക്കാം. വര്‍ണവിവേചനത്തിന് അന്ത്യംകുറിച്ച പതിനാലാം ഭേദഗതി അംഗീകരിക്കില്ലെന്ന നിലപാടായിരുന്നു യുഎസിലെങ്കില്‍ ഒബാമയ്ക്ക് ഒരിക്കലും യുഎസ് പ്രസിഡന്റാകാനാകുമായിരുന്നില്ല. ഈ വിഷയത്തില്‍ ബിജെപി നേതാക്കള്‍ വ്യത്യസ്ത രീതിയിലാണു പ്രതികരിക്കുന്നത്. ആമുഖരേഖയിലെ സോഷ്യലിസവും മതനിരപേക്ഷതയും സര്‍ക്കാര്‍ അംഗീകരിക്കുന്നതായി പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറയുമ്പോള്‍ അവ നീക്കംചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി പ്രമുഖ അഭിഭാഷകനും നിയമമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറയുന്നു. 

മതനിരപേക്ഷതയുടെ കാര്യത്തില്‍ വ്യക്തത അനിവാര്യമാണ്. ‘മതനിരപേക്ഷതഎന്ന വാക്കു ഭരണഘടനയുടെ ആമുഖത്തില്‍ നിന്നു നീക്കുമെന്ന സൂചന പോലും ഇവിടത്തെ സാഹചര്യത്തില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. വ്യര്‍ഥമായ ഈ യത്‌നം രാജ്യദ്രോഹവുമാണ്. ‘മതനിരപേക്ഷത ഭരണഘടനയുടെ അടിസ്ഥാനതത്വമാണെന്നും ആമുഖരേഖ ഭരണഘടനാ വ്യവസ്ഥകളുടെ ഭാഗമാണെന്നും സുപ്രീം കോടതി ബൊമ്മെ കേസില്‍ (1974) അസന്ദിഗ്ധമായി വ്യക്തമാക്കിയതും ഓര്‍ക്കുക. ഭരണഘടനാ ഭേദഗതിക്കുള്ള പാര്‍ലമെന്റിന്റെ അവകാശം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിലോ രൂപഭാവങ്ങളിലോ മാറ്റം വരുത്താന്‍ അനുവദിക്കുന്നില്ലെന്നും 368-ാം ഭേദഗതി സംബന്ധിച്ച കേശവാനന്ദ ഭാരതി കേസില്‍ (1973) സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 

ഭരണഘടനയുടെ അടിസ്ഥാനതത്വമായ മതനിരപേക്ഷത ഒരിക്കലും ഭേദഗതി ചെയ്യാവുന്നതല്ല. അടിസ്ഥാനതത്വമായതുകൊണ്ട് ‘മതനിരപേക്ഷത സ്വാഭാവികമായും ഭരണഘടനയുടെ ആമുഖത്തില്‍ വരേണ്ടതാണു താനും. പ്രിയ പ്രധാനമന്ത്രി, ഇക്കാര്യത്തില്‍ വെറുമൊരു നിഷേധം, അതും വിരുദ്ധഭാവത്തിലുള്ളത്, മതിയാകില്ല. ഭരണഘടനയുടെ കരുത്തും ഊര്‍ജവുമായ ആമുഖരേഖയില്‍ ഗൂഢമായ ഇടപെടലിലൂടെ മാറ്റം വരുത്താനുള്ള ശ്രമം രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഭീതി വളര്‍ത്താനേ ഉപകരിക്കൂ. ‘മന്‍ കി ബാത്, ടിവി പരിപാടികളിലൂടെ ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാട് അറിയിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വൈകിക്കൂടാ. 

ഭരണഘടന അനുശാസിക്കുന്ന സോഷ്യലിസവും മതനിരപേക്ഷതയും തന്റെ സര്‍ക്കാര്‍ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കുമെന്നു പ്രധാനമന്ത്രി തന്നെ ഉറപ്പുനല്‍കണം. വ്യര്‍ഥാഭിമാനത്തിന്റെയും ദുര്‍വാശിയുടെയും പേരില്‍ ഇക്കാര്യത്തില്‍ ചാഞ്ചല്യം കാട്ടുന്നതും വേണ്ടതു ചെയ്യാതിരിക്കുന്നതും രാജ്യത്തിന് അപരിഹാര്യമായ നഷ്ടങ്ങളുണ്ടാക്കും. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന നടത്തിയ പൊതു പ്രസ്താവനകളോടു പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നതും അപകടസൂചകമാണ്. ആപല്‍ക്കരമായ ഈ മൗനം ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും മാപ്പുനല്‍കാനാവാത്ത തെറ്റുമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയുംവേഗം തിരിച്ചറിയുന്നത് രാഷ്ട്രത്തിനു നല്ലതാണ്.

ജസ്റ്റീസ് രജീന്ദര്‍ സച്ചാറിനോട് കടപ്പാട് 

Scroll To Top