Friday December 09, 2016
Latest Updates

എബോളക്ക് ശേഷം മറ്റൊരു ഭീകര രോഗം കൂടി നൈജീരിയയില്‍ പടരുന്നു

എബോളക്ക് ശേഷം മറ്റൊരു ഭീകര രോഗം കൂടി നൈജീരിയയില്‍ പടരുന്നു
ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ എബോള രോഗം ആദ്യമായി സ്ഥിതീകരിച്ചത് നൈജീരിയയിലായിരുന്നു. നിരവധി പേരുടെ ജീവനെടുത്ത എബോള വൈറസിന് അല്‍പ്പമൊരു ശമനമുണ്ടായപ്പോള്‍ മറ്റൊരു അജ്ഞാത രോഗം കൂടി നൈജീരിയയില്‍ പടര്‍ന്നു പിടിക്കുന്നു.

രോഗം ബാധിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ രോഗിക്ക് മരണം സംഭവിക്കുന്നുവെന്നതുതന്നെ രോഗത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. നൈജീരിയന്‍ പട്ടണമായ ഓഡെ ഇറിലാണ് അജ്ഞാത രോഗം പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നത്. തെക്കു കിഴക്കന്‍ നൈജീരിയയിലെ ഓന്‍ഡോയിലുള്ള ഈ പട്ടണത്തില്‍ 18 പേര്‍ ഇതിനകം രോഗം ബാധിച്ചു മരിച്ചു കഴിഞ്ഞു. രോഗകാരണങ്ങള്‍ വിലയിരുത്താന്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികള്‍ സ്ഥലത്തുണ്ട്. രോഗികളുടെ രക്ത പരിശോധനയില്‍ എബോളയോ ഇതുവരെ കണ്ടെത്തിയിട്ടുള്ള മറ്റേതെങ്കിലും വൈറസോ അല്ല രോഗകാരണമെന്ന് കണ്ടെത്തിയതാണ് വൈദ്യശാസ്ത്ര രംഗത്തെ ഭയചകിതരാക്കുന്നത്.

പൊടുന്നനെ കാഴ്ച മങ്ങുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. കൂടാതെ കടുത്ത തലവേദനയും, തുടര്‍ന്ന് ബോധക്ഷയവും ഉണ്ടാകുകയും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രോഗിക്ക് മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. ഏപ്രില്‍ 13 നായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എബോളയെ പോലെ രോഗം പടര്‍ന്നു പിടിക്കുമോ എന്ന ആശങ്കയിലാണ് ലോകാരോഗ്യ സംഘടന. 25 നും 60 നും ഇടയിലുള്ളവരെയാണ് ഈ രോഗം ബാധിച്ചിരിക്കുന്നത്. രോഗം ബാധിച്ച 20 പേരില്‍ 18 പേരും മരിച്ചതായാണ് കണക്കുകള്‍.

Scroll To Top