Wednesday September 20, 2017
Latest Updates

കോര്‍ക്കിന്റെ തീരത്ത് അന്ത്യനിദ്ര കൊള്ളുന്നത് 20 മലയാളികള്‍,നീതി കിട്ടാതെ ബന്ധുക്കള്‍ 

കോര്‍ക്കിന്റെ തീരത്ത് അന്ത്യനിദ്ര കൊള്ളുന്നത് 20 മലയാളികള്‍,നീതി കിട്ടാതെ ബന്ധുക്കള്‍ 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണതിന്റെ ദുരന്ത സ്മരണയും പേറി ഒട്ടേറെ മലയാളികളും.ഇരുപതോളം മലയാളികളാണ് ഈ വിമാന ദുരന്തത്തില്‍ മരണമടഞ്ഞത്.എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 182 ഖാലിസ്ഥാന്‍ തീവ്രവാദികള്‍ തകര്‍ത്തതിന്റെ വാര്‍ഷികം ആചരിക്കുമ്പോള്‍ കേരളത്തിലും ,കാനഡയിലും പ്രിയപ്പെട്ടവരുടെ വേര്‍പ്പാടില്‍ ഇനിയും തോരാത്ത കണ്ണീരുമായി അവരുടെ പ്രിയപ്പെട്ടവര്‍ പ്രാര്‍ഥനയിലാണ്. 

നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് വിമാനം കയറിയവരും ഈ എയര്‍ ഇന്ത്യ ദുരന്തത്തില്‍പ്പെട്ട് ജീവന്‍ പൊലിഞ്ഞവരുടെ കൂട്ടത്തിലുണ്ട്. തൃശൂര്‍ കൃഷ്ണന്‍ അഥവാ ടികെ എന്നറിയപ്പെട്ടിരുന്ന കൃഷ്ണന്‍ അവരില്‍ ഒരാള്‍ മാത്രം. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലേക്കുള്ള മടങ്ങിവരവിനാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തത്.അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ആ യാത്ര . എന്നാല്‍ അത് തന്റെ അന്ത്യയാത്രയാകുമെന്ന് ടികെയോ അദ്ദേഹത്തിന്റെ ഭാര്യ ആന്‍ കൃഷ്ണനോ കരുതിയില്ല.പിയെഴ്‌സന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ആനിനും കുഞ്ഞുങ്ങള്‍ക്കും സ്‌നേഹ ചുംബനം നല്‍കി യാത്രയാകുമ്പോള്‍ അയര്‍ലണ്ടിന്റെ ആകാശവിതാനത്ത് കാത്തിരിക്കുന്ന ദുരന്തം അദ്ദേഹം അറിഞ്ഞില്ല. 

1960 കളില്‍ കാനഡയില്‍ വച്ച് കണ്ടുമുട്ടി വിവാഹിതരായ ആനും ടികെയും വര്‍ഷങ്ങളായി കാനഡയിലായിരുന്നു താമസം. നയാഗ്രയ്ക്കടുത്ത് ബീംസ് വില്ലിയിലെ രണ്ട് ബെഡ് റൂം അപ്പാര്‍റ്റ്‌മെന്റില്‍ ആന്‍ ഇപ്പോഴും കൃഷ്ണനെ കുറിച്ചുള്ള ഓര്‍മകളിലാണ്. 

