Thursday January 18, 2018
Latest Updates

ആക്ഷന്‍ ഹീറോ ബിജു അയര്‍ലണ്ടിലും ഹിറ്റ്…ഡബ്ലിനില്‍ പ്രദര്‍ശനം തുടരുന്നു

ആക്ഷന്‍ ഹീറോ ബിജു അയര്‍ലണ്ടിലും ഹിറ്റ്…ഡബ്ലിനില്‍ പ്രദര്‍ശനം തുടരുന്നു

മലയാളത്തിന് ചിരപരിചിതമായ പോലീസ് സിനിമയല്ല അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രദര്‍ശനം ആരംഭിച്ച ആക്ഷന്‍ ഹീറോ ബിജു.ഈയാഴ്ച്ചയുടെ ആദ്യദിവസങ്ങളിലും ഡബ്ലിനില്‍ പ്രദര്‍ശനം തുടരും.നായകന്‍ പോലീസ് യൂണിഫോമിട്ടാല്‍ അനീതിക്കെതിരായ ഒറ്റമൂലിയാകുമെന്ന സാമ്പ്രദായിക സിനിമാ പാഠങ്ങളുടെ പകര്‍ത്തിയെഴുത്തല്ല എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു.

biju

നിര്‍ബന്ധപൂര്‍വമുള്ള ചില വാണിജ്യതീര്‍പ്പുകള്‍ക്കിടയിലും കഥ പറച്ചിലിന്റെ പുതുവഴിയിലൂടെ മനസ്സോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട് ഈ സിനിമ.
1983 എന്ന ആദ്യ ചിത്രത്തിലൂടെ മികവുള്ള വരവറിയിച്ച എബ്രിഡ് ഷൈന്‍ രണ്ടാമത്തെ സിനിമയിലെത്തുമ്പോള്‍ ആഖ്യാനസാമര്‍ത്ഥ്യമുള്ള സംവിധായകനായി പാകപ്പെട്ടിരിക്കുന്നു. പ്രേമം എന്ന വമ്പന്‍ ഹിറ്റിന്റെ ഹാംഗോവര്‍ നിലനില്‍ക്കെ മസാലാച്ചേരുവകള്‍ അകമേയുംപുറമേയും തേച്ചുപിടിപ്പിക്കാത്ത ഒരു സിനിമയുമായി എത്താന്‍ നിവിന്‍ പോളി എന്ന നടനും നിര്‍മ്മാതാവും കാട്ടിയ ധൈര്യവും അഭിനന്ദനാര്‍ഹമാണ്.

സിനിമയില്‍ നായകന്‍ പോലീസ് യൂണിഫോമിട്ടാല്‍ ഒന്നുകില്‍ ഭരണകൂടത്തെയും, അധോലോകത്തെയും വിറപ്പിച്ച് നിര്‍ത്തി നീതിപതിയാകും.അല്ലെങ്കില്‍ ഔദ്യോഗിക ജീവിതത്തിലെ ദുരനുഭവങ്ങളും ദുരന്തങ്ങളും തിരിച്ചറിവാക്കി തോക്ക് ഉപേക്ഷിക്കാതെ കാക്കി ഉപേക്ഷിക്കും. ആ തോക്കിനൊപ്പം ക്ലൈമാക്‌സ് വരെ ആര്‍ക്ക് മുന്നിലും തോല്‍ക്കാതിരിക്കുകയും ചെയ്യും. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത രണ്ടാം ചിത്രം ആക്ഷന്‍ ഹീറോ ബിജു ഈ രണ്ട് പതിവുകളെയും നിരാകരിച്ച് നീങ്ങുന്നു. ഒരു സെമി റിയലിസ്റ്റിക് എന്റര്‍ടെയിനര്‍. ഭരണകൂട വിധേയത്വം പരിമിതിയായിരിക്കെ നീതിമാനായ ഒരു പോലീസ് ഓഫീസര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും,എന്താണ് ചെയ്യുകയെന്നും അന്വേഷിക്കുന്ന ചിത്രം.ഒരു കഥയില്‍ മാത്രം കേന്ദ്രീകരിച്ച് വികസിക്കുകയും സംഭവവികാസങ്ങളിലൂടെ കയറിയിറങ്ങി കഥപൂര്‍ത്തിയാക്കുകയുമല്ല സംവിധായകന്‍. ബിജു പൗലോസ് എന്ന സബ് ഇന്‍സ്‌പെക്ടറെ തേടിയെത്തുന്നതും അയാള്‍ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി തേടിച്ചല്ലെുന്നതുമായ സംഭവപരമ്പരകളുടെ സമാഹാരമാണ് ആക്ഷന്‍ ഹീറോ ബിജു. അഞ്ച് വര്‍ഷത്തെ സര്‍വീസുള്ള കര്‍ത്തവ്യബോധമുള്ള ഒരു പോലീസ് ഓഫീസര്‍ക്കുള്ള ചെറുയാത്ര. എസ് ഐ ബിജു പൗലോസ് നിയമപാലനത്തിന്റെ ഭാഗമായി നേരിടുന്ന കൊച്ചു കൊച്ചു സംഭവങ്ങളെ നര്‍മ്മപ്രാധാന്യമുള്ളതും

