Thursday September 21, 2017
Latest Updates

തീരാദുഖത്തിന്റെ മുപ്പതാമത് വാര്‍ഷികദിനാചരണം ഇന്ന് കോര്‍ക്കിലെ അഹാകിസ്റ്റയില്‍ 

തീരാദുഖത്തിന്റെ മുപ്പതാമത് വാര്‍ഷികദിനാചരണം ഇന്ന് കോര്‍ക്കിലെ അഹാകിസ്റ്റയില്‍ 

കോര്‍ക്ക്:കാനഡയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പോവുകയായിരുന്ന കനിഷ്‌ക എയര്‍ഇന്ത്യ വിമാനം അയര്‍ലണ്ടിന്റെ വെസ്റ്റ് കോര്‍ക്ക് തീരത്ത് തകര്‍ന്നു വീണ് മലയാളികളടക്കം 329 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ 30മത് വാര്‍ഷികത്തോട് അനുബന്ധിച്ച് വിപുലമായ അനുസ്മരണ ശുശ്രൂഷകള്‍ക്ക് ഒരുക്കങ്ങളായി.ജൂണ്‍ 23 ചൊവ്വാഴ്ച്ചയാണ് അയര്‍ലണ്ട്, ഇന്ത്യ, കാനഡ എന്നീ മൂന്നു രാഷ്ട്രങ്ങള്‍ക്കും ഒരിക്കലും മറക്കാനാവാത്ത ദുരന്തത്തിന്റെ ഓര്‍മപുതുക്കലിനായി  ജന സഹസ്രങ്ങള്‍ കോര്‍ക്കിലെ അഹാകിസ്റ്റയില്‍ ഒത്തുചേരുക.

ഇന്ത്യന്‍ വിദേശകാര്യ സഹ മന്ത്രി ജനറല്‍ വി കെ സിംഗ്,ഐറിഷ് വിദേശകാര്യ മന്ത്രി ചാള്‍സ് ഫ്‌ലാഗനന്‍,കാനേഡിയന്‍ മന്ത്രി പീറ്റര്‍ മക്കായ്,ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് എന്നിവരടക്കം പ്രമുഖ വ്യക്തികള്‍ ഈ വര്‍ഷത്തെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കും.

തിങ്കളാഴ്ച്ച (നാളെ)വൈകിട്ട് ചടങ്ങുകള്‍ ആരംഭിക്കും.വൈകിട്ട് 6 മണിയ്ക്ക് വെസ്റ്റ് ലോഡ്ജ് ഹോട്ടലില്‍ മൗനപ്രാര്‍ത്ഥനയോടെ ബെര്‍കേലി ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കും.തുടര്‍ന്ന് സര്‍വ്വമത പ്രാര്‍ഥന