വിമാന ദുരന്തം നടന്നിട്ട് 29 വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ആന്‍ കൃഷ്ണന്‍ പറഞ്ഞു. വിമാന ദുരന്തത്തിന് കാരണക്കാരായ തീവ്രവാദികളെ കണ്ടെത്താനോ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന ശിക്ഷ ഉറപ്പാക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
t kri ann
കേരളത്തില്‍ നേഴ്‌സിംഗ് പഠനം കഴിഞ്ഞ് ജോലി തേടി കാനഡയിലെത്തിയ ആന്‍ ,സ്റ്റീല്‍ വ്യവസായത്തെ കുറിച്ചു പഠിക്കാന്‍ കാനഡയില്‍ എത്തിയ കൃഷ്ണന്റെ ആരാധകനാവുകയായിരുന്നു.വിവാഹ ശേഷം വെറും 16 വര്‍ഷങ്ങള്‍ മാത്രമേ ജീവിക്കാനായുള്ളൂ കൃഷ്ണന്.ഇന്ത്യയിലേയ്ക്കുള്ള അവസാനയാത്രയുടെ സമയത്ത് 45 വയസുമാത്രമേ കൃഷ്ണന് പ്രായമുണ്ടായിരുന്നുള്ളൂ.

ആന്‍ കൃഷ്ണനെപ്പോലെ വിമാന ദുരന്തത്തിന്റെ ഇരകളായി മരിച്ച നിരവധി ഇന്ത്യക്കാരുടെ കുടുംബാംഗങ്ങളാണ് ഇന്നും നീതി കിട്ടാതെ പ്രിയപെട്ടവരുടെ ഓര്‍മയില്‍ കഴിയുന്നത്.തൃശൂര്‍ കൃഷ്ണനെ കൂടാതെ മലയാളികളായ അഞ്ചനാട്ട് അലക്‌സാണ്ടര്‍,അന്നമ്മ അലക്‌സാണ്ടര്‍,റീന അലക്‌സാണ്ടര്‍ ,സൈമണ്‍ അലക്‌സാണ്ടര്‍,സൈമണ്‍ ജൂനിയര്‍ അലക്‌സാണ്ടര്‍,വര്‍ഗീസ് ദാനിയേല്‍,ഏലിക്കുട്ടി ജേക്കബ്,ജസ്റ്റീന്‍ ജേക്കബ്,ജെസ്സി ജേക്കബ്,ജാന്‍സി ജേക്കബ്,ബുലിവേലി ജേക്കബ്,ഏലിക്കുട്ടി ജോബ്,ടീന ജോബ്,കുര്യന്‍ തോമസ്,മോളി തോമസ്,അനിത തോമസ്,വിനോദ് തോമസ്,വിജയ തമ്പി,തുടങ്ങിയവരാണ് കോര്‍ക്കിലെ തീരഭൂവില്‍ അന്ത്യവിശ്രമം കൊള്ളുന്നത്.ഇവരില്‍ കൂടുതലും കനേഡിയന്‍ പൗരത്വം സ്വീകരിച്ചവര്‍ ആയീരുന്നു.

ലോകത്തിലെ ഏറ്റവം ഭീകരമായ തീവ്രവാദി ആക്രമണം 329 പേര്‍ മരിച്ച കനിഷ്‌കാ വിമാനാപകടം നടന്നിട്ട് 2014 ജൂണ്‍ 23ന് 29 വര്‍ഷം തികയുകയാണ് 

1985 ജൂണ്‍ 23 അന്നായിരുന്നു എയര്‍ ഇന്ത്യയുടെ ഫ്‌ളൈറ്റ് 182 എന്ന ബോയിംഗ് 747 വിമാനം അയര്‍ലണ്ടിന്റെ വ്യോമാതിര്‍ത്തിയില്‍ അറ്റ്‌ലാക് സമുദ്രത്തില്‍ തകര്‍ന്നു വീണത്. ഖലിസ്ഥാന്‍ തീവ്രവാദികള്‍ വിമാനം ബോംബ് വച്ച് തകര്‍ക്കുകയായിരുന്നു. 

വിമാനത്തിലെ ജോലിക്കാരടക്കം 329 പേരും മരിച്ചു. സ്‌ഫോടനത്തിലോ വിമാനത്തിന്റെ വീഴ്ചയിലോ അല്ല കടലില്‍ മുങ്ങിയാണ് മിക്കവരും മരിച്ചതെന്ന് പിന്നീടുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. യാത്രക്കാരില്‍ 280 പേരും കാനഡ പൗരന്മാരായിരുന്നു. അവരില്‍ മിക്കവരും ഇന്ത്യന്‍ വംശജരുമായിരുന്നു. 82 പേര്‍ കുട്ടികളായിരുന്നു.