പോലീസ് ഓഫീസറാകാന്‍ ആഗ്രഹിച്ച ബിജു പൗലോസിന് (നിവിന്‍ പോളി) ഉന്നത ബിരുദത്തിന് ശേഷമാണ് എസ് ഐ സെലക്ഷന്‍ ലഭിച്ചത്. അഞ്ച് വര്‍ഷത്തെ സര്‍വ്വീസുള്ള ബിജു പൗലോസിന്റെ വിവാഹനിശ്ചയത്തിനും വിവാഹത്തിനും ഇടയിലുള്ള ദിവസങ്ങളിലൂടെയാണ് ചിത്രം പ്രധാനമായും കഥ പറയുന്നത്. ബിജുവിന്റേത് വ്യക്തിപരമായ കാര്യങ്ങള്‍ക്ക് കുറഞ്ഞ സമയം മാത്രമുള്ള സബ് ഇന്‍സ്‌പെക്ടര്‍ ജീവിതമായതിനാലാവും പ്രതിശ്രുത വധുവും കുടുംബവുമെല്ലാം രണ്ട് പാട്ടുകളില്‍ കയറിയറങ്ങി വീട്ടിലേക്ക് മടങ്ങുന്നവരാണ്. ജനമൈത്രി പോലീസ് പദ്ധതി വ്യാപനത്തിന് ശേഷമുള്ള കാലത്താണ് കഥ നടക്കുന്നത്. കൊച്ചിയിലെ നഗരമധ്യത്തിലുള്ള സ്‌റ്റേഷനില്‍ ചെറുപ്പക്കാരനും നീതിമാനുമായ

പോലീസ് ഓഫീസറും സഹപ്രവര്‍ത്തകരും നടത്തുന്ന ക്രമസമാധാനപാലനവും സേവനവുമാണ് ചെറുസംഭവങ്ങളുടെ പരമ്പരയിലൂടെ അവതരിപ്പിക്കുന്നത്.

ചിട്ടയുള്ളതും യുക്തിഭദ്രവുമായ അന്തരീക്ഷനിര്‍മ്മിതിയും, ഔചിത്യബോധമുള്ള കഥാപാത്രസൃഷ്ടിയുമാണ് ആക്ഷന്‍ ഹീറോ ബിജുവിന്റെ കരുത്ത്. 1983 എന്ന ചിത്രത്തിലും സ്വാഭാവികതയുള്ള അന്തരീക്ഷങ്ങള്‍ ചേര്‍ത്തുവയ്ക്കുന്നതില്‍ എബ്രിഡ് ഷൈന്‍ മിടുക്കുകാട്ടിയിരുന്നു. സരളവും സങ്കീര്‍ണ്ണവും വൈകാരികവുമായ സന്ദര്‍ഭങ്ങളും വിദഗ്ധമായി ഏകോപിപ്പിരിക്കുന്നു. ക്ലൈമാക്‌സിലെത്തുമ്പോള്‍ മാത്രമാണ് ശുഭപര്യവസാനത്തിനായി നായകന്‍ അല്‍പ്പം ഹീറോയിസത്തില്‍ മുങ്ങി സിനിമാറ്റിക് ആകുന്നത്. വീഴ്ചകളും പരാജയവും തിരിച്ചടിയും നേരിടുന്ന മുന്‍രംഗങ്ങള്‍ ഈ സിനിമാറ്റിക് വഴിത്തിരിവിനെ ന്യായീകരിക്കുന്നുണ്ട്.

