Wednesday January 17, 2018
Latest Updates

പ്രേക്ഷകലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ‘അമര്‍ അക്ബര്‍ ആന്റണി’ വെള്ളിയാഴ്ച്ച മുതല്‍ ഡബ്ലിനില്‍ വീണ്ടുമെത്തും 

പ്രേക്ഷകലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ‘അമര്‍ അക്ബര്‍ ആന്റണി’ വെള്ളിയാഴ്ച്ച മുതല്‍ ഡബ്ലിനില്‍ വീണ്ടുമെത്തും 

ഡബ്ലിന്‍ :ആദ്യവരവില്‍ കാണാനുള്ള അവസരം നഷ്ട്ടപ്പെട്ടവര്‍ക്ക് വീണ്ടും അവസരമൊരുക്കി അമര്‍ അക്ബര്‍ അന്തോണി നാളെ മുതല്‍ വീണ്ടും ഡബ്ലിനില്‍ എത്തുന്നു.താലയിലെയും സാന്‍ട്രിയിലേയും ഐ എം സി യിലാണ് വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 6 മണിയ്ക്ക് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

ചിരിപ്പിക്കാമെന്ന പ്രകടനപത്രികയുമായെത്തി വെറുപ്പിച്ചകറ്റുന്ന സങ്കരസൃഷ്ടികള്‍ക്കിടയില്‍ അമര്‍ അക്ബര്‍ അന്തോണി ചിന്ത കൈവിട്ട ചിരിയെ വരവേല്‍ക്കുന്ന രസികന്‍ സിനിമയാണ്. ചില്ലറ റോളുകളിലും,പാട്ടെഴുത്തുകാരനായി സിനിമയില്‍ ചുരുങ്ങിയ നാദിര്‍ഷയ്ക്ക് സംവിധായകനായുള്ള കന്നിവരവില്‍ ജനപ്രിയതയുടെ രസതന്ത്രമറിഞ്ഞ് സിനിമയില്‍ സാന്നിധ്യമറിയിക്കാന്‍ സാധിച്ചു. 

പൃഥ്വിരാജ്,ഇന്ദ്രജിത്ത്,ജയസൂര്യ എന്നീ താരങ്ങളെ ഒരുമിച്ചഭിനയിപ്പിച്ച ചിത്രം ട്വന്റി ട്വന്റിയോ ഹരികൃഷ്ണന്‍സോ പോലെ കഥയുടെയും പ്രകടനത്തിന്റെയും പാട്ടിലെയും പങ്കിട്ടെടുപ്പാകുമെന്ന മുന്‍വിധി നാദിര്‍ഷ ഇല്ലാതാക്കി. കഥാപാത്രങ്ങളെ ഉറപ്പിച്ചുനിര്‍ത്താന്‍ കെല്‍പ്പുള്ള രസച്ചേരുവയും തിരക്കഥയും സിനിമയ്ക്ക് ഉണ്ട്. 

അമര്‍ പൃഥ്വിരാജും അക്ബര്‍ ജയസൂര്യയും അന്തോണി ഇന്ദ്രജിത്തുമാണ്. മട്ടാഞ്ചേരിയിലെ മൂന്ന് ചെറുപ്പക്കാര്‍. അവനവനെ അലോസരപ്പെടുത്താത്ത സാമൂഹ്യബോധവും നീതിബോധവും മതി ജീവിതത്തിലെന്നാണ് മൂവരുടെയും വിശ്വാസം.തായ് ലണ്ടിലെ പട്ടായയിലേക്കുള്ള ടൂറിന് ശമ്പളത്തില്‍ നിന്ന് മിച്ചം വച്ച് പണം സ്വരൂപിക്കുകയാണ് അമര്‍ അക്ബര്‍ അന്തോണിമാര്‍.

