Sunday September 23, 2018
Latest Updates

അയര്‍ലണ്ടിലെ എ ഐ ബി ബാങ്ക് വിറ്റഴിക്കല്‍ അനാവശ്യമാണോ ?ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു, വില്‍ക്കാതെ തരമില്ലെന്നുറച്ച് സര്‍ക്കാര്‍

അയര്‍ലണ്ടിലെ എ ഐ ബി ബാങ്ക് വിറ്റഴിക്കല്‍ അനാവശ്യമാണോ ?ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നു, വില്‍ക്കാതെ തരമില്ലെന്നുറച്ച് സര്‍ക്കാര്‍

ഡബ്ലിന്‍ : അടുത്ത ധനകാര്യമന്ത്രി ആരായിരുന്നാലും അവര്‍ക്കു മുന്നില്‍ മൂന്ന് കീറാമുട്ടികളുണ്ടാകും. എഐബിയുടെ 25 ശതമാനം ഷെയര്‍ വില്‍ക്കാന്‍ തീരുമാനിച്ച വിഷയം കൈകാര്യം ചെയ്യുന്നതാവും അവയില്‍ മുഖ്യം .ബജറ്റും ബ്രക്‌സിറ്റ് വെല്ലുവിളികളുമാണ് മറ്റുള്ളവ.

സര്‍ക്കാര്‍ പണയപ്പെടുത്തിയ ബാങ്കിന്റെ ഷെയര്‍ വില്‍പ്പന വലിയ രാഷ്ട്രീയ പ്രശ്നമായി മാറിയേക്കാമെന്നാണ് കരുതുന്നത്.യൂറോപ്പിലെ ഏറ്റവും വലിയ വേര്‍പിരിയലാകാം അതെന്നാണ് സൂചന.

സമ്മതപത്രം ഒപ്പിട്ടു നല്‍കി വേര്‍തിരിക്കുന്നതിനുള്ള ‘തോക്കിന്റെ’ കാഞ്ചികൂടി വലിച്ചുവെച്ചതിനു ശേഷമാണ് ധനമന്ത്രി മൈക്കിള്‍ നൂനന്‍ പടിയിറങ്ങുന്നത്.ഇനി നിശ്ചിതസമയത്തിനുള്ളില്‍ ഇത് പ്രാവര്‍ത്തികമാക്കേണ്ടി വന്നേക്കും.

100ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കാണ് എഐബി.നടത്തിപ്പിന്റെ നൂലാമാലകളില്‍ നിന്നും തലയുരാനാണ് സര്‍ക്കാര്‍ നീക്കം.സര്‍ക്കാരിന് 75 ശതമാനം സ്ഥിര ടിഎസ്ബിയുണ്ട്.ബാങ്ക് ഓഫ് അയര്‍ലണ്ടിന് 14 ശതമാനവും.

ബാങ്ക് പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനോട് സാമ്പത്തിക വിദഗ്ധര്‍ക്കും സെന്‍ട്രല്‍ ബാങ്കിനും വലിയ എതിര്‍പ്പും വൈമനസ്യവുമാണ് ഉള്ളത്.മറ്റു രാജ്യങ്ങളുടെ ബാങ്കുകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ വരുത്തിയ പ്രശ്നങ്ങള്‍ അവര്‍ ഉയര്‍ത്തിക്കാട്ടുന്നു.രാഷ്ട്രീയക്കാര്‍ ബാങ്കിനെ സമ്മര്‍ദപ്പെടുത്തി അവരുടെ ഇഷ്ടക്കാര്‍ക്ക് വായ്പകളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും തരപ്പെടുത്തുമെന്നും ഇവര്‍ പറയുന്നു.ചില ഗുണഭോക്താക്കള്‍ക്ക് ഇളവു നല്‍കാനും ഇടപെടലുണ്ടായേക്കാം.

