Wednesday January 24, 2018
Latest Updates

മുത്തൂറ്റിനെ പിടി കൂടാന്‍ കേന്ദ്രം,കള്ളലേലം നടത്തി ഇടപാടുകാരെ കബളിപ്പിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി

മുത്തൂറ്റിനെ പിടി കൂടാന്‍ കേന്ദ്രം,കള്ളലേലം നടത്തി ഇടപാടുകാരെ കബളിപ്പിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി

കൊച്ചി:ഇന്ത്യയിലെമ്പാടുമുള്ള ആയിരക്കണക്കിന് പാവങ്ങളെ കണ്ണീര്‍ കുടിപ്പിച്ച മുത്തൂറ്റ് ഗ്രൂപ്പിനെ തളയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അരയും തലയും മുറുക്കി രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍.ബി ജെ പി യുടെ ഉടമസ്ഥതയിലുള്ള ‘ജന്മഭൂമി” അടക്കമുള്ള മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം  ഭാരതത്തില്‍ പടര്‍ന്നു പന്തലിച്ച മുത്തൂറ്റ് ഗ്രൂപ്പ്, ലേല പ്രഹസനം നടത്തി, പണയക്കാരെ പറ്റിച്ച്, ഗുജറാത്തിലെ സ്വര്‍ണവ്യാപാരികളുടെ കേരളത്തിലെ ഏജന്റുമാര്‍ക്ക് സ്വര്‍ണം മറിച്ചുവില്‍ക്കുന്നതായി, ആദായനികുതി വകുപ്പ്  കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ നാലാം തിയതി രാജ്യവ്യാപകമായി മുത്തൂറ്റ് ഗ്രൂപ്പില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുള്ളത്.

നിരവധി സ്വര്‍ണ ഉരുപ്പടികള്‍ ഉള്ളപ്പോള്‍, അവയില്‍ കുറച്ചുമാത്രം വച്ച്, പേരിന് ലേലം നടത്തുന്നതിനാണ്, ലേല പ്രഹസനം (mock auction) എന്നുപറയുന്നത്. നൂറോ നൂറ്റന്‍പതോ ഉരുപ്പടികളുള്ളപ്പോള്‍, മുപ്പതോ, നാല്‍പതോ എണ്ണം മാത്രം വച്ച് ഒരു ലേലം നടത്തി, ബാക്കിയുള്ളവയും ഇതില്‍ പെട്ടതായി വരുത്തിത്തീര്‍ത്ത്, മൊത്തത്തില്‍ ഇവ ഗുജറാത്തിലേക്ക് തട്ടുന്നതാണ്, പ്രക്രിയ.

മൂന്നുതവണ പണയക്കാരന് നോട്ടീസ് നല്‍കിയശേഷമേ ലേലമാകാവൂ എന്ന ചട്ടം, പണയക്കാരോട് വാക്കാല്‍ ആദ്യം പറഞ്ഞ്, രേഖാമൂലം അറിയിക്കാതെയാണ്, ലേല പ്രഹസനം നടക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.പരമാവധി പണം നല്‍കുമെന്നും, മൂന്നു മാസത്തിനകം എടുത്തില്ലെങ്കില്‍ ലേലം ചെയ്യുമെന്നും വാക്കാല്‍ പറയും.

ഇങ്ങനെ സമാഹരിക്കുന്നതു കള്ളപ്പണമാണ്. 20 വര്‍ഷമായി മുത്തൂറ്റ് ഗ്രൂപ്പ് ഇങ്ങനെ ചെയ്യുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇങ്ങനെ കിട്ടുന്ന കള്ളപ്പണം കൊണ്ട്, മുത്തൂറ്റ് ഗ്രൂപ്പ്, കോസ്റ്റാറിക്കയില്‍ ഹോട്ടല്‍ വാങ്ങിയതായും തെളിഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ നടന്ന വിദേശനാണ്യ വിനിമയ ചട്ടലംഘനം, അന്വേഷണത്തിലാണ്.

ക്സാന്താറി റിസോര്‍ട്ട് ആന്‍ഡ് സ്പാ ആണ് കോസ്റ്റാറിക്കയില്‍ വാങ്ങിയത്. ഹോട്ടല്‍ വ്യവസായത്തില്‍ പരിചയമില്ലാത്ത മുത്തൂറ്റ് ഗ്രൂപ്പില്‍ പെട്ട ഒരാള്‍ , ഹോട്ടല്‍ മാനേജ്മെന്റ് പഠനത്തിനായി ഫ്രാന്‍സില്‍ പോയപ്പോള്‍ കണ്ടെത്തിയ പ്രൊഫസറാണ്, ഈ റിസോര്‍ട്ട് വാങ്ങാന്‍ ഇടനിലക്കാരനായത്.

കേന്ദ്രത്തിന്, മുത്തൂറ്റിനകത്തു നിന്ന്, പ്രഹസന ലേലത്തെപ്പറ്റി കിട്ടിയ വിവരത്തില്‍ നിന്നാണ്, അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് മൂന്നു മാസം, കേന്ദ്രസംഘം മുത്തൂറ്റിന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് വിശദാംശങ്ങള്‍ കണ്ടെത്തി.