2001 സെപ്റ്റംബറില്‍ വേള്‍ഡ് ട്രേഡ് സെന്ററിനെതിരെ നടന്നതൊഴിച്ചാല്‍ ഏറ്റവും വലിയ തീവ്രവാദി ആക്രമണമായാണ് ഇതിനെ ലോകം വിലയിരുത്തുന്നത്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടമരമണമാണിത്. നാരിത വിമാനത്താവളത്തിലെ ബോംബാക്രമണം നടന്ന് ഒരു മണിക്കൂറിനകമാണ് വിമാനത്തിനകത്ത് ബോംബ് സ്‌ഫോടനം നടന്നത്.

കാനഡിയിലെ മോണ്‍ട്രിയല്‍ മീറബെല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനില ഹിത്രു വിമാനത്താവളത്തിലിറങ്ങി ദില്ലി ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം വഴി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലിറങ്ങേണ്ട കനിഷ്‌ക വിമാനമാണ് ദുരന്തത്തിനിരയായത്. 

കുറ്റവാളികളെ പിടികൂടി 20 കൊല്ലമായി കേസ് നടന്നു. ഒടുവില്‍ ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു എന്നത് വിധി വൈപരീത്യം. 

റിപുദ്മാന്‍ മാലിക്, അജയ്ബ് സിംഗ് ബാംഗി എന്നിവര്‍ക്കെതിരെ കാനഡ സര്‍ക്കാര്‍ 13 കോടി കാനഡ ഡോളര്‍ ചെലവാക്കിയാണ് കേസ് നടത്തിയത്. 20 കൊല്ലങ്ങള്‍ക്ക് ശേഷം 2005 മാര്‍ച്ച് 16ന് ബ്രിട്ടീഷ് കൊളംബിയയിലേ ജഡ്ജി ഇയാന്‍ ജോസഫ്‌സണ്‍ ഇവര്‍ കുറ്റക്കാരല്ലെന്ന് വിധിക്കുകയായിരുന്നു. 

വിമാനത്തില്‍ വച്ച് ബോംബ് ഉണ്ടാക്കിയ ഇന്ദ്രജിത് സിംഗ് റെയതിനെ 2003 ഫെബ്രുവരി 10ന് കുറ്റക്കാരനായി കാണുകയും 10 കൊല്ലത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

ടൊറന്റോയിലേക്ക് സി.പി. എയര്‍ ഫ്‌ളൈറ്റ് 60 വാന്‍കൂവറില്‍ നിന്ന് പുറപ്പെടുമ്പോള്‍ മിസ്റ്റര്‍ സിംഗ് എന്നൊരാള്‍ തന്റെ ബ്രൗണ്‍ സാന്‍സൊനൈറ്റ് പെട്ടി ആ വിമാനത്തില്‍ കൊണ്ടുപോയി മോണ്‍ട്രിയലില്‍ നിന്നുള്ള എയര്‍ ഇന്ത്യാ 182 ഫ്‌ളൈറ്റിലേക്ക് മാറ്റണമെന്ന അഭ്യര്‍ത്ഥനയുമായി വന്നതാണ് സംഭവങ്ങളുടെ തുടക്കം. 

ആദ്യം വിസമ്മതിച്ചുവെങ്കിലും വാന്‍കൂവറില്‍ നിന്നും സിംഗിന്റെ പെട്ടി മാത്രം മോണ്‍ട്രിയലില്‍ എത്തിച്ച് എയര്‍ ഇന്ത്യയുടെ 182 വിമാനത്തില്‍ കയറ്റി. യന്ത്രത്തകരാറ് മൂലം രാത്രി ഒരു മണിക്കാണ് വിമാനം മോണ്‍ട്രിയല്‍ വിമാനത്താവളത്തിലെത്തിയത്. 