കൃത്യമായ തുടര്‍സൂചനകള്‍ നല്‍കാത്ത ഒരു രംഗത്തില്‍ നിന്നാണ് തുടക്കം. സകല ജനറേഷന്‍ സിനിമകള്‍ക്കും ഒരു കഥ പറച്ചിലുകാരന്റെ കൂട്ട് വേണം. ഇവിടെയും ഉണ്ട്.പിന്നാലെ അമറിനെയും അക്ബറിനെയും അന്തോണിയെയും ഭൂതകാലസഹിതം ഹാജരാക്കുന്നു. ഇവരുടെ പൂവാലജീവിതം,കുടുംബം,പ്രാരാബ്ധം, ഉത്തരവാദിത്വമില്ലായ്മയുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ഇങ്ങനെ കൃത്യമായൊരു ഒഴുക്കിനൊപ്പം പൊട്ടിചിരിപ്പിച്ചുനീങ്ങുകയാണ് ആദ്യപകുതി.aaal 
സിനിമകളിലെ പതിവ് സാന്ദര്‍ഭിക തമാശകള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ട്രോളുകളുടെ ശൈലി വരെ കൃത്യമായി വിന്യസിപ്പിച്ചിട്ടുണ്ട്. ആത്മപരിഹാസ സ്വഭാവത്തില്‍ പൃഥ്വിരാജ് എന്ന താരത്തെ ചൂണ്ടിയുള്ള തമാശയ്ക്കും തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും സാധ്യത തേടി. അടുക്കും ചിട്ടയുമില്ലാതെ കുറെ കഥാപാത്രങ്ങളെ ചിരി തീര്‍ക്കാനായി ഒന്നിനുപുറകെ ഒന്നായി തുറന്നുവിട്ട് ആസ്വദിക്കാവുന്ന ഒരു സീന്‍ പോലും ഇല്ലാതാക്കലാണ് സമീപകാലത്തെ മിക്ക ഹാസ്യചിത്രങ്ങളുടെയും പോരായ്മ. 

ഇവിടെ കഥാഗതി ആവശ്യപ്പെടുന്ന മുറയ്ക്ക് മാത്രം കഥാപാത്രങ്ങളുടെ പ്രവേശവും ആഖ്യാനപദ്ധതിയില്‍ അവര്‍ക്കെല്ലാം സ്വഭാവ വ്യാഖ്യാനത്തോടൊപ്പം കൃത്യമായ പ്രാതിനിധ്യം നല്‍കിയതും കാണാം. കലാഭവന്‍ ഷാജോണിന്റെ ജടായു എന്ന കഥാപാത്രം, രമേഷ് പിഷാരടിയുടെ ഉണ്ണി, ശ്രീരാമന്റെ മാഷ് എന്നിവരെ കഥയിലേക്ക് പ്രവേശിപ്പിക്കുന്നതും വീണ്ടും ഉപയോഗിച്ചതും ശ്രദ്ധിച്ചാല്‍ ഇക്കാര്യം പിടികിട്ടും.