ദിവസവും രാവിലെ മാനേജിങ് ഡയറക്ടര്‍ തലേന്നത്തെ കള്ള ഏര്‍പ്പാടുകള്‍ ഉള്‍പ്പെടെ, എല്ലാ കണക്കും നോക്കി, കള്ള ഇടപാടുകളുടെ വൗച്ചറുകള്‍ കീറി കുട്ടയിലിടും. ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്ത ആദ്യദിനം രാവിലെ, കുട്ടയില്‍നിന്ന് വൗച്ചറുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥയെ കൊണ്ട് എടുപ്പിച്ച്, ഒട്ടിപ്പിച്ച്, അതിലെ ഒപ്പ് അവരുടേത് എന്നുതന്നെ ഉറപ്പിച്ച്, അവരെ വിരട്ടിയിരുന്നു. ഇവരെവച്ച് ടാക്സ് മാനേജറെ (അതും സ്ത്രീ തന്നെ) ചോദ്യം ചെയ്തപ്പോള്‍, കംപ്യൂട്ടര്‍ പാസ്വേഡ് ഓര്‍മയില്ലെന്നു ഭാവിച്ച അവരെ, മൂന്നുമാസമായി ആ അക്കൗണ്ട് തങ്ങള്‍ ഹാക്ക് ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തി.

തുടര്‍ന്ന് കൈവശമുള്ള പാസ്വേഡ് കൊണ്ടുതന്നെ, ഉദ്യോഗസ്ഥര്‍ കണക്കുകളിലേക്ക് കയറി.
ഇതുവരെ 360 കോടി രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്.യഥാര്‍ഥ തട്ടിപ്പിന്റെ തുക ഇതിന്റെ നൂറിരട്ടിയെങ്കിലും ഉണ്ടാകുമെന്ന് പറയപ്പെടുന്നു.

മുത്തൂറ്റ് പണയക്കാരെ പറ്റിച്ച് തട്ടിപ്പു തുടങ്ങിയ കാലം മുതല്‍ നിരവധി വര്‍ഷങ്ങള്‍, കാഞ്ഞിരപ്പള്ളിയിലെ ഒരു സേട്ടാണ്, പണയ സ്വര്‍ണം വാങ്ങിച്ചിരുന്നത്. അയാളുടെ വീട്ടില്‍ സ്വര്‍ണം ഉരുക്കാനുള്ള ചൂളയുണ്ടായിരുന്നു. ഒരിക്കല്‍ ഇയാള്‍ ആലപ്പുഴയില്‍ പൊലീസ് പിടിയിലായപ്പോള്‍, സ്വര്‍ണം കൈവശപ്പെടുത്തി,പൊലീസ് ഓഫീസര്‍ അയാളെ പോകാന്‍ അനുവദിച്ചു. പിന്നീട് മഹാരാഷ്ട്രയിലെ ഉന്നത എന്‍സിപി നേതാവ് ഇടപെട്ടപ്പോള്‍, അയാള്‍ക്ക് സ്വര്‍ണം തിരിച്ചുകിട്ടി.

ആളുകളില്‍ നിന്ന് നിക്ഷേപം വാങ്ങാന്‍ മാത്രമാണ്, മുത്തൂറ്റിന് റിസര്‍വ് ബാങ്ക് അനുമതിയുള്ളത്. വായ്പ നല്‍കാന്‍ അനുമതിയില്ല. അതിനാല്‍, കേന്ദ്രത്തിന്റെ പിടി മുറുകിയേക്കാം.

മുത്തൂറ്റ് ഗ്രൂപ്പ് എന്നാല്‍, നാല് സഹോദരങ്ങളുടേതാണ്: മുത്തൂറ്റ് ഫിനാന്‍സ് (ജോര്‍ജ്), മുത്തൂറ്റ് ഫിന്‍ കോര്‍പ് (പാപ്പച്ചന്‍), മിനി മുത്തൂറ്റ് (റോയി), മുത്തൂറ്റ് മര്‍ക്കന്റൈല്‍ (നൈനാന്‍) എന്നിവ. നൈനാന്റെ മകന്‍ രാജുവായിരുന്നു, ഉമ്മന്‍ചാണ്ടിയുടെ മകളുടെ ഭര്‍ത്താവ്. കെ.എം. മാണി ഒരിക്കല്‍ മുത്തൂറ്റിനെ സഹായിക്കാനായി മാത്രം,നിയമം കൊണ്ടുവരികയുണ്ടായി. പട്ടാളക്കാരനായിരുന്ന എം. ജോര്‍ജ്, പട്ടാളക്കാര്‍ക്കിടയില്‍ ചെറിയ ചിട്ടി നടത്തി പച്ചപിടിച്ചപ്പോള്‍, ആശയവും പണവും സഹോദരന്‍ പാപ്പച്ചന് പകര്‍ന്നാണ്, പടര്‍ന്നു തിടംവച്ചത്.

കോട്ടയം ആസ്ഥാനമായ ഇന്റഗ്രേറ്റഡ് ഫിനാന്‍സ്, ഉപ്പൂട്ടില്‍ ചിട്ട്സ് എന്നിവ 16 കൊല്ലം മുന്‍പ് നിലംപൊത്തിയിരുന്നു. ഓര്‍ത്തഡോക്സ് സഭയിലെ മെത്രാന്മാര്‍ക്കാണ്, ഉപ്പൂട്ടില്‍ പൊട്ടിയപ്പോള്‍ പണം പോയത്. രണ്ടാഴ്ച മുന്‍പ് ഏലൂര്‍ കേന്ദ്രമായ കരുവേലിമറ്റം ചിട്ട് ഫണ്ടും പൊട്ടി-അഞ്ച് ചിട്ടി നടത്താന്‍ അനുവാദമുള്ള അവര്‍ പന്ത്രണ്ടെണ്ണം നടത്തിയിരുന്നു.

മുത്തൂറ്റിന്റെ നേരെയുള്ള സര്‍ക്കാരിന്റെ നിലപാടുകള്‍ മുത്തൂറ്റില്‍ പണം നിക്ഷേപിച്ചിരുന്ന ആയിരക്കണക്കിന് പേരെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ട്.

Scroll To Top