Friday April 27, 2018
Latest Updates

ഡബ്ലിന്‍ ആഡംസ് ടൗണിലെ വീടുകള്‍ വിറ്റു പോയത് ചൂടപ്പം പോലെ, ക്യൂ നിന്ന മലയാളികളില്‍ പലരും നിരാശരായി മടങ്ങി,ബുക്കിംഗ് നടത്തിയവരില്‍ കൂടുതലും ഏഷ്യാക്കാര്‍,

ഡബ്ലിന്‍ ആഡംസ് ടൗണിലെ വീടുകള്‍ വിറ്റു പോയത് ചൂടപ്പം പോലെ, ക്യൂ നിന്ന മലയാളികളില്‍ പലരും നിരാശരായി മടങ്ങി,ബുക്കിംഗ് നടത്തിയവരില്‍ കൂടുതലും ഏഷ്യാക്കാര്‍,

ഡബ്ലിന്‍: ആഡംസ് ടൌണില്‍ ഇന്നലെ വില്‍പ്പന ആരംഭിച്ച വീടുകളില്‍ ഭൂരിപക്ഷവും വിറ്റുപോയത് മണിക്കൂറുകള്‍ക്കകം.വര്‍ഷങ്ങളോളം നിര്‍ത്തി വച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചശേഷം പ്ലാനിംഗ് അനുമതി നല്‍കിയ 177 വീടുകള്‍ക്കായി ഇന്നലെ ഉച്ചയ്ക്കാണ് ബുക്കിംഗ് ആരംഭിച്ചത്.വൈകുന്നേരം നാലോടെ തന്നെ ഭൂരിപക്ഷം വീടുകളുടെയും ബുക്കിംഗ് പൂര്‍ത്തിയായതായി ഹൗസിംഗ് എസ്റ്റേറ്റ് വില്‍പ്പനക്കാരായ സാവില്‍സിന്റെ പ്രതിനിധി അറിയിച്ചു.ബാക്കി വീടുകള്‍ക്കും ഇന്നലത്തെ ബുക്കിംഗ് ആരെങ്കിലും റദ്ദാക്കിയാല്‍ ഒഴിവ് വരുന്ന വീടുകള്‍ക്കുമായി ഇന്ന് (ഞായര്‍)ഒരു മണി മുതല്‍ നാല് വരെയും ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

ഇന്ത്യക്കാര്‍ അടക്കമുള്ള ഏഷ്യന്‍ വംശജരാണ് ആഡംസ് ടൗണിലെ വീടുകള്‍ക്ക് വേണ്ടി ഇന്നലെ ബുക്കിംഗ് നടത്തിയത്.അമ്പതോളം മലയാളികളും വീട് തേടി ഇന്നലെ ആഡംസ് ടൗണില്‍ എത്തിയിരുന്നു.

ഇരുനിലകളിലായി മൂന്ന് അഥവാ നാല് ബെഡ് റൂമുകളുള്ള വീടുകള്‍ക്ക് വില താരതമ്യേനെ കുറവാണ് എന്നതാണ് ആഡംസ് ടൗണിലെ ഇപ്പോള്‍ പണിയാന്‍ ഉദ്ദേശിക്കുന്ന വീടുകളുടെ പ്രത്യേകത.270000 യൂറോ മുതല്‍(2 ബെഡ്)345000 യൂറോ(3 ബെഡ്)വരെയാണ് ഇവയുടെ വില.മൊഡ്യൂള്‍ഡ് കിച്ചണ്‍ അടക്കം എല്ലാ ഇന്റീരിയര്‍ സൗകര്യങ്ങള്‍ സഹിതമാണ് ഈ വില.തൊട്ടടുത്തുള്ള ജനവാസ കേന്ദ്രമായ ലൂക്കനിലെക്കാള്‍ കുറവാണ് ഈ വിലയെന്നാണ് ഏജന്‍സിയുടെ അവകാശവാദം.