ബാങ്കില്‍ നിന്നും നികുതിദായകരുടെ പണമായുള്ള സര്‍ക്കാര്‍ വിഹിതം തിരികെ ലഭിക്കുന്നതാണ് സ്തുത്യര്‍ഹമായ സംഗതി.ബാങ്കിന്റെ 25 ശതമാനം വില്‍പ്പന നടത്തിയാല്‍ മൂന്ന് ബില്യണ്‍ യൂറോ ആ ഇനത്തില്‍ ലഭിക്കും.അതേസമയം,ബാങ്കിന്റെ മുഖം രക്ഷിക്കാന്‍ നികുതിദായകര്‍ക്ക് 20.8 ബില്യണ്‍ ചെലവിടേണ്ടിവരും.ചുരുക്കത്തില്‍ വില്‍പ്പനയാണ് ലാഭമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ബാങ്കില്‍ നിന്നും നല്ലൊരു തുക സര്‍ക്കാര്‍ എടുത്തിട്ടുണ്ടാകാം.ആ തുക തിരിച്ചടക്കാനും നഷ്ടം നികത്താനുമൊക്കെ വളരെക്കാലമെടുക്കും.എങ്കിലും ഇപ്പോള്‍ ഒറ്റയടിയ്ക്ക് വില്‍ക്കാതെ ബാങ്കിന്റെ ബാക്കിയുള്ള ഓഹരികള്‍ വരുവര്‍ഷങ്ങളില്‍ സമയം നോക്കി വിറ്റഴിച്ചാല്‍ നികുതി ദായകര്‍ക്ക് നല്ലവില ലഭിക്കുമെന്നും വാദമുണ്ട്.

അതേസമയം,നാഷണല്‍ അസറ്റ് മാനേജ്മെന്റ് ഏജന്‍സി (എന്‍.എ.എം.എ) ബാങ്കിന്റെ സ്വത്തുക്കള്‍ക്ക് നിശ്ചയിച്ച കുറഞ്ഞ വിലയെ സംബന്ധിച്ചും ആരോപണമുണ്ട്. തിരക്കുപിടിച്ച സമയക്രമമാണ് ഏജന്‍സിക്ക് ട്രോയിക ഈ ഇടപാട് കൈകാര്യം ചെയ്യുന്നതിന് അനുവദിച്ചതെന്നാണ് വിമര്‍ശനം. നാമാ കുറച്ചു കാത്തിരുന്നെങ്കില്‍ കൂടുതല്‍ പണം ലഭിക്കുമായിരുന്നെന്നാണ് ഇപ്പോള്‍ ബോധ്യപ്പെടുന്നത്. സര്‍ക്കാര്‍ ഓഹരി വില്‍ക്കുന്നതിന് കാര്യമായ സമ്മര്‍ദം ഇപ്പോഴില്ലെന്നും അറിയുന്നു.

എഐബി സംബന്ധിച്ച ലേബര്‍ പാര്‍ട്ടിയുടെ പ്രമേയം വ്യാഴാഴ്ച ഡെയ്ല്‍ പാസാക്കിയിരുന്നു.ഇതു വിറ്റഴിക്കുന്നതിലൂടെ ലഭിക്കുന്ന തുക ദേശീയ കടബാധ്യത വീട്ടാന്‍ ഉപയോഗിക്കണമെന്നാണ് അവരുടെ ആവശ്യം. ഭവന പ്രതിസന്ധിയടെ പശ്ചാത്തലത്തില്‍ ഇത് വളരെ നല്ലതാണെന്ന അഭിപ്രായമുണ്ട്.

എന്നാല്‍ ധനകാര്യ വകുപ്പ് ഇതിനെ അനുകൂലിക്കുന്നില്ല. യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥകളനുസരിച്ചേ ഈ തുക വിനിയോഗിക്കാനാകൂ എന്നാണ് അവരുടെ വാദം.2012ലെ ഫിസ്‌കല്‍ കോംപാക്ട് ട്രീറ്റിയില്‍ ഇങ്ങനെ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.സര്‍ക്കാരിന്റെ പക്കല്‍ പണം സൂക്ഷിച്ച് വരുമാനദായക പദ്ധതികളില്‍ നിക്ഷേപിക്കണമെന്നാണ് ഇവരുടെ നിര്‍ദേശം.

ചുരുക്കത്തില്‍ മൈക്കിള്‍ നൂനന്റെ പിന്തുടര്‍ച്ചക്കാരന്‍ ഈ പ്രശ്നം പരിഹരിക്കാന്‍ വെള്ളം കുറെ കുടിക്കേണ്ടിവരുമെന്ന് സാരം. ഏത് നിലപാടെടുത്താലും അതിന്റെ കാര്യകാരണങ്ങള്‍ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നത് ശ്രമകരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

അതേ സമയം 25 ശതമാനം ഷെയര്‍ സ്വകാര്യ മേഖലയിലേയ്ക്ക് ബാങ്ക് മാറുന്നതോടെ ഉപഭോക്താക്കള്‍ കൂടുതല്‍ ‘സഹിക്കേണ്ടി’വരുമെന്നും പറയപ്പെടുന്നു.

Scroll To Top