Thursday December 08, 2016
Latest Updates

വായനക്കാരെ ഫൂളാക്കി കേരള കൗമുദിയുടെ ഏപ്രില്‍ ഫൂള്‍ വാര്‍ത്ത

വായനക്കാരെ ഫൂളാക്കി കേരള കൗമുദിയുടെ ഏപ്രില്‍ ഫൂള്‍ വാര്‍ത്ത

കൊച്ചി: വായനക്കാരെ ‘ഫൂളാക്കി’ കേരളകൗമുദി പത്രത്തിന്‍റെ ഏപ്രില്‍ ഫൂള്‍ വാര്‍ത്തകള്‍. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത രണ്ടു വാര്‍ത്തകളാണ് കേരളകൗമുദി ഇന്ന് അവരുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. വാര്‍ത്ത വായിച്ചു കഴിഞ്ഞ് മാത്രമെ വായനക്കാരന് മനസ്സിലാകുകയുള്ളു ഇത് ഏപ്രില്‍ ഫൂള്‍ വാര്‍ത്തയാണെന്ന്. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ആദ്യമായിട്ടാണ് ഒരു മലയാള പത്രം ഇത്തരത്തില്‍ വാര്‍ത്ത നല്‍കുന്നത്. വിദേശങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും മലയാളിക്ക് ഇത് പുതുമയാണ്.

കേരള കൗമുദി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ

ഒബാമയും ഭാര്യയും തമ്മില്‍ പൊരിഞ്ഞ വഴക്ക്

വാഷിങ്ടണ്‍: എല്ലാ ദാമ്പത്യ ബന്ധങ്ങളിലും സൗന്ദര്യ പിണക്കങ്ങള്‍ പതിവാണ്. ചില സമയങ്ങളില്‍ പൊരിഞ്ഞ അടിവരെ നടക്കാറുണ്ട്. ഇടിവെട്ടിയുള്ള മഴയ്ക്ക് ശേഷം എല്ലാം ശാന്തമാവുന്നത് പോലെ അതങ്ങ് അവസാനിക്കുകയും ചെയ്യും. എന്നാല്‍ വഴക്കുണ്ടാവുന്നത് ലോകം അറിയപ്പെടുന്ന ഒരു കുടുംബത്തിലാണെങ്കില്‍ എന്തു ചെയ്യും? അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലുമാണ് ഈ അടിപിടി കേസിലെ പ്രതികള്‍. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ നിന്ന് പാത്രങ്ങള്‍ വീണുടയുന്ന ശബ്ദം കേട്ടാണ് സുരക്ഷാ ജീവനാക്കാരും ജോലിക്കാരും സംഭവം അറിഞ്ഞത്. കനത്ത സുരക്ഷാ വലയത്തെ ഭേദിച്ച് പ്രസിഡന്റിന്റെ വസതിയിലേക്ക് കടന്നു കയറി ആരെങ്കിലും ആക്രമണം നടത്തിയെന്നാണ് എല്ലാവരും കരുതിയത്. ഉടന്‍ തന്നെ കൂടുതല്‍ സുരക്ഷാ സേന പാഞ്ഞെത്തി കൊട്ടാരം വളഞ്ഞു. അതിനിടെ സൈനികരില്‍ ഒരാളുടെ ആത്മഗതം,? കൊല്ലപ്പെട്ട ഒസാമ ബിന്‍ലാദന്റെ ആള്‍ക്കാര്‍ വല്ലതും പ്രസിഡന്റിനെ ആക്രമിക്കാന്‍ വന്നതാണോ? ഇത് കേട്ട മറ്റൊരു സൈനികന്‍ പറഞ്ഞത് ചുമ്മാ മണ്ടത്തരം പറയല്ലേ,? ഇത് റഷ്യയില്‍ നിന്നുള്ള ആക്രമണവമാവാനാണ് സാധ്യത എന്നാണ്.