വാണിജ്യസിനിമയുടെ നിയതമായ രൂപഘടനയെ ഉപേക്ഷിച്ച് നീങ്ങുമ്പോള്‍ ജീവിതാംശമുള്ള ഉപകഥകളിലാണ് ആക്ഷന്‍ ഹീറോ ബിജുവിന് രസവും താളവും കൈവരുന്നത്. ചില സമീപകാല സംഭവങ്ങളെ ഭേഗഗതിയോടെ പോലീസ് സ്‌റ്റേഷനിലെത്തിച്ചതും കൗതുകമുണ്ടാക്കുന്നുണ്ട്. ഉപദേശസ്വഭാവം സംഭാഷണങ്ങളില്‍ കടന്നുവരുന്നുണ്ടെങ്കിലും ലഹരികേന്ദ്രങ്ങളിലുള്ള ഇടപെടല്‍, കുട്ടിക്കുറ്റവാളികള്‍,മോഷണക്കേസിലെ പരിഹാരം എന്നിവ യാഥാര്‍ത്ഥ്യബോധത്തോടെ കടന്നുവരുന്നുണ്ട്.

ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന തറവളിപ്പുകളും ദ്വയാര്‍ത്ഥപ്പെരുക്കവുമാണ് നമ്മുടെ കമേഴ്‌സ്യല്‍ സിനിമകളുടെ നിലവാരം തറനിരപ്പിലെത്തിക്കുന്നത്. ഇവിടെ അത്തരം അലോസരപ്പെടുത്തല്‍ ഇല്ലാതെ ഭാവനാപരവും യുക്തിഭദ്രവുമായ നര്‍മ്മമുഹൂര്‍ത്തങ്ങളെ സന്ദര്‍ഭോചിതമായി സമന്വയിപ്പിച്ചിരിക്കുകയാണ് തിരക്കഥ. മദ്യപാനിയുടെ സെല്ലിലെ പാട്ട്, ചീട്ടുകളി കൂട്ടത്തെ പോലീസ് പൊക്കുന്ന രംഗം,വയര്‍ലെസ് നഷ്ടപ്പെടുന്ന രംഗം എന്നിവയില്‍ സ്വാഭാവികതയാല്‍ മനോഹരമാണ്. ജെറി അമല്‍ദേവ് രണ്ട് പതിറ്റാണ്ടിന് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നത് മനോഹര ഈണങ്ങള്‍ക്കൊപ്പമാണ്. രാജേഷ് മുരുഗേഷന്റെ പശ്ചാത്തലസംഗീതം സിനിമയുടെ സ്വഭാവത്തോടെ ലയിച്ച് നീങ്ങുന്നതാണ്. സിങ്ക് സൗണ്ടിലെയും മിക്‌സിംഗിലെയും എഡിറ്റിംഗിലെയും ഇടപെടലും കൊള്ളാം.ഛായാഗ്രാഹകന്‍ അലക്‌സ് ജെ പുളിക്കല്‍ സിനിമയുടെ മൂഡ് നിലനിര്‍ത്തുന്ന ദൃശ്യപരിചരണമൊരുക്കി.

