Saturday October 20, 2018
Latest Updates

ഓള്‍ അയര്‍ലന്‍ഡ് ഫൈനല്‍ ഇന്ന് :കലാശപ്പോരാട്ടത്തിനൊരുങ്ങി മേയോ -ഡബ്ലിന്‍ ടീമുകള്‍ വൈദികന്റെ 66 വര്‍ഷത്തെ ശാപത്തെ അട്ടിമറിക്കാനൊരുങ്ങി മേയോ … ഗെയിലിക്ക് ഫുട്‌ബോളിലെ മലയാളി സാന്നിധ്യത്തെ പരിചയപ്പെടാം..

ഓള്‍ അയര്‍ലന്‍ഡ് ഫൈനല്‍ ഇന്ന് :കലാശപ്പോരാട്ടത്തിനൊരുങ്ങി മേയോ -ഡബ്ലിന്‍ ടീമുകള്‍ വൈദികന്റെ 66 വര്‍ഷത്തെ ശാപത്തെ അട്ടിമറിക്കാനൊരുങ്ങി മേയോ … ഗെയിലിക്ക് ഫുട്‌ബോളിലെ മലയാളി സാന്നിധ്യത്തെ പരിചയപ്പെടാം..

നൈനാന്‍ തോമസ്

ബാലിന(കൗണ്ടി മേയോ) : കൗണ്ടി മേയോയിലെ കാറ്റിന് വരെ ഗെയിലിക്ക് ഫുട്ബാളിന്റെ ഗന്ധമാണ് ഈയാഴ്ച .സ്വന്തം ടീം സെമിഫൈനലിലെത്തിയത് മുതല്‍ ഇത് ആരാധകരിലും ,കൗണ്ടിയിലെങ്ങും പ്രകടവുമാണ്.

ചുമപ്പും പച്ചയും കലര്‍ന്ന കൗണ്ടി ഫ്‌ലാഗ് എവിടെയും ദൃശ്യം .മേയോ കളറിലുള്ള ജേഴ്സി ധരിച്ചവര്‍ ,മുടിയും ,മുഖവും വരെ നിറം മാറ്റിയ ആരാധകര്‍ ,സ്വന്തം പശുവിനും ,ആടിനും വരെ മേയോ കളറടിച്ച കര്‍ഷകര്‍ ,നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഈയാഴ്ച പകുതി വിലക്കുറവ് ,ചായയും, കാപ്പിയും സൗജന്യം.ഇത് ഈയാഴ്ചത്തെ മേയോയുടെ അവസ്ഥയാണ്.

ഇനി ജയിച്ചിട്ടാണ് വരുന്നതെങ്കില്‍ ടീമിനെയും ആരാധകരെയും കാത്തിരിക്കുന്നത് ഇതിലേറെ വമ്പന്‍ ഓഫറുകള്‍ . ജയിച്ചാലും തോറ്റാലും ഓള്‍ അയര്‍ലണ്ട് ഫൈനല്‍ മേയോക്ക് ഉത്സവമാണ് .

കൗണ്ടിയിലെ മുഴുവന്‍ ബസുകളും ആരാധകര്‍ ഫൈനലിന് ബുക്ക് ചെയ്തിരിക്കുന്നു,ഐറിഷ് റെയില്‍ മേയോയില്‍ നിന്ന് ഡബ്ലിന് സ്പെഷ്യല്‍ ട്രെയിനും ഓടിക്കുന്നുണ്ട്.ടിക്കറ്റ് ലഭിക്കാത്തവര്‍ക്കായി കാസില്‍ബാറില്‍ പടുകൂറ്റന്‍ സ്‌ക്രീനില്‍ കളി വീക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .

കൈകൊണ്ടും ,കാലുകൊണ്ടും ഒരുപോലെ കളിക്കാവുന്ന ഗെയിലിക്ക് ഫുട്ബാളിലേക്ക് മലയാളികളുടെ ശ്രദ്ധ വേണ്ടത്ര എത്തിയിട്ടില്ലെന്ന് പത്തു വര്‍ഷത്തിലധികമായി മേയോയിലെ താമസക്കാരനായ ലിജു വര്‍ഗീസ് പറയുന്നു.കഴിഞ്ഞ പത്തു വര്‍ഷമായി മേയോ ടീമിന്റെ എല്ലാ കളികളിലും മുടങ്ങാതെ ടീമിനൊപ്പം യാത്ര ചെയ്യുന്ന ലിജു ,ടീമിന്റെ ഒരു കറതീര്‍ന്ന ആരാധകനാണ്.