അപ്പോള്‍ വീണ്ടും ടപ്പേ എന്നൊരു ശബ്ദം കേട്ടു. ദേ കിടക്കുന്നു പാത്രങ്ങള്‍ നാലെണ്ണം. പിന്നെ ഒരു ആക്രോശവും. സുരക്ഷാ സൈനികര്‍ പതിയെ ശബ്ദം കേട്ട ഭാഗത്ത് എത്തി. നിങ്ങള്‍ എന്തു കരുതി ഞാന്‍ വെറും ഭാര്യയാണെന്നോ?? കുറെ നാളായി കേള്‍ക്കുന്നു. സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ. കൂടുതല്‍ കളിച്ചാലേ പ്രസിഡന്റിന്റെ ഭാര്യയാണൊന്നും നോക്കില്ല,? എന്റെ തനി സ്വഭാവം ഞാനങ്ങ് കാണിക്കും പറഞ്ഞേക്കാം? ഒബാമയുടെ ഭാര്യ മിഷേല്‍ തണുക്കുന്ന ലക്ഷണമില്ല.

ഇത് കണ്ട ഒബാമ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ നില്‍ക്കുകയാണ്. എന്താ മനുഷ്യാ നിങ്ങളുടെ നാവിറങ്ങിപ്പോയോ?? ഞാന്‍ ചോദിച്ചതിന് മറുപടിയൊന്നും ഇല്ലേ. അതോടെ ഒബാമയുടെ കണ്‍ട്രോള്‍ പോയി. നീ ആരാന്നാടി നിന്റെ വിചാരം. ലോകം മൊത്തം കറങ്ങാന്‍ പോവുമ്പോള്‍ നിന്നെയും കൂടെ എഴുന്നള്ളിച്ച എന്നെ വേണം പറയാം. ഇപ്പോള്‍ ഞാന്‍ മോശക്കാരന്‍,? നിനക്ക് എന്നെ പിടിക്കുന്നില്ല അല്ലേ. ഒരു കൊല്ലം കൂടി കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനമങ്ങ് പോവും. അപ്പോള്‍ നീയൊക്കെ പഠിക്കും. മേലും കീഴും നോക്കാതെ അഹങ്കരിക്കുകയാ. ഇത് കേട്ട് അരിശം മൂത്ത മിഷേല്‍ ഡൈനിംഗ് ടേബിളിലിരുന്ന കുപ്പി ഗ്ലാസ് വലിച്ചൊരേറ്. ഇതെല്ലാം കണ്ട് സൈനികര്‍ നില്‍ക്കുന്ന ജനാലയ്ക്കരികില്‍ വീണാണ് ഗ്ലാസ് പൊട്ടിയത്. ജനാലയ്ക്ക് സമീപം നിന്ന് സൈനികനാവട്ടെ എല്ലാം തന്റെ ഫോണില്‍ റെക്കാഡ് ചെയ്യുകയായിരുന്നു. നാളെ വാട്‌സ് ആപ്പില്‍ മറ്റും ഇടാനുള്ളതാ. ഫേസ്ബുക്കിലിട്ടാല്‍ അതിനും കിട്ടും കുറെ ലൈക്കും കമന്റും.

എല്ലാം എറിഞ്ഞ് പൊട്ടിക്ക്. പോവുമ്പോള്‍ ഇതിന്റെയെല്ലാം നഷ്ടപരിഹാരം അവര് വാങ്ങിച്ചോളും. പൊതു മുതല്‍ തല്ലിപ്പൊട്ടിച്ച ശേഷം നഷ്ടപരിഹാരം കൊടുക്കാതെ പോവാന്‍ ഇത് ഇന്ത്യയൊന്നുമല്ല? ഒബാമ അലറുകയാണ്. പിന്നെ കേട്ടത് ഡും ഡും എന്ന ശബ്ദം മാത്രമാണ്. എന്താണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായതുമില്ല.

മൂന്ന് മിനിട്ടോളം നിശബ്ദത. സൂചി വീണാല്‍ കേള്‍ക്കാം. അപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്ക് കാര്യം മനസിലായത്. ഒബാമയുടെ മുതുകത്ത് മിഷേല്‍ ചപ്പാത്തി പരത്തുകയായിരുന്നു. ഇടപെടണോ വേണ്ടയോ എന്ന് ആലോചിച്ച് സൈനികര്‍ തല പുണ്ണാക്കുന്നതിനിടെ ഒബാമ തറയില്‍ നിന്ന് എഴുന്നേറ്റു. മിഷേല്‍ തന്നെ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു കൊണ്ട് മുറിയിലേക്ക് പോയി. അതിനിടെ മിഷേലിന്റെ കമന്റ് മുടിഞ്ഞ ഭാരം തന്നെ….

