Sunday December 04, 2016
Latest Updates

നാമയുടെ വസ്തുക്കള്‍ വിലകുറച്ച് വിറ്റതിന് കൂട്ട് നിന്നെന്ന് ആരോപണം :മൈക്കില്‍ നൂനന്‍ അടക്കമുള്ള ഫിനഗേല്‍ നേതാക്കള്‍ കുടുക്കിലേയ്ക്ക്

നാമയുടെ വസ്തുക്കള്‍ വിലകുറച്ച് വിറ്റതിന് കൂട്ട് നിന്നെന്ന് ആരോപണം :മൈക്കില്‍ നൂനന്‍ അടക്കമുള്ള ഫിനഗേല്‍ നേതാക്കള്‍ കുടുക്കിലേയ്ക്ക്

ഡബ്ലിന്‍:അഞ്ചു വര്‍ഷം രാജ്യം ഭരിച്ച ശേഷം പ്രധാനമന്ത്രി എന്‍ട കെന്നി വീണ്ടും ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജി വെച്ചതിനു തൊട്ടു പിന്നാലെ ഫിനഗേല്‍ പാര്‍ട്ടി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.സര്‍ക്കാര്‍ ഏജന്‍സിയായ നാമയുടെ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ ഒരു പ്രൊജക്റ്റ്, അമേരിക്കന്‍ കമ്പനിയ്ക്ക് വില താഴ്ത്തി കൊടുത്ത് വന്‍തുക കമ്മീഷന്‍ വാങ്ങാനായി അവസരം ഒരുക്കി എന്നാണ് ഫിനഗേലിനെതിരെ ഉയര്‍ന്നിട്ടുള്ള ആദ്യ ആരോപണം.കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ രാജിവെച്ച സര്‍ക്കാരിനെതിരെ ഉണ്ടാവുമെന്നും എന്‍ട കെന്നിയ്ക്കും ഫിനഗേലിനും വീണ്ടും ഒരു സര്‍ക്കാരിന് നേതൃത്വം കൊടുക്കാനാവാത്ത വിധം പ്രശ്‌നങ്ങള്‍ വളരുന്നുവെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

നാമയുടെ ഉടമസ്ഥതയിലേയ്ക്ക് നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ വന്നുപെട്ട 4.3 ബില്യന്‍ പൗണ്ട് മുഖവില വരുന്ന വസ്തു വകകള്‍ വെറും 1.3 ബില്യന്‍ പൌണ്ടിന് വില്‍ക്കാന്‍ അനുമതി നല്കിയത് സംബന്ധിച്ചാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.വില കുറച്ചാണ് വില്ക്കുന്നത് എന്ന് ഉറപ്പുണ്ടായിട്ടും അവ തടയാന്‍ ശ്രമിച്ചില്ലെന്നും,ഇടപാടുമായി ബന്ധപ്പെട്ട് നാമയുടെ അഡ്വൈസര്‍മാര്‍ 7.7 മില്യന്‍ യൂറോ അനധികൃതമായി വരുമാനം ഉണ്ടാക്കിയതിന് മൗനാനുവാദം നല്കിയെന്നുമാണ് ബിബിസി മുഖേനെ ആരോപണം ഉയര്‍ന്നത്.

മൈക്കില്‍ നൂനനും ഫിനഗേലും പാര്‍ട്ടിയുടെ ഇടപെടലിനെ ചൊല്ലിയുള്ള ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും തെളിവുകള്‍ അവര്‍ക്കെതിരാണ് എന്ന് നിരീക്ഷകര്‍ പറയുന്നു.പുതിയ ഒരു മന്ത്രിസഭ ഫിനഗേലിന്റെ നേതൃത്വത്തില്‍ ഉണ്ടാകാനുള്ള സാധ്യതകളെ പോലും തകര്‍ക്കുന്നതാണ് പുതിയ ആരോപണം.കെന്നി മാറിയാല്‍ പകരം നേതാവായി വരാന്‍ പോലും സാധ്യതയുണ്ടായിരുന്ന മൈക്കില്‍ നൂനന്റെ പ്രതീക്ഷകളും പുതിയ സംഭവ വികാസങ്ങള്‍ പ്രതികൂലമായി ബാധിക്കും.

ഇന്നലെ ഡയലില്‍ നടന്ന സുദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഒരു രാഷ്ട്രീയ നേതാവിനും പിന്തുണ നേടാനാവാതെ വന്നതിനെ തുടര്‍ന്നാണ് കെന്നി രാജി വെച്ചത്.രാഷ്ട്രപതി ഭവനില്‍ എത്തി രാജി സമര്‍പ്പിച്ച കെന്നിയോടു താത്കാലികമായി അധികാരത്തില്‍ തുടരാനും 22 നു പുതിയ നേതൃ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ചുമതലകള്‍ വഹിക്കാനും രാഷ്ട്രപതി ആവശ്യപ്പെട്ടിട്ടുണ്ട്

Scroll To Top