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ ചില മുന്‍കാല സിനിമകള്‍ പ്രദര്‍ശനശാലകളെക്കാള്‍ നന്നായി മലയാളിയുടെ നൊസ്റ്റാള്‍ജിയ അയവെട്ടലിനൊപ്പം അടുത്തകാലത്ത് ആഘോഷിക്കപ്പെടുന്നുണ്ട്. പ്രധാനമായും സത്യന്‍ അന്തിക്കാട്, സിദ്ദീഖ്‌ലാല്‍, റാഫി മെക്കാര്‍ട്ടിന്‍, ഷാഫി ചിത്രങ്ങളാണ് ചിരിയുടെ വീണ്ടെടുപ്പായി പുനരാസ്വാദനത്തിന് വിധേയമാകാറുള്ളത്. ലളിതവും സരളവും യുക്തിഭദ്രവുമായി നര്‍മ്മത്തെ കൈകാര്യം ചെയ്യുന്ന സിനിമകളുടെയും, ആക്ഷേപഹാസ്യചിത്രങ്ങളുടെയും കുറ്റിയറ്റു പോയതാണ് കാരണം. പകരം ദ്വയാര്‍ത്ഥ തമാശകളുടെയും തറവളിപ്പുകളുടെയും പഴഞ്ചേരുവകളുടെയും സംയുക്തനിര്‍മ്മിതിയായ ചില ചവറുകളാണ് ഉല്‍സവസിനിമകളായി മലയാളിയുടെ ഉല്‍സവകാലം കലക്കിയത്. 1983, വെള്ളിമൂങ്ങ എന്നീ സിനിമകള്‍ ഇക്കൂട്ടത്തില്‍ പെടാതെ ചിരിയും ചിന്തയുമൊരുക്കി . ചാനലുകളിലെ കോമഡി ഷോകളുടെയും കോമഡി സീരിയലുകളുടെയും നിലവാരം മിക്ക സിനിമകള്‍ക്കും പുലര്‍ത്താനുമായില്ല. ഈ സാഹചര്യത്തെ അല്‍പമെങ്കിലും ഉള്‍ക്കൊണ്ടാണ് നാദിര്‍ഷ ചിത്രമൊരുക്കിയതെന്ന് തോന്നുന്നു. നിലവാരമുള്ള ഹാസ്യം എന്ന് പൂര്‍ണതോതില്‍ പറയാനാകില്ലെങ്കിലും നിര്‍ദോഷനിരര്‍ത്ഥക നര്‍മ്മത്തിലൂന്നിയുള്ള പാക്ക്ഡ് എന്റര്‍ടെയിനറാകാന്‍ അമര്‍ അക്ബര്‍ അന്തോണിക്ക് കഴിഞ്ഞിട്ടുണ്ട്.

കഥാപാത്രങ്ങളായെത്തുന്ന അഭിനേതാക്കളുടെ ഹാസ്യമുഹൂര്‍ത്തങ്ങളിലെ ടൈമിംഗും. അവര്‍ക്കിടയില്‍ സംഭവിക്കുന്ന തിരക്കഥയില്‍ ഇല്ലാത്ത ചില കൊടുക്കല്‍ വാങ്ങലുകളുമാണ് തമാശകളെ ചിരിയലകളാക്കി മാറ്റുന്നത്. പൃഥ്വിരാജ്ഇന്ദ്രജിത്ത്ജയസൂര്യ എന്നീ അഭിനേതാക്കള്‍ക്കിടയില്‍ ഇത്തരത്തിലൊരു രസതന്ത്രവും അകവിനിമയവും നടപ്പായിട്ടുണ്ട്. പ്രസരിപ്പുള്ള ഇവരുടെ പ്രകടനം കൂടിയാണ് സിനിമയെ രസാവഹമാക്കുന്നത്. കോമഡി സീനുകളിലെ വഴക്കമില്ലായ്മയെ ഡബിള്‍ ബാരലിനു പിന്നാലെ പൃഥ്വിരാജ് മികവോടെ മറികടക്കുന്നു.

കൂട്ടം കൂടിയുള്ള ചിരിനിമിഷങ്ങളില്‍ പ്രകടനത്തില്‍ മുന്നേറാനാകാത്ത ഉള്‍വലിവിനെയും പൃഥ്വി പരിഹരിക്കുന്നുണ്ട്. ജയസൂര്യ ഹാസ്യറോളുകളില്‍ തനിക്കുള്ള മേല്‍ക്കൈ അമര്‍ അക്ബര്‍ അന്തോണിയിലും ആവര്‍ത്തിക്കുന്നു. ചില രംഗങ്ങളില്‍ പൃഥ്വിയെയും ഇന്ദ്രജിത്തിനെയും നിഷ്പ്രഭരാക്കി ഒരു പടി ഉയര്‍ന്നു നില്‍ക്കുന്നുമുണ്ട് അക്ബറിനെ സ്വാഭാവികതയോടെ അവതരിപ്പിക്കുന്ന ജയസൂര്യ. ചില കൗണ്ടര്‍ ഡയലോഗുകളില്‍ അസാമാന്യ ടൈമിംഗും ഈ നടന്‍ പ്രകടമാക്കുന്നു. ഹ്യൂമര്‍ റോളുകളില്‍ സ്വതസിദ്ധശൈലിയുള്ളയാണ് ഇന്ദ്രജിത്ത്. സങ്കീര്‍ണതയുള്ള ഭാവപരിസരമായാലും തട്ടുപൊളിപ്പന്‍ തമാശകളിലായാലും ഒരേ പോലെ അനായാസമാക്കാന്‍ ഇന്ദ്രജിത്തിന് കഴിഞ്ഞിട്ടുണ്ട്.