23 ന് രാവിലെ 7.15 ന് യാത്ര തിരിച്ച വിമാനം ഹീത്രുവില്‍ ഇറങ്ങുന്നതിന് മുമ്പ് അയര്‍ലണ്ടിന്റെ തെക്കന്‍ തീരത്ത് 31000 അടി മുകളില്‍ പറക്കുന്നതിനിടെ കാണാതാവുകയായിരുന്നു. 

ഷാനണിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ വിമാനവുമായുള്ള ബന്ധം നഷ്ടമാവുന്നതിന് മുമ്പ് സ്‌ഫോടന ശബ്ദം കേട്ടു. വിമാനത്തിലെ കാര്‍ഗോയിലുണ്ടായിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.

അത് ആളില്ലാതെ വന്ന ബ്രൗണ്‍ പെട്ടിയില്‍ നിന്നായിരുന്നു. മിസ്റ്റര്‍ സിംഗിന്റെ പെട്ടിയില്‍ നിന്ന്.

തീവ്രവാദത്തിന്റെ പകയില്‍ പൊലിഞ്ഞുപോയത് നിരപരാധികള്‍ ആയിരുന്നു.ഇന്ത്യയുടെ അഖണ്‍ഡതയ്ക്ക് നേരെയുള്ള ആക്രമണത്തിന് അങ്ങനെ അയര്‍ലണ്ടിന്റെ ആകാശ വിതാനം വേദിയായി.ahakistha

ഐറിഷ് സര്‍ക്കാരും ജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സുസജ്ജരായി അതിവേഗം മുന്‍പോട്ടു വന്നെങ്കിലും ഒരൊറ്റ ജീവന്‍ പോലും അവര്‍ക്ക് രക്ഷിക്കാനായില്ല.പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ എന്നതുപോലെ അവര്‍ കണ്ണീരൊഴുക്കി.കോര്‍ക്കിലെയ്ക്ക് എത്തിയ ബന്ധു ജനങ്ങളെ സ്വീകരിച്ച് ആശ്വസിപ്പിക്കാന്‍ നാട്ടുകാര്‍ ഒന്നടക്കം ഉണ്ടായിരുന്നു.

അപരിചിതരായ ഇന്ത്യാക്കാര്‍ക്ക് വേണ്ടി അവര്‍ തങ്ങളുടെ വീടുകള്‍ തുറന്നു കൊടുത്തു.കൈപിടിച്ചു നടത്തി.ഐറിഷ് ജനത ഇന്ത്യന്‍ വംശജരോട് അന്ന് കാട്ടിയ അനുകമ്പയെകുറിച്ച് എത്ര വിശേഷിപ്പിച്ചാലും മതി വരികയില്ല.

ദുരന്തത്തിനു ശേഷം കോര്‍ക്ക് കൗണ്ടി കൌണ്‍സില്‍ വിമാന ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് വേണ്ടി ഒരു സ്മാരകം തന്നെ പണിതുയര്‍ത്തി.ആഹകിസ്ഥായിലെ ആ സ്മൃതികുടീരത്തില്‍ കൊത്തിവെച്ചിരിക്കുന്നത് ഒരു ഓര്‍മ്മക്കുറിപ്പ് മാത്രമല്ല.ഒരു രാജ്യത്തിന്റെ മുഴുവന്‍ സ്‌നേഹമാണ്.അപരിചിതരും,അജ്ഞാതരുമായ വഴിയാത്രക്കാരോട് ഒരു നല്ല സമറായക്കാരന്‍ കാട്ടിയ സ്‌നേഹത്തിന്റെ സ്മാരകമായി വേണം നാം ഇന്ത്യാക്കാര്‍ അതിനെ കാണേണ്ടത്.

ഐറിഷ് മലയാളി ന്യൂസ്
bigahakista

Scroll To Top