Sunday December 17, 2017
Latest Updates

പ്രവാസികളുടെ ആശങ്ക നീക്കി സര്‍ക്കാര്‍,ഒസിഐ – പിഐഒ കാര്‍ഡുകള്‍ ഉള്ളവര്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ടതില്ല 

പ്രവാസികളുടെ ആശങ്ക നീക്കി സര്‍ക്കാര്‍,ഒസിഐ – പിഐഒ കാര്‍ഡുകള്‍ ഉള്ളവര്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ടതില്ല 

ന്യൂ ദല്‍ഹി: ഒസിഐ – പിഐഒ കാര്‍ഡുകള്‍ ഉള്ള പ്രവാസികള്‍ ആധാര്‍ എടുക്കുകയോ ബാങ്ക് അക്കൗണ്ടുകളും പാന്‍ കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്യുകയോ വേണ്ടെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ. എന്നാല്‍ ഇതിനോടകം ലിങ്ക് ചെയ്തവര്‍ക്ക് അതു തുടരാം. പ്രവാസികളുടെ ആധാര്‍ സംബന്ധിച്ച വിഷയത്തില്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇപ്പോള്‍ തീരുമാനം അറിയിച്ചിരിക്കുന്നത്.

ഇക്കാര്യം വിശദീകരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവര്‍ കത്തും നല്‍കി. പ്രവാസികള്‍ ആധാര്‍ എടുക്കുന്നതും ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി ആശയക്കുഴപ്പങ്ങളാണ് പ്രവാസികള്‍ക്ക് ഉള്ളത്. ഈ വിഷയത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും അഥോറിറ്റി അറിയിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാവില്ലെന്നാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.)യുടെ വിശദീകരണം.

കള്ളപ്പണം തടയല്‍ നിയമപ്രകാരവും ആദായനികുതി നിയമപ്രകാരവുമാണ് അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ വന്നത്. എന്നാല്‍, ആധാര്‍തന്നെ വേണമെന്ന് നിയമത്തില്‍ വ്യവസ്ഥയില്ലാത്തവര്‍ക്ക് എങ്ങനെയാണ് ഈ നിബന്ധന ബാധകമാകുകയെന്ന് അഥോറിറ്റി കത്തില്‍ ചോദിക്കുന്നു. വ്യക്തികള്‍ പ്രവാസികളാണോയെന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് ബാങ്കുകള്‍ക്കും മറ്റും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ആധാറുമായി ബന്ധിപ്പിച്ചെങ്കില്‍ ഡിസംബര്‍ 31-നകം എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുമെന്ന നിര്‍ദേശമാണ് ബാങ്കുകള്‍ ഇപ്പോള്‍ നല്‍കുന്നത്. എന്‍.ആര്‍.ഇ അക്കൗണ്ടുകള്‍ക്കും ഇതേ നിബന്ധന ബാങ്കുകള്‍ ബാധകമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് യു.ഐ.ഡി.എ.ഐ പുതിയ തീരുമാനം അറിയിച്ചത്.

ആധാര്‍നിയമപ്രകാരം പ്രവാസി ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍വംശജരായ വിദേശപൗരന്മാര്‍ക്കും ആധാര്‍ നല്‍കേണ്ടതില്ല. ഇവര്‍ക്ക് ആധാര്‍ നല്‍കരുതെന്ന് നിയമത്തില്‍ത്തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, പലകാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയതോടെ പ്രവാസികളടക്കം ആധാറെടുക്കേണ്ടിവരുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. വിദേശത്താണെന്ന കാര്യം മറച്ചുവച്ചാണ് പലരും ആധാറെടുത്തിട്ടുള്ളത്. വിദേശത്തുള്ളവര്‍ക്ക് ഇതിന് കഴിഞ്ഞിട്ടുമില്ല. ഇതിനിടെയാണ് ഡിസംബര്‍ 31-നകം ആധാര്‍ ലിങ്ക് ചെയ്യാത്ത എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കേന്ദ്രനിര്‍ദ്ദേശം ലഭിച്ചത്.

ഇന്ത്യന്‍വംശജരായ വിദേശപൗരന്മാര്‍ക്ക് ഇന്ത്യയില്‍ എന്‍.ആര്‍.ഇ. അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് വ്യവസ്ഥയുണ്ട്. എന്‍.ആര്‍.ഇ. എന്ന നിലയില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങള്‍ക്കും അവര്‍ക്ക് അര്‍ഹതയുമുണ്ട്. ഇത് ആധാറിന്റെ പേരില്‍ നിഷേധിക്കാനാകില്ലെന്നാണ് യു.ഐ.ഡി.എ.ഐ. വ്യക്തമാക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച ഒരു നിര്‍ദേശവും ഇതുവരെ ബാങ്കുകള്‍ക്ക് ലഭിച്ചിട്ടില്ല.

ഡിസംബര്‍ 31-നകം അക്കൗണ്ട്-ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് ബാങ്കുകള്‍ക്കുള്ള നിര്‍ദ്ദേശം. യു.ഐ.ഡി.എ.ഐ.യുടെ പുതിയ നിര്‍ദ്ദേശങ്ങല്‍ അടങ്ങിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഇനി പുതിയ നിര്‍ദ്ദേശം ബാങ്കുകള്‍ക്ക് ലഭിച്ചാലേ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കാനാകൂ. പ്രവാസികളില്‍ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ആധാറിന്റെ കാര്യത്തില്‍ വ്യക്തത വരുത്തുന്നതെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കി.

2016-ലെ ആധാര്‍ ആക്ട് പ്രകാരം, എന്‍ആര്‍ഐകള്‍, പിഐഓ-ഒസിഐ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ എന്നിവര്‍ ആധാര്‍ കാര്‍ഡിന് അര്‍ഹരല്ല. ആധാര്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം ഒരു വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായോ അല്ലാതെയോ ഇന്ത്യയില്‍ താമസിക്കുന്നവര്‍ മാത്രമാണ് കാര്‍ഡിന് അര്‍ഹരാകുന്നുള്ളൂ. ഇതുപ്രകാരം മിക്ക പ്രവാസികളും ആധാര്‍ കാര്‍ഡിന് യോഗ്യത ഉള്ളവരാകുന്നില്ല. അതേസമയം എന്‍ആര്‍ഐ, പിഐഒ, ഒസിഐ കാര്‍ഡുകളുടെ നിജസ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരം തയാറാക്കാനും ഏജന്‍സികള്‍ക്ക് യുഐഡിഎഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആധാര്‍ കാര്‍ഡിന് അര്‍ഹരല്ലായിരിക്കെ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും പ്രവാസികളോട് ആധാര്‍ ആവശ്യപ്പെടുന്നത് ന്യായമല്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Scroll To Top