വെള്ളിമൂങ്ങ എന്ന ചിത്രത്തിനു ശേഷം സാജു നവോദയ ചിരിപ്പിച്ച സിനിമ കൂടിയാണ് അമര്‍ അക്ബര്‍ അന്തോണി. കലാഭവന്‍ ഷാജോണിന്റെ ജടായു എന്ന കഥാപാത്രത്തെയും രമേശ് പിഷാരടിയുടെ ഉണ്ണി എന്ന കഥാപാത്രത്തെയും തമാശയിലേക്ക് ഒഴുക്കിവിട്ടില്ല നാദിര്‍ഷ. സ്‌പെല്ലിംഗ് മിസ്റ്റേക്ക് തമാശകളുമായി ശിങ്കിടി കഥാപാത്രങ്ങളുടെ ആധിക്യവുമില്ല.

മുഴുനീളഹാസ്യ ചിത്രമാകുന്നതിനു പകരം ചെറു ട്വിസ്റ്റുകളിലേക്ക് മറിഞ്ഞും തിരിഞ്ഞും സമാന്തരമായി ഒരു ത്രില്ലര്‍ ട്രാക്ക് സൃഷ്ടിക്കാന്‍ സിനിമ ശ്രമിച്ചിട്ടുണ്ടെങ്കിലും വൈകാരികതയിലേക്കുള്ള വഴിതിരിയല്‍ മാത്രമാണ് സംഭവിക്കുന്നത്. കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ സര്‍വ്വസമ്മതിയുണ്ടാക്കും വിധം സിനിമയുടെ ഭാഗമാക്കുകയാണ് നാദിര്‍ഷ. 

ആണ്‍കഥയില്‍ ആട്ടമാടുന്നതിനപ്പുറം നമിതാ പ്രമോദ്, സോനാ, ആകാംഷാ പുരി എന്നിവര്‍ക്ക് ഒന്നും ചെയ്യാനായില്ല. ഒരേ ഭാവങ്ങളിലെ മടുപ്പന്‍ പകര്‍പ്പാണ് നമിതയുടെ ഓരോ സിനിമയും. പരാമര്‍ശങ്ങളിലും കഥയിലും നല്‍കിയ പ്രാധാന്യം ശ്രിന്ദയുടെ കഥാപാത്രത്തിന് പ്രകടനത്തില്‍ ലഭിച്ചില്ല.

കോമഡിയും ആക്ഷനും കുറച്ച് സസ്‌പെന്‍സുമൊക്കെ സങ്കീര്‍ണതകളില്ലാതെ ചേരുവയാക്കിയ ഒരു സിനിമ.ഒരു കാര്യം പക്ഷേ ഉറപ്പ്. ചിരി മാത്രം ലക്ഷ്യമെടുത്ത് ടിക്കറ്റെടുക്കുമ്പോള്‍ മുഷിപ്പിക്കാതെ മടക്കി അയക്കും അമര്‍ അക്ബര്‍ അന്തോണി.നല്ല ഒരു സിനിമയെന്ന് തീയേറ്ററില്‍ നിന്നും തിരികെ ഇറങ്ങുമ്പോള്‍ നിങ്ങള്‍ പറയുകയും ചെയ്യും..

എന്‍ മനീഷ്
imc
Scroll To Top