ചൊവ്വാഴ്ച്ച:
രാവിലെ 8: അഹാകിസ്റ്റയിലെ സ്മാരകത്തില്‍ ഒത്തുചേരും
8.10: സണ്‍ഡയലിനു ചുറ്റുമായി ബന്ധുക്കളുടെ സമ്മേളനം.
8.12: ഒരു മിനിറ്റ് മൗനപ്രാര്‍ത്ഥന
8.13: ബന്ധുക്കളുടെ സ്‌ത്രോത്തോച്ഛാരണത്തോടെ മൗനം ഭജിക്കല്‍.
8.17: മരണപ്പെട്ട 331 പേരുടെ പാവന സ്മരണയ്ക്കായി ബന്ധുക്കള്‍ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു.അഹാകിസ്റ്റ മെമോറിയല്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് മൈക്കല്‍ മര്‍ഫി പുഷ്പചക്രം അര്‍പ്പിക്കും.
8.18: ഫാ: ജെറാള്‍ഡ് ഗാല്‍വിന്‍, കാന്‍ പോള്‍ വില്ലൂഗ്ബി, ഡോ: ശശി ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന.
8.26: അഹാകിസ്റ്റ നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഗായകസംഘത്തിന്റെ ആലാപനം.
8.34: ജനപ്രതിനിധികളുടെ പുഷ്പചക്രം അര്‍പ്പിക്കല്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി വി കെ സിങ്ങ്, അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ രാധിക ലാല്‍ ലോകേഷ്, കനേഡിയന്‍ മിനിസ്റ്റര്‍ ഫോര്‍ ജസ്റ്റിസ് പീറ്റര്‍ മക്കായ്, അയര്‍ലണ്ടിലെ കനേഡിയന്‍ അംബാസ്സഡര്‍ കെവിന്‍ വിക്കേഴ്‌സ്, അയര്‍ലണ്ട് വിദേശകാര്യ മന്ത്രി ചാര്‍ളീ ഫ്‌ലനാഗന്‍, കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ അലന്‍ കോള്‍മാന്‍ എന്നിവന്‍ പുഷ്പചക്രം അര്‍പ്പിക്കും.
8.52: പ്രഭാഷണം മരണപ്പെട്ടവരുടെ ബന്ധുക്കളുടെ പ്രതിനിധി പദ്മിനി തുര്‍ലപതി, ഡെപ്യൂട്ടി ലോര്‍ഡ് ലെഫ്റ്റനന്റ് ഹരി ശുക്‌ള, കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ പ്രതിനിധി മേരി റയാന്‍.

നന്ദി പ്രകാശനം: നയന തുര്‍ലപതി

ahakistha30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഞായറാഴ്ച്ചയായിരുന്നു എയര്‍ഇന്ത്യയുടെ കനിഷ്‌ക182 ജമ്പോ ജെറ്റ് വിമാനം സിഖ് തീവ്രവാദികളുടെ ആക്രമണത്തില്‍ ആകാശത്ത് പൊട്ടിത്തെറിച്ചത്. 82 കുട്ടികളും, ആറ് പിഞ്ചുകുഞ്ഞുങ്ങളുമടക്കം 329 പേരാണ് ദുരന്തത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായ ആരും രക്ഷപെട്ടിരുന്നില്ല. ഐറിഷ് നേവല്‍ സര്‍വീസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും 131 മൃതദേഹങ്ങള്‍ മാത്രമാണ് വീണ്ടെടുക്കാനായത്.തൃശൂര്‍ സ്വദേശി കൃഷ്ണന്‍ ,കോട്ടയത്തെ അഞ്ചനാട്ട് അലക്‌സാണ്ടര്‍,അന്നമ്മ അലക്‌സാണ്ടര്‍,റീന അലക്‌സാണ്ടര്‍ ,സൈമണ്‍ അലക്‌സാണ്ടര്‍,സൈമണ്‍ ജൂനിയര്‍ അലക്‌സാണ്ടര്‍,വര്‍ഗീസ് ദാനിയേല്‍,ഏലിക്കുട്ടി ജേക്കബ്,ജസ്റ്റീന്‍ ജേക്കബ്,ജെസ്സി ജേക്കബ്,ജാന്‍സി ജേക്കബ്,ബുലിവേലി ജേക്കബ്,ഏലിക്കുട്ടി ജോബ്,ടീന ജോബ്,കുര്യന്‍ തോമസ്,മോളി തോമസ്,അനിത തോമസ്,വിനോദ് തോമസ്,വിജയ തമ്പി,തുടങ്ങി ഇരുപതിലധികം മലയാളികളും കോര്‍ക്കിന്റെ തീരഭൂവില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്.

സ്രാവുകളുടെ വിഹാര കേന്ദ്രമായിരുന്ന കടലില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ക്യാപ്റ്റന്‍ ജിം റൊബിന്‍സണ്‍ ഓര്‍മ്മിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയവരെ പിന്നീട് രാജ്യം വിശിഷ്ട സേവനത്തിന് ആദരിച്ചിരുന്നു.