സന്ദര്‍ഭങ്ങളുടെ ഭാവത്തിനൊത്ത് വിശ്വസനീയമായി ഇടപെടുന്നതിനാണ് സംവിധായകന്‍ നിവിന്‍ പോളിയെ ഉപയോഗപ്പെടുത്തിയത്. റിയലിസ്റ്റിക് പശ്ചാത്തലത്തിന്റെയും സിങ്ക് സൗണ്ടിന്റെയും രീതികള്‍ക്കൊത്ത് ബിജു പൗലോസിനെ നിവിന്‍ പോളി നാടകീയതയില്ലാതെ അവതരിപ്പിച്ചു. നര്‍മ്മ മുഹൂര്‍ത്തങ്ങളില്‍ നിവിന്‍ സ്വതസിദ്ധമായ മാനറിസം കൊണ്ടും രസിപ്പിക്കുന്നുണ്ട്. സ്വാഭാവിക അന്തരീക്ഷത്തില്‍ നിന്ന് പറിച്ചുമാറ്റി ബോധപൂര്‍വ്വം ചില പഞ്ച് ഡയലോഗുകള്‍ക്ക് നിവിനെ സംവിധായകന്‍ നിയോഗിച്ചിടത്ത് മാത്രമാണ് ഇഷ്ടക്കേടുണ്ടാകുന്നത്. സുരാജ് വെഞ്ഞാറമ്മൂട് ഒന്നോ രണ്ടോ സീനുകളില്‍ മാത്രമുള്ള പ്രകടനത്തില്‍ അമ്പരപ്പിച്ചു. സുരാജിന്റെ ഇതുവരെയുള്ള പ്രകടനങ്ങളില്‍ ഏറ്റവും മികച്ചത്. മടിയന്‍ പോലീസുകാരനായി ജോജുവും അസ്സലായിട്ടുണ്ട്. ലുക്കാചുപ്പി എന്ന ചിത്രത്തിന് ശേഷം ജോജുവിന്റെ മികച്ച റോള്‍. സംവിധായകന്‍ സോഹന്‍ സീനുലാല്‍ സ്വഭാവ കഥാപാത്രങ്ങള്‍ക്ക് യോജിച്ച ആളാണെന്ന് ഈ സിനിമ തെളിയിക്കുന്നു. സൈജു കുറുപ്പ്, മേജര്‍ രവി, ജൂഡ് ആന്റണി,രോഹിണി തുടങ്ങിയവരും കൊള്ളാം. പേര് ഓര്‍ത്തെടുക്കാനാവുന്നില്ലെങ്കിലും ക്യാമറയില്‍ മിന്നിമറഞ്ഞ ചില രംഗങ്ങളെ വിസ്മയകരമാക്കിയ ചിലര്‍ കൂടിയുണ്ട്. നാട്ടുകാര്‍ക്ക് മുന്നില്‍ തുണിയുരിഞ്ഞ് സ്റ്റേഷനിലെത്തുന്നയാള്‍, വയര്‍ലെസ് മോഷ്ടിക്കുന്ന കഥാപാത്രം, ഫ്രീക്കന്‍സ്, പല കേസുകളിലുമായി വന്ന് പോകുന്ന തുടക്കക്കാരായ അഭിനേതാക്കള്‍ പ്രകടനത്തിലെ വിശ്വസനീയത കൊണ്ട് മാറ്റ് കൂട്ടി. അതിനാടകീയതയും അമിതാഭിനയവും വെടിയാത്ത നമ്മുടെ ചില അഭിനേതാക്കള്‍ക്ക് പരിശീലിക്കാനുള്ള വകുപ്പുണ്ട് ചില കഥാപാത്രങ്ങളായി എത്തിയവരുടെ പ്രകടനം. നായിക അനു ഇമ്മാനുവേല്‍ ട്രെയിലറിലും പാട്ടുകളില്‍ കണ്ട രംഗങ്ങളില്‍ മാത്രമേ സിനിമയിലും ഉള്ളൂ. കാര്യമായൊന്നും ചെയ്യാനുമില്ല. റിയലിസ്റ്റിക് ഭാവാന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനായ അഭിനേതാക്കള്‍ക്കൊപ്പം പരാജിതരായവും ആക്ഷന്‍ ഹീറോ ബിജുവില്‍ ഉണ്ട്.

