Sunday December 04, 2016
Latest Updates

പെണ്‍കുട്ടികളുടെ മടിയില്‍ ആണ്‍കുട്ടി:ഫേസ് ബുക്ക് പോസ്റ്റ് വിവാദമായി,സംഘര്‍ഷം

പെണ്‍കുട്ടികളുടെ മടിയില്‍ ആണ്‍കുട്ടി:ഫേസ് ബുക്ക് പോസ്റ്റ് വിവാദമായി,സംഘര്‍ഷം

സൂറത്കല്‍: കര്‍ണാടകത്തിലെ സൂറത്കലില്‍ കോളേജ് ക്‌ളാസ് റൂമില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനികളുടെ മടിയില്‍ ആണ്‍കുട്ടി കിടക്കുന്ന ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റുചെയ്തതു വന്‍ പ്രതിഷേധത്തിനിടയാക്കുകയും ഫോട്ടോയില്‍ കുട്ടികള്‍ക്കടുത്തിരിക്കുന്ന മറ്റൊരു ആണ്‍കുട്ടിയെ സദാചാര ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തു.

മുഹമ്മദ് റിയാസ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ റിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിയാസും കൂട്ടുകാരും പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പം കോളജില്‍ നിന്നെടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നാലംഗ സംഘം റിയാസിനെ പിടിച്ചുകൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.സൂറത്കലിലെ ഗോവിന്ദ് ദാസ കോളേജിലെ ഫൈനല്‍ ഇയര്‍ ബിസിഎ വിദ്യാര്‍ത്ഥികളാണ് പ്രതിക്കൂട്ടിലായിരിക്കുന്നത്.

മുഹമ്മദ് റിയാസ്

മുഹമ്മദ് റിയാസ്


ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ റിയാസ് പെണ്‍കുട്ടിയെ ചാരിയാണ് ഇരുന്നതെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

ഹിന്ദു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് മുസ്ലിം യുവാക്കള്‍ പോസ് ചെയ്തതെന്നാരോപിച്ച് കോളജില്‍ ബി.ജെ.പിയുടെ വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തും പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു.

ഇതിനിടെ, മടിയില്‍ കിടന്ന ആണ്‍കുട്ടിയെയും കിടത്തിയ പെണ്‍കുട്ടികളെയും കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. റിയാസിനെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല.

വിഷയത്തെക്കുറിച്ച് അന്വേഷിക്കാന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് വെല്‍ഫെയര്‍ ഓഫീസറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. റിയാസിനോട് ഈ സമിതിക്കു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നാവും നടപടി.

ഫോട്ടോ എടുത്തതല്ല, അതു ഫേസ് ബുക്കില്‍ കൊടുത്തതാണ് കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കിയതെന്നും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് അപമാനമുണ്ടാക്കിയെന്നും പ്രിന്‍സിപ്പല്‍ പ്രൊഫ. കെ രാജ്‌മോഹന്‍ റാവു പറഞ്ഞു.



Scroll To Top