Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ വില്‍ക്കുന്ന പെട്രോളില്‍ വ്യാപകമായി മണ്ണെണ്ണ കലരുന്നു; വാഹനങ്ങള്‍ കേടാകുന്നത് പതിവാകുന്നു

അയര്‍ലണ്ടില്‍ വില്‍ക്കുന്ന പെട്രോളില്‍ വ്യാപകമായി മണ്ണെണ്ണ കലരുന്നു; വാഹനങ്ങള്‍ കേടാകുന്നത് പതിവാകുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പെട്രോളില്‍ വ്യാപകമായി മായമുണ്ടെന്ന് കണ്ടെത്തല്‍. മായം കലര്‍ന്ന പെട്രോള്‍ അടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 500 ലധികം കാറുകള്‍ കേടായതായാണ് റിപ്പോര്‍ട്ട്. അയര്‍ലണ്ടില്‍ വില്‍ക്കുന്ന പെട്രോളില്‍ വ്യാപകമായി മണ്ണെണ്ണ കലരുന്നതായി കണ്ടെത്തി. ഇതാണ് വാഹനങ്ങള്‍ വ്യാപകമായി കേടാകാന്‍ കാരണം. ഇത് വാഹന ഉടമകളുടെ പോക്കറ്റ് കാലിയാക്കുന്നത് കൂടാതെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും വ്യാപക നഷ്ടം വരുത്തുന്നു. സമീപകാലത്ത് വാഹനങ്ങള്‍ കേടായതിലൂടെ 2 മില്യന്‍ യൂറോയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.ഓട്ടോട്രേഡ് ഡോട്ട് ഐഇയാണ് ഈ കണക്ക് പുറത്ത് വിട്ടത്. 

രണ്ടാഴ്ച മുമ്പ് വരെ 100 ഓളം കാറുകള്‍ കേടായതായിരുന്നു കണക്ക്. എന്നാല്‍ വെള്ളിയാഴ്ച നടത്തിയ ഒരു സര്‍വേ പ്രകാരം അഞ്ഞൂറിലധികം കാറുകള്‍ കേടായതായി കണ്ടെത്തി. അതിര്‍ത്തി കൌണ്ടികളില്‍ നിന്നും രാജ്യത്തിന്റെ ഗാല്‍വേ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും മിഡ്‌ലാന്‍ഡ്‌സിലെ(ലൗത്,മീത്ത് ,ലോങ്ങ് ഫോര്‍ഡ്,ഒഫാലി) ഏതാനും പമ്പുകളില്‍ നിന്നും പെട്രോള്‍ അടിച്ച വാഹനങ്ങളിലാണ് തകരാറ് കണ്ടെത്തിയത്. മണ്ണെണ്ണ കലര്‍ന്ന പെട്രോള്‍ അടിച്ചതതിലൂടെ വാഹനങ്ങളുടെ എഞ്ചിന്‍ പൂര്‍ണ്ണമായി കേടാവുകയോ, ഭാഗികമായി പ്രവര്‍ത്തനരഹിതമാകുകയോ ചെയ്തു. മായം കലര്‍ന്ന പെട്രോളില്‍ 6 മുതല്‍ 10 ശതമാനം വരെ മണ്ണെണ്ണയുടെ അംശം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 

മണ്ണെണ്ണ ലിറ്ററിന് 80 സെന്റ് വിലയാകുമ്പോള്‍ പെട്രോളിന് 1.55 യൂറോയാണ് വില. ഇതാണ് പെട്രോളില്‍ വ്യാപകമായി മണ്ണെണ്ണ കലര്‍ത്താന്‍ കാരണമെന്നാണ് അധികൃതരുടെ നിഗമനം. മായം കലര്‍ന്ന പെട്രോള്‍ അടിച്ച് കേടാകുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കില്ലെന്ന് ഈയിടെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.ഇതോടെ മണ്ണെണ്ണ കലര്‍ന്ന പെട്രോള്‍ അടിച്ച് തകരാറിലാകുന്ന വാഹനങ്ങളുടെ മുഴുവന്‍ സാമ്പത്തിക നഷ്ടവും ഉടമയുടെ തലയിലായിരിക്കുകയാണ്.

Scroll To Top