Friday May 26, 2017
Latest Updates

എയര്‍ കേരള; സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു നല്‍കി അന്തര്‍മന്ത്രാലയ സമിതിയുടെ ശുപാര്‍ശ

എയര്‍ കേരള; സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു നല്‍കി അന്തര്‍മന്ത്രാലയ സമിതിയുടെ ശുപാര്‍ശ

എയര്‍കേരള പദ്ധതിക്ക് പ്രതീക്ഷയുടെ ചിറകു മുളപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ അന്തര്‍ മന്ത്രാലയ സമിതിയുടെ ശുപാര്‍ശ. 600 ആഭ്യന്തര സര്‍വ്വീസുകള്‍ പൂര്‍ത്തിയാക്കുന്ന വിമാന സര്‍വീസുകള്‍ക്ക് ആറു മണിക്കൂറില്‍ താഴെയുള്ള അന്താരാഷ്ട്ര സര്‍വ്വീസ് നടത്താമെന്നാണ് ശുപാര്‍ശ. ശുപാര്‍ശ വൈകാതെ കേന്ദ്രമന്ത്രിസഭാ യോഗം പരിഗണിക്കും.

പുതിയ വ്യോമയാന നയത്തെ സംബന്ധിച്ച് പഠിച്ച അന്തര്‍ മന്ത്രാലയ സമിതിയുടേതാണ് ശുപാര്‍ശ. ശുപാര്‍ശ എയര്‍ കേരളക്ക് തിരിച്ചടിയാകുമെന്നാകുമെന്നായിരുന്നു നേരത്തെ വിലയിരുത്തപ്പെട്ടിരുന്നത്. നിലവില്‍ 5 വര്‍ഷത്തെ ആഭ്യന്തര സര്‍വീസും 20 വിമാനങ്ങളുമുള്ള കമ്പനികള്‍ക്ക് മാത്രമാണ് അന്താരാഷ്ട്ര സര്‍വീസിന് അനുമതി ലഭിക്കുക. ഈ നിബന്ധന പുതിയ ശുപാര്‍ശയനുസരിച്ച് പൂര്‍ണ്ണമായും ഒഴിവാക്കും.

പകരം ആഭ്യന്തര സര്‍വീസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും ഇനിമുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് അനുമതി ലഭിക്കുക. 300 ആഭ്യന്തര സര്‍വീസുകള്‍ ഉള്ള പുതിയ കമ്പനികള്‍ക്ക് ചുരുങ്ങിയത് ആറ് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താം. എന്നാല്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാവുന്ന ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ക്ക് 600 ആഭ്യന്തര സര്‍വീസുകള്‍ ആവശ്യമാണ്.

ആഭ്യന്തര സര്‍വീസിന്റെ എണ്ണമനുസരിച്ച് നിശ്ചയിക്കപ്പെടുന്ന ഫ്‌ലൈയിംഗ് ക്രെഡിറ്റുകളാണ് അന്താരാഷ്ട്ര സര്‍വീസ് അനുവദിക്കുന്നതിന്റെ മാനദണ്ഡം. അധികം തിരക്കില്ലാത്ത ആഭ്യന്തര വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തിയാല്‍ ഈ നിബന്ധനയില്‍ ഇളവു ലഭിക്കുകയും ചെയ്യും. പുതിയ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചാല്‍ എയര്‍ കേരളാ പദ്ധതിയുമായി തടസങ്ങളില്ലാതെ മുന്നോട്ടു പോകാന്‍ കേരളത്തിനു കഴിയും.

 

Scroll To Top