Tuesday December 06, 2016
Latest Updates

കെ എം മാണി മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി:മാണിയെ വിജിലന്‍സ് കുറ്റവിമുക്തനാക്കി 

കെ എം മാണി മന്ത്രിസഭയില്‍ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി:മാണിയെ വിജിലന്‍സ് കുറ്റവിമുക്തനാക്കി 

തിരുവനന്തപുരം: രാജിവെച്ച സാഹചര്യം ഇല്ലാതായാല്‍ കെ.എം മാണി മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രതികരണം നടത്തിയത്.
തുടന്വേഷണത്തിന് കൂടുതല്‍ തെളിവുകളില്ലെന്നും ഫോണ്‍ രേഖകളും മൊഴികളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയ വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ബിജു രമേശ് നല്‍കിയ ശബ്ദരേഖ വിശ്വസനീയമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ തെളിവില്ലാത്തതിനാല്‍ മാണിയെ പ്രോസിക്യൂട്ട് ചെയ്യാനാകില്ലെന്നും അതുകൊണ്ടുതന്നെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നും വിജിലന്‍സ്  റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ആത്യന്തികമായി സത്യം വിജയിക്കുമെന്ന് കെ.എം.മാണി പറഞ്ഞു.കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമായതിനാല്‍ കേസിനെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ല. തീരുമാനം കോടതിക്കു വിടുന്നു. മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും തിരിച്ചുവരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും മാണി പറഞ്ഞു. 
ധനമന്ത്രിയായി അടുത്ത ബജറ്റ് കെ.എം മാണി തന്നെ അവതരിപ്പിക്കുമെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് ആന്റണി രാജു പ്രതികരിച്ചു. 
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണത്തിന് തെളിവില്ലെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇടപെട്ട് കേസ് അട്ടിമറിച്ചതിന്റെ തെളിവാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.കേസ് അട്ടിമറിച്ചതാണെന്നും സര്‍ക്കാരും വിജിലന്‍സും തമ്മിലുള്ള ഒത്തുകളിയാണെന്നും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു.

Scroll To Top