ആഡംസ് ടൗണില്‍ പതിനായിരം വീടുകള്‍ക്കായുള്ള പ്ലാനിംഗ് പെര്‍മിഷനാണ് അധികൃതര്‍ 2003ല്‍ നല്‍കിയിരുന്നത്.2003 ല്‍ തുടക്കമിട്ട ആഡംസ് ടൌണ്‍ സ്ട്രാറ്റജിക്ക് ഡവലപ്പ്മെന്റ് സോണ്‍ പദ്ധതിയില്‍ 10,000 വീടുകളും സ്‌കൂളുകളും ഷോപ്പുകള്‍, കമ്മ്യൂണിറ്റി, ലെഷര്‍ സൌകര്യങ്ങള്‍ തുടങ്ങിയവയാണ് പണി കഴിപ്പിക്കാനിരുന്നത്. എന്നാല്‍ 2008-2009 നു ശേഷം 1400 വീടുകളില്‍ താഴെ മാത്രമാണ് നിര്‍മ്മിച്ചതെന്ന് കഴിഞ്ഞ മെയ് മാസത്തില്‍ ബോര്‍ഡ് പ്ലീനലയില്‍ നടന്ന ഹിയറിംഗില്‍ കൌണ്ടി കൌണ്‍സില്‍ വെളിപ്പെടുത്തിയിരുന്നു

ഏതാണ്ട് 25000 പേര്‍ക്കുള്ള സൗകര്യം ഒരുക്കാനുള്ള ഈ നഗരപദ്ധതി തൊട്ടടുത്ത വര്‍ഷം വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തന സഞ്ജമാക്കാനായിരുന്നു പരിപാടി.എന്നാല്‍ സ്റ്റേ വന്നതോടെ നിര്‍മ്മാണം മുടങ്ങി.ഭവന നിര്‍മ്മാണ പദ്ധതികള്‍ക്ക് കൂടുതല്‍ സ്ഥലം കണ്ടെത്തുന്നതിനായാണ് ആഡംസ് ടൌണിലെ നിര്‍മ്മാണങ്ങള്‍ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സില്‍ തടഞ്ഞത്. ഇവിടുത്തെ വാണിജ്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 20 ശതമാനം കുറയ്ക്കുകയായിരുന്നു ലക്ഷ്യം.

പിന്നീട് 2014ലാണ് വീണ്ടും നിര്‍മ്മാണ അനുമതി ലഭിച്ചത്.പുതിയ സാഹചര്യത്തില്‍ ആഡംസ് ടൌണില്‍ 6,655 മുതല്‍ 8,145 വരെ വീടുകള്‍ പുതിയതായി നിര്‍മ്മിക്കപ്പെടുമെന്നാണ് കണക്ക്.

ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പണിയാനിരിക്കുന്ന വീടുകള്‍ക്കുള്ള ബുക്കിംഗാണ് ഇന്നലെ ആരംഭിച്ചത്.പുതിയതായി പണിയാന്‍ ഉദ്ദേശിക്കുന്ന വീടുകളുടെ, മാതൃക വീടുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്.ആവശ്യക്കാര്‍ക്ക് ബുക്കിംഗ് ദിവസങ്ങളിലും തിങ്കളാഴ്ച(നാളെ)മുതല്‍ വെള്ളിയാഴ്ച വരെയും ഇവ സന്ദര്‍ശിക്കാനുള്ള അവസരവുമുണ്ട്.

ഡബ്ലിന്‍ സിറ്റി സെന്ററില്‍ നിന്ന് പതിനാറു കിലോമീറ്റര്‍ മാറി ലൂക്കന് തെക്ക് മാറിയുള്ള 200 ഹെക്ടറിലാണ് ആഡംസ് ടൌണ്‍ നിര്‍മ്മാണം പ്ലാന്‍ ചെയ്തിരുന്നത്. 1982 ല്‍ ക്ലെയറിലെ ഷാനനു ശേഷം പണികഴിപ്പിക്കുന്ന നഗരനിര്‍മ്മാണ പദ്ധതിയാണ് ആഡംസ് ടൌണിലേത്.ഹൂസ്റ്റണില്‍ നിന്നും ട്രെയിനില്‍   വെറും 15 മിനുട്ട് യാത്ര ചെയ്താല്‍ ആഡംസ് ടൗണില്‍ എത്താം.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

adams2ads4
ads

Scroll To Top