സംഭവദിവസം രാവിലെ 8.13 ഓടെയാണ് മോണ്ട്‌റിയാലില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള വിമാനം റഡാറുകളില്‍ നിന്നും അപ്രത്യക്ഷമായതായി ഷാനോണ്‍ എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിതീകരിച്ചത്. 22 ജീവനക്കാര്‍, 268 കാനഡക്കാര്‍, 27 ബ്രിട്ടീഷുകാര്‍, 24 ഇന്ത്യക്കാര്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഇന്ത്യയിലെ സിഖ് കലാപത്തിനു പ്രതികാരമായി കാനഡയിലെ സിഖ് തീവ്രവാദികളാണ് 1985 ജൂണ്‍ 23ന് വിമാനം ബോംബ് വച്ച് തകര്‍ത്തത്. മറ്റൊരു തീവ്രവാദി അക്രമണത്തിനു കൂടി സംഘം പദ്ധതിയിട്ടിരുന്നെങ്കിലും ജപ്പാന്‍ വിമാനത്താവളത്തില്‍ വച്ച് അബദ്ധത്തില്‍ ബോംബ് പൊട്ടിയതിനാല്‍ നടന്നില്ല.രണ്ട് വിമാനത്താവള തൊഴിലാളികള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. ദുരന്തത്തിനു 25 വര്‍ഷങ്ങള്‍ക്കു ശേഷം 2010ല്‍ മാത്രമാണ് തങ്ങള്‍ക്കു സംഭവിച്ച സുരക്ഷാവീഴ്ച്ച മൂലമാണ് അപകടമുണ്ടായതെന്ന് കനേഡിയന്‍ സര്‍ക്കാര്‍ സമ്മതിച്ചത്.എയര്‍ ഇന്ത്യ വിക്ടിംസ് അസോസിയേഷന്‍ എന്ന സംഘടന കഴിഞ്ഞ പത്തു വര്‍ഷമായി കനേഡിയന്‍ സര്‍ക്കാറിന്റെ നിഷേധമനോഭാവത്തിനെതിരെ പ്രചാരണം നടത്തിവരികയായിരുന്നു.

ദുരന്തസ്ഥലത്തിന് കരയില്‍ ഏറ്റവുമടുത്തായുള്ള വെസ്റ്റ് കോര്‍ക്കിലെ അഹാകിസ്റ്റയില്‍ മരിച്ചവരുടെ ബന്ധുക്കളും മറ്റുമായി നിരവധിയാളുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കാനായി ഒത്തു കൂടിയത്.പിന്നീട് ദുരന്തസ്മരണയ്ക്കായി ഇവിടെ ഒരു പൂന്തോട്ടം നിര്‍മ്മിക്കപ്പെടുകയുണ്ടായി.

ഓരോ വര്‍ഷവും ആയിരക്കണക്കിനാളുകളാണ് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സ്മരണയ്ക്കായി ഇവിടെ എത്തിച്ചേരുന്നത്. ഈ വര്‍ഷവും അയര്‍ലണ്ടിലെ പ്രധാന അനുസ്മരണ ചടങ്ങുകള്‍ ഇവിടെ തന്നെയാണ് നടക്കുന്നത്.ഇപ്പോള്‍ തന്നെ ഇന്ത്യാക്കാര്‍ അടക്കം നിരവധി പേര്‍ അഹാകിസ്റ്റയുടെ സമീപത്തായി ഉറ്റവരുടെ സ്മരണയില്‍ എത്തി കഴിഞ്ഞിട്ടുണ്ട്.തമിഴ് നാട്ടില്‍ നിന്നുള്ള ദമ്പതികളും ഇവരില്‍ ഉള്‍പ്പെടും.ഇവരുടെ രണ്ടു മക്കളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.പ്രിയ മക്കളുടെ സ്മരണയില്‍ എല്ലാ വര്‍ഷവും അവര്‍ ഇവിടെ എത്താറുണ്ട്.

-റെജി സി ജേക്കബ്

 

Scroll To Top