കേരളാ പോലീസിന് മാതൃകയാക്കിയുള്ള സിനിമ എന്നതിനേക്കാള്‍ ജനമൈത്രി പോലീസിന് മാതൃകയാക്കാവുന്ന സിനിമ എന്നതാവും ആക്ഷന്‍ ഹീറോ ബിജുവിന് ഇണങ്ങുന്ന മുഖവുര. പോലീസിനും പോലീസിംഗിനും ആദരമാകുന്ന സിനിമ സകല പോലീസുദ്യോസ്ഥരും ധര്‍മ്മപരിപാലകരാണെന്ന് സ്ഥാപിക്കുന്നതില്‍ വിയോജിപ്പുണ്ട്. അധികാരത്തിന്റെ ഉപകരണമായി പോലീസ് മാറുന്ന സാഹചര്യത്തെ പരാമര്‍ശിക്കുന്ന രംഗങ്ങള്‍ക്ക് വ്യക്തതയില്ല. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ഇടപെടല്‍ എന്ന രീതിയില്‍ പോലീസിംഗിനെ മറുവശം ചുരുങ്ങിപ്പോയിട്ടുണ്ട്. പോലീസ് യൂണിഫോമില്‍ നായകന്‍ നേരിന്റെ വഴിയേ നീങ്ങുമ്പോള്‍ സഹപ്രവര്‍ത്തകരും, സകല പോലീസും ധര്‍മ്മപരിപാലകരാണെന്ന പ്രഖ്യാപനം വിയോജിപ്പാകുന്നുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ളവരും അഴിമതിക്കാരുമായ പോലീസുകാരും കുറവല്ലെന്ന് അപൂര്‍വമായുള്ള ശിക്ഷണനടപടികള്‍ ഓര്‍മ്മിപ്പിക്കും. ക്രിമിനലുകളുടെ മനുഷ്യാവകാശം,മൂന്നാം ലിംഗാവസ്ഥയിലുള്ള ആള്‍ ലൈംഗിക ആര്‍ത്തിയുള്ള അപകടകാരിയാക്കിയുള്ള ചിത്രീകരണം. കറുത്ത രൂപങ്ങളും ഫ്രീക്കന്‍മാരും കഞ്ചാവ് വാഹകരും പിടിച്ചുപറിക്കാരുമെന്ന പൊതുബോധ ബാധ. ക്ലൈമാക്‌സിനോട് അടുത്തെത്തുമ്പോള്‍ നായകന്‍ സന്ദേശവും മുദ്രാവാക്യവുമായി ജോസഫ് അലക്‌സ് ഭരത്ചന്ദ്രന്‍ ബാധയിലാകുന്നത് സിനിമയുടെ ടോട്ടല്‍ മൂഡിനോട് ചേര്‍ന്ന് പോകുന്നില്ല. ആ സന്ദേശസംഭാഷണങ്ങള്‍ക്ക് മുമ്പേ ബിജു ആസ്വാദകരില്‍ ഹീറോയായി മാറുന്നുണ്ട്.

നീതി നടപ്പാക്കാന്‍ ഇറങ്ങിയ ഒരു എസ് ഐയുടെ കാഴ്ചപ്പാടിലുള്ള ചിത്രമെന്നും ആക്ഷന്‍ ഹീറോ ബിജുവിനെ ചുരുക്കിയെഴുതാം. സമൂഹത്തിന് മാതൃകയാകേണ്ട ഒരു പോലീസ് ഓഫീസറെ സംവിധായകന്‍ ആഗ്രഹിക്കുന്ന ചിത്രമായും ഇതിനെ കാണാം. അവതരണത്തിലെ സ്ഥിരവഴികളില്‍ നിന്നും ചിരപരിചിത കഥാവഴികളില്‍ നിന്നും തെല്ല് ധൈര്യത്തോടെ മാറി നീങ്ങുന്ന ഒരു സിനിമ.

Scroll To Top