ഏതായാലും അമേരിക്കയുടെ പ്രഥമ പൗരന്റെ കുടുംബത്തിലുണ്ടായ ഈ വഴക്ക് വാട്‌സ്ആപ്പ് വഴി ചൂടപ്പം പോലെ പ്രചരിക്കുകയാണ്. വൈറ്റ് ഹൗസിലുള്ളവര്‍ പൊടിപ്പും തൊങ്ങലും വച്ച് വായ്‌മൊഴിയായും സംഭവം പ്രചരിപ്പിക്കുന്നുണ്ട്. ഏറ്റവും വലിയ പ്രശ്‌നം അതല്ല,? ഈ വാട്‌സ് ആപ്പ് ദൃശ്യങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്റെ കൈയിലും എത്തിയിട്ടുണ്ട്.

മോഡി ക്ഷണിച്ചു, യശോദ ബെന്‍ ഇനി പ്രധാനമന്ത്രിയുടെ ഭാര്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യയായി ജീവിക്കാനുള്ള യശോദ ബെന്നിന്റെ ആഗ്രഹം സഫലമാവുന്നു. എല്ലാ ഭിന്നതകളും മറന്ന് മോഡി തന്നെയാണ് യശോദയെ തന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. മേയില്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച് പ്രധാനമന്ത്രിയായ ശേഷം മോഡി ക്ഷണിച്ചാല്‍ താന്‍ ഒപ്പം ജീവിക്കാന്‍ തയ്യാറാണെന്ന് യശോദ വ്യക്തമാക്കിയിരുന്നു.

ബാല്യകാലത്താണ് ഇരുവരുടെയും സമുദായാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ നടന്നത്. ബാല്യത്തിലും പതിമ്മൂന്നാമത്തെ വയസിലുമുള്ള ചടങ്ങുകള്‍ കഴിഞ്ഞിരുന്നു. ഒരുമിച്ച് താമസം തുടങ്ങാനുള്ള മൂന്നാമത്തെ ചടങ്ങായ ഗുന നടത്തുന്നതിനായി ഇരുകുടുംബങ്ങളും തയ്യാറെടുക്കവെ പതിനെട്ടാം വയസില്‍ മോഡി വീടുവിട്ടു പോവുകയായിരുന്നു. ഇതിനിടെ 1987ല്‍ മാത്രമാണ് ഇരുവരും പരസ്പരം കണ്ടത്. പഠിക്കാനും ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാനും തന്നെ പ്രേരിപ്പിച്ചത് മോഡിയാണെന്ന് യശോദ ബെന്‍ നേരത്തെ പറഞ്ഞിരുന്നു.

ചൊവ്വാഴ്ച വൈകിട്ടാണ് യശോദയെ തേടി മോഡിയുടെ ക്ഷണം എത്തിയത്. വിവരമറിഞ്ഞ യശോദ ആദ്യമൊന്ന് അമ്പരന്നു. എന്നാല്‍ ഉടന്‍ തന്നെ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി. അദ്ദേഹം തന്നെ ഒരിക്കല്‍ ജീവിതത്തിലേക്ക് ക്ഷണിക്കും എന്ന് ഉറപ്പുണ്ടായിരുന്നു എന്നായിരുന്നു ഇത് സംബന്ധിച്ച് യശോദയുടെ പ്രതികരണം. മോഡി ക്ഷണിച്ച സാഹചര്യത്തില്‍ മുടങ്ങിപ്പോയ ഗുന വീണ്ടും നടത്താനും തീരുമാനിച്ചു. ചടങ്ങിലേക്ക് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കമുള്ള ദക്ഷിണേഷ്യയിലെ നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.

(ഈ വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല)

Scroll To Top