Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ നിന്നും 22 ലക്ഷം യൂറോയുടെ ഇന്‍ഷുറന്‍സെടുത്ത ഇന്ത്യന്‍ യുവതിയുടെ മരണത്തില്‍ ദുരൂഹത:ക്ലെയിം നല്‍കില്ലെന്ന് കമ്പനികള്‍ 

ഡബ്ലിനില്‍ നിന്നും 22 ലക്ഷം യൂറോയുടെ ഇന്‍ഷുറന്‍സെടുത്ത ഇന്ത്യന്‍ യുവതിയുടെ മരണത്തില്‍ ദുരൂഹത:ക്ലെയിം നല്‍കില്ലെന്ന് കമ്പനികള്‍ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നും 22 ലക്ഷം യൂറോയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയെടുത്ത യുവതി ഇന്ത്യയില്‍ വെച്ച് മുങ്ങി മരിക്കാന്‍ ഇടയായ സംഭവത്തില്‍ യുവതിയുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് കമ്പനി നഷ്ട്ടപരിഹാരം നിരസിച്ചു. സംഭവത്തെകുറിച്ച് പുനരന്വേഷണം നടത്തിയ ശേഷം മാത്രമേ നഷ്ടം നല്‍കാനാവുകയുള്ളൂ എന്ന നിലപാടിലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍.

നാല് വ്യത്യസ്ത കമ്പനികളില്‍ നിന്നായി എടുത്ത പോളിസികള്‍ക്കായി യുവതിയുടെ മരണത്തെ തുടര്‍ന്ന് ഭര്‍ത്താവ് ക്ലെയിം ഉന്നയിച്ചപ്പോഴാണ് സംഭവത്തില്‍ സംശയം തോന്നിയ കമ്പനികള്‍ ഇന്ത്യയില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷം ക്ലെയിം അപേക്ഷ നിരസിച്ചത്..

മരിച്ച യുവതിയുടെ ഭര്‍ത്താവ് ,ഡബ്ലിനിലെ കാസില്‍ നോക്കിലെ കാര്‍പെന്റെഴ്‌സ് ടൌണില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശി മാധവറെഡ്ഡി ജോജി റെഡ്ഡി ഇതേ തുടര്‍ന്ന് ഫ്രണ്ട്‌സ് ഫസ്റ്റ് ,ഐറിഷ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് എതിരെ ഡബ്ലിനിലെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ രണ്ട് കമ്പനികളില്‍ നിന്നും മാത്രമായി ഇദ്ദേഹം ഭാര്യയുടെ പേരില്‍ 5 ലക്ഷം യൂറോ വീതമുള്ള ഓരോ പോളിസികള്‍ എടുത്തിരുന്നു.

ഇത് കൂടാതെ ന്യൂ അയര്‍ലണ്ട് അഷ്വറസില്‍ നിന്നും 7 ലക്ഷം യൂറോയുടെയും,അവിവ ലൈഫില്‍ നിന്നും 5 ലക്ഷം യൂറോയുടെയും 
ലൈഫ് ഇന്‍ഷുറന്‍സും ജോജി റെഡ്ഡി ഭാര്യ ഇന്ദിര സുറാമിന്റെ പേരില്‍ എടുത്തിരുന്നു.2006 ലെ ഒക്‌റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ജോജി ഭാര്യയുടെ പേരില്‍ പോളിസികള്‍ സംഘടിപ്പിച്ചത്.മറ്റു കമ്പനികളില്‍ നിന്നും പോളിസി എടുത്തിട്ടുണ്ടെന്ന കാര്യവും ജോജി മറച്ചു വെച്ചു.

2014 ലെ ഇന്ത്യന്‍ യാത്രയ്ക്കിടയില്‍ മെയ് 1 4 നാണ് ഇന്ദിര സുറാം ഹൈദരാബാദിലെ റോയല്‍ റിവേര ഹോട്ടലിന്റെ നീന്തല്‍ കുളത്തില്‍ വെച്ച് മരിച്ചത്.കാര്യമായ അന്വേഷണങ്ങള്‍ ഒന്നും നടത്താതെ സംസ്‌കരിക്കുകയും ചെയ്തു.

ക്ലെയിം അപേക്ഷ ലഭിച്ചപ്പോള്‍ നാല് കമ്പനികളും ചേര്‍ന്ന് ഒരു സ്വകാര്യ അന്വേഷണ ഏജന്‍സിയെ ഇന്ത്യയിലേയ്ക്ക് അയയ്ക്കുകയും സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നു കണ്ടെത്തുകയും ചെയ്യുകയായിരുന്നു.ഐറിഷ് സ്വകാര്യ അന്വേഷണ ഏജന്‍സികള്‍ യുവതിയുടെ മാതാപിതാക്കളില്‍ നിന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ഏക പോലിസുകാരനില്‍ നിന്നും തെളിവെടുപ്പ് നടത്തി.കേസിനെ കുറിച്ച് ഇന്ത്യയില്‍ അന്വേഷണം നടത്തിയ പോലിസ് ഉദ്യോഗസ്ഥനാവട്ടെ ജോജി റെഡ്ഡി പറഞ്ഞത് മാത്രമാണ് തെളിവായി സ്വീകരിച്ചു റിപ്പോര്‍ട്ട് നല്കിയതെന്നു ഐറിഷ് അന്വേഷക സംഘത്തോട് പറയുകയും ചെയ്തു.

ഹൈദ്രാബാദിലെ ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെടുകയും ഡബ്ലിനിലെ ഇന്ത്യന്‍ എംബസി വഴി പരാതി നല്‍കിയാല്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

കേസില്‍ അടിയന്തരമായി തീര്‍പ്പാക്കണം എന്നാവശ്യപ്പെട്ട് ഇതിനിടെ ജോജി റെഡ്ഡി സമര്‍പ്പിച്ച ഹര്‍ജി ഡബ്ലിന്‍ കോടതി തള്ളി.ഗാര്‍ഡയും ഇന്ത്യന്‍ പോലീസും അന്വേഷണം നടത്തിയ ശേഷം മാത്രം ജോജി റെഡ്ഡിയ്ക്ക് നഷ്ട പരിഹാരം നല്‍കിയാല്‍ മതിയെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ജോജി റെഡ്ഡിയുടെ കേസും സാധാരണകേസായി പരിഗണിച്ചാല്‍ മതിയെന്നും നിരീക്ഷിച്ചു.മൂന്നും അഞ്ചും വയസുള്ള മക്കളെ സംരക്ഷിക്കാനും,ഡബ്ലിനിലെ തന്റെ ബിസിനസ് നടത്തി കൊണ്ട് പോകാനും സാമ്പത്തികമായി ക്ലേശിക്കുന്നതിനാല്‍ നഷ്ടപരിഹാരം ഉടന്‍ വേണമെന്നായിരുന്നു ജോജി റെഡ്ഡിയുടെ വാദം.


Scroll To Top