Thursday December 08, 2016
Latest Updates

ഡബ്ലിനിലേയ്ക്കുള്ള വിമാനത്തില്‍ യുവാവ് മരിച്ചത് വയറ്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന കൊക്കൈന്‍ പാക്കറ്റ് പൊട്ടിയെന്ന് കണ്ടെത്തല്‍ 

ഡബ്ലിനിലേയ്ക്കുള്ള വിമാനത്തില്‍ യുവാവ് മരിച്ചത് വയറ്റിനുള്ളില്‍ സൂക്ഷിച്ചിരുന്ന കൊക്കൈന്‍ പാക്കറ്റ് പൊട്ടിയെന്ന് കണ്ടെത്തല്‍ 

കോര്‍ക്ക് :ഞായറാഴ്ച്ച ലിസ്ബണില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വരികയായിരുന്ന വിമാനത്തില്‍ വെച്ച് 24 വയസുകാരനായ യുവാവ് പെട്ടന്ന് മരിച്ചത് പാക്കറ്റിനുള്ളിലാക്കി വയറ്റിനുള്ളില്‍ നിക്ഷേപിച്ചിരുന്ന മയക്കു മരുന്ന് പൊട്ടിയാണെന്ന് കണ്ടെത്തല്‍.ഇയാളുടെ വയറ്റില്‍ ഇപ്രകാരമുള്ള 80 ചെറിയ പാക്കറ്റുകളിലാണ് കൊക്കൈയിന്‍ സൂക്ഷിച്ചിരുന്നത്.അതില്‍ ഒരെണ്ണമാണ് പൊട്ടിയത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

ആകെ 0.8 ഗ്രാം കൊക്കൈനാണ് ഇയാളുടെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്.പൊതു മാര്‍ക്കറ്റില്‍ 56,000 യൂറോ വില വരും ഇതിന്.സംഭവത്തില്‍ ഒപ്പം യാത്ര ചെയ്ത 40 വയസുകാരിയെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു.ഇവരില്‍ നിന്നും കൊക്കൈയിണ്‍ അടക്കമുള്ള മയക്ക് മരുന്നുകള്‍ കണ്ടെടുത്തിട്ടുണ്ട്.അംഗോളയില്‍ ജനിച്ച പോര്‍ട്ട്ഗീസ് പാസ്‌പോര്‍ട്ടുള്ള ഇവര്‍ ഡബ്ലിനിലാണ് താമസിക്കുന്നത്.

മരിച്ച ബ്രസീല്‍കാരനായ യുവാവിന്റെ ലിസ്ബണില്‍ നിന്നുള്ള നീക്കങ്ങള്‍ പോലിസ് അന്വേഷിച്ചു വരികയാണ്.ലിസ്ബണ്‍ എയര്‍ പോര്‍ട്ടില്‍ വെച്ചാണു ഇയാള്‍ മയക്ക് മരുന്ന് അകത്താക്കിയത് എന്നാണ് സൂചനകള്‍.ഡബ്ലിനില്‍ ഇംഗ്ലീഷ് കോഴ്‌സ് പഠിക്കുകയായിരുന്നു ഇയാള്‍ എന്നും കണ്ടെത്തിയിട്ടുണ്ട്.

ബ്രസീല്‍കാരനായ യുവാവ് എയര്‍ ലിംഗസ് വിമാനത്തില്‍ യാത്ര ചെയ്യവേ നുരയും പതയുംവന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. പൈലറ്റിന്റെ അഭ്യര്‍ഥന അനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന നഴ്‌സുമാരും ഡോക്റ്ററും ചേര്‍ന്ന് സി പി ആര്‍ നല്കിയെങ്കിലും യുവാവ് മരിക്കുകയായിരുന്നു.കോര്‍ക്ക് എയര്‍ പോര്‍ട്ടില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തുകയും അവിടെ വെച്ച് യുവാവിന്റെ മരണം ഔദ്യോഗികമായി ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.

Scroll To Top