അയര്‍ലണ്ടില്‍ ചില സ്ഥലങ്ങളിലെങ്കിലും പ്രാദേശിക സമൂഹവുമായി ഇഴുകിച്ചേരാന്‍ ബുദ്ധിമുട്ടുന്ന മലയാളി സമൂഹത്തോനോട് ലിജുവിന്റെ ഉപദേശം ഇതാണ്,’കുഞ്ഞുങ്ങളെ ലോക്കല്‍ ക്ലബ്ബുകളില്‍ ഗെയിലിക്ക് ഫുട്‌ബോള്‍ പരിശീലനത്തിനയാക്കുക ,integration വളരെ പെട്ടെന്നു സംഭവിക്കും,കാരണം ഗെയിലിക്ക് ഫുടബോളിനു ഐറിഷ് സമൂഹത്തില്‍ അത്രമേല്‍ സ്വാധീനമുണ്ട്’.മല്ലപ്പള്ളി മുക്കൂര്‍ സ്വദേശിയായ ലിജു ,ഭാര്യ ബിന്ദുവിനും ,മക്കള്‍ ക്ലെവിനും ,സോഫിയക്കുമൊപ്പം ബാലിന ടൗണിലാണ് താമസം. മകന്‍ ക്ലെവിന്‍ ഗെയിലിക്ക് ഫുട്‌ബോള്‍ പരിശീലനം നടത്തുന്നുണ്ട്.

കഴിഞ്ഞ തവണ ഡബ്ളിനോട് തലനാരിഴക്ക് നഷ്ട്ടപ്പെട്ട കിരീടം ഇത്തവണ ഒരു അട്ടിമറിയിലൂടെ നേടാമെന്നുള്ള ഒരു പ്രതീക്ഷയും ലിജു പങ്കുവെയ്ക്കുന്നു.

അയര്‍ലണ്ടിലെ 31 കൗണ്ടികളെ 4 പ്രൊവിന്‍സുകളാക്കി തിരിച്ചു മെയ് മാസത്തിലാരംഭിക്കുന്ന ക്വാളിഫൈയിങ് റൗണ്ടുകള്‍ സെപ്റ്റംബറില്‍ ചാമ്പ്യന്‍ഷിപ്പോടെ അവസാനിക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.ഇതോടൊപ്പം ലണ്ടന്‍ ,ന്യൂയോര്‍ക്ക് ടീമുകളും ഉള്‍പ്പെടെ മൊത്തം 33 ടീമുകളാണ് ‘സാം മഗ്വയര്‍’ കപ്പിനുവേണ്ടി മാറ്റുരക്കുന്നത് .

പങ്കെടുക്കാതെ മാറി നില്‍ക്കുന്ന കൗണ്ടി കില്‍ക്കെനി മാത്രമാണിതിനൊരപവാദം.1887 ആരംഭിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്‍ ആയതു കൗണ്ടി കെറി ആണ്,37 തവണ ,തൊട്ടുപുറകില്‍ ഡബ്ലിന്‍ 26 തവണ .

 

ഏറ്റവും കുറഞ്ഞ ഫൈനല്‍ ടിക്കറ്റിന്റെ വില 80 യൂറോ ആണെങ്കിലും ഡണ്‍ഡീല്‍ ,ഈബേമുതലായ വെബ്‌സൈറ്റുകളില്‍ 700-1000 യൂറോ നിരക്കിലാണ് ബ്ലാക്കില്‍ കച്ചവടംതകര്‍ക്കുന്നത് .സ്വന്തം കൗണ്ടിയെ സപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്കുകളില്‍നിന്നും ,ക്രെഡിറ്റിയൂണിയനുകളില്‍ നിന്നും ലോണ്‍ എടുത്തു ഡബ്ലിന് പോകുന്ന ധാരാളം മേയൊ ഫാനുകളെതനിക്കറിയാമെന്നു ലിജു പറയുന്നു .മേയൊയില്‍ നിന്നും ഒരു അഞ്ചംഗ കുടുംബം കളി കണ്ടുതിരിച്ചു വരുന്നതിനു ഏറ്റവും കുറഞ്ഞത് 600 യൂറോയെങ്കിലും ആകുമെന്നാണ് ലിജുവിന്റെകണക്ക്,

പക്ഷെ രക്തത്തിലും ,മനസിലും ഒരുപോലെ മേയൊ നിറഞ്ഞുനില്‍ക്കുമ്പോള്‍ പൈസയ്‌ക്കെന്തു പ്രസക്തി …? അതല്ലേ സ്വന്തം കൗണ്ടി സ്പിരിറ്റ്….

വൈദികന്റെ ശാപം :സത്യമോ മിഥ്യയോ

1951 ലാണ് മേയൊ അവസാനമായി ചാമ്പ്യന്‍ഷിപ്പു നേടുന്നത് .അതിനുശേഷം 8 പ്രാവശ്യം ഫൈനലില്‍ എത്തിയെങ്കിലും ഭാഗ്യം കൈവിട്ടു .ഈ നിര്‍ഭാഗ്യത്തിനു കാരണമായി പ്രചരിക്കുന്ന ഒരു കഥയുണ്ട് .കഥ ഇങ്ങനെ :1951 ല്‍ ഓള്‍ അയര്‍ലന്‍ഡ് ചാമ്പ്യന്‍ഷിപ്പ് നേടി ഒരു ട്രക്കിന്റെ പിറകില്‍ വിജയലഹരിയിലെത്തിയ മേയൊ ടീം, ഫോക്‌സ്‌ഫോര്‍ഡ് എന്ന സ്ഥലത്തുവച്ച് എതിരെ വന്ന ശവസംസ്‌കാര യാത്രയെ തങ്ങളുടെ വാഹനം നിര്‍ത്തി ആദരാഞ്ജലി അര്‍പ്പിക്കാതെ കടന്നു പോയത്രേ ,ഇതില്‍ കുപിതനായ വൈദികന്‍ ടീമിനെ ശപിച്ചു .ഈ ജയിച്ചു വന്ന മേയൊ ടീമിലെ മുഴുവന്‍ പേരും മരിക്കാതെ മേയൊക്ക് ഇനി ഓള്‍  അയര്‍ലന്‍ഡ്  ചാമ്പ്യനാവാനാവില്ല,

ആ ടീമിലെ രണ്ടു പേര്‍ ഇപ്പോഴും ജീവനോടെയുണ്ട് .വൈദികനല്ല ,മരിച്ചയാളിന്റെ വിധവയാണ് ശപിച്ചതെന്നു ഈ കഥക്ക് വേറൊരു മറുകഥയുമുണ്ട് :എന്തായാലും ഇനി എതിരെ ശവം വന്നാല്‍ നിര്‍ത്തി ആദരവ് പ്രകടിപ്പിക്കാന്‍ മറക്കണ്ട .ശാപംമാറാന്‍ ടീം മാനേജ്മെന്റ് മരിച്ചയാളിന്റെ വീട്ടിലെത്തി മാപ്പുപറഞ്ഞതു മുതല്‍ മേയൊയില്‍ തന്നെയുള്ള നോക്ക് ദേവാലയത്തില്‍ നടത്തിയ അസംഖ്യം വഴിപാടുകളുള്‍പ്പെടെയുള്ള ഉപകഥകള്‍ വേറെയുമുണ്ട്…

ഈ കഥ വിശ്വസിക്കാമെങ്കില്‍ ഡബ്ലിന്റെ നീലപ്പടക്ക് തന്നെയാണ് ഇത്തവണയുംസാധ്യത.Paddy power ,Boyle sports തുടങ്ങിയ betting ഏജന്‍സികളും ഡബ്ലിന് 5 മുതല്‍ 7വരെ പോയിന്റു മേല്‍ക്കൈയുള്ള വിജയമാണ് പ്രവചിച്ചിരിക്കുന്നത്

ഇത്തവണയെങ്കിലും ദൈവം മേയോയുടെ മേലുള്ള വൈദികന്റെ ശാപം നീക്കുമെന്നാണ് മേയോക്കാരുടെ വിശ്വാസം.അതിനുള്ള പ്രത്യേക കാമ്പയിന്‍ പോലും അവര്‍ ഒരുക്കുന്നുണ്ട്.’ഗോഡ് സേവ് അസ് മേയോ എന്ന പേരില്‍ തന്നെ.

ഇന്ന് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത് അയര്‍ലണ്ടിന്റെ അഭിമാനമായ ,പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഡബ്ലിനിലെ ക്രോക്ക് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് .82300 പേര്‍ക്കാണ് ഇവിടെ ഇരിപ്പിടം.

ഇന്ന് 13.15 ന് ആരംഭിക്കുന്ന മൈനര്‍ ഫുട്ബാള്‍ ചാമ്പ്യന്‍ ഷിപ്പില്‍ കൗണ്ടി കെറിയും ഡെറിയുമാണ് ഏറ്റുമുട്ടുക.

തുടര്‍ന്ന് 15.30 ന് ആള്‍ അയര്‍ലണ്ട് ഫൈനല്‍ മത്സരങ്ങള്‍.

അയര്‍ലണ്ടിലെ ഓരോ ഫുട്‌ബോള്‍ ആരാധകരും കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ കാത്തിരുന്ന നിമിഷങ്ങള്‍….ആര് ജയിക്കുമെന്നുള്ള ആകാംക്ഷയിലാണ് അയര്‍ലണ്ടിലെ ഒരു പുല്‍ക്കൊടി പോലും..എല്ലാ കണ്ണുകളും ക്രോക്ക് പാര്‍ക്കിലേക്ക് …

Scroll To Top