Saturday December 03, 2016
Latest Updates

ഗര്‍ഭഛിദ്രം അനുമതി തേടിയുള്ള സ്വകാര്യ ബില്‍ ഐറിഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു 

ഗര്‍ഭഛിദ്രം അനുമതി തേടിയുള്ള സ്വകാര്യ ബില്‍ ഐറിഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു 

ഡബ്ലിന്‍:ജീവന് വേണ്ടിയുള്ള പോരാട്ടത്തില്‍ പിന്തുണ പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ പാര്‍ലമെന്റ് വീണ്ടും അബോര്‍ഷന്‍ ബില്ലിനെ തള്ളികളഞ്ഞു. മാതാവിന്റെ കൂടി സുരക്ഷ ഉറപ്പു വരുത്താന്‍ ഗര്‍ഭ ചിദ്രം അനുവദിക്കണം എന്നാവശ്യപ്പെട്ട് സ്വതന്ത്ര അംഗം ക്ലയര്‍ ഡാലി ഡയലില്‍ അവതരിപ്പിച്ച ബില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ തള്ളി.

സഭയില്‍ ഹാജരായിരുന്ന 124 അംഗങ്ങളില്‍ 20 പേരുടെ പിന്തുണ മാത്രമേ ക്ലയര്‍ ഡാലിയ്ക്ക് ലഭിച്ചുള്ളൂ.ഇതില്‍ മൂന്നു പേര്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ റ്റി ഡി മാര്‍ ആയിരുന്നു.പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് ഇവര്‍ സ്വകാര്യ ബില്ലിനെ പിന്തുണച്ചത്.

ഐറിഷ് ഭരണഘടന പ്രകാരം ഇത്തരം ഒരാവശ്യം അംഗീകരിക്കാന്‍ ആവില്ലെന്ന് പ്രധാനമന്ത്രി എന്ടാ കെന്നി പറഞ്ഞു.സവിത ഹാലപ്പനവറുടെ മരണത്തെ തുടര്‍ന്ന് ഇതേ ആവശ്യവുമായി ഒട്ടേറെ പ്രക്ഷോഭകര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും തുടര്‍ന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ സാങ്കേതിക കാരണങ്ങളാല്‍ ഇതേ വരെ നടപ്പാക്കിയിട്ടില്ല 

ഗര്‍ഭചിദ്രത്തെ അനുകൂലിച്ച് ഇപ്പോള്‍ ഒരു വിവാദം ഉണ്ടാക്കാന്‍ ഫിനഗേല്‍ തയാറല്ല എന്നതാണ് ബില്‍ പരാജയപ്പെടാന്‍ മറ്റൊരു കാരണം.പൊതു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുമ്പോള്‍ അയര്‍ലണ്ടില്‍ പ്രബലമായ കത്തോലിക്കാ സഭയുടെ എതിര്‍പ്പ് നേരിടാന്‍ എന്ടാ കെന്നിയും കൂട്ടരും ഭയപ്പെടുന്നുണ്ട്.

അയര്‍ലണ്ടിലെ പുതിയ അബോര്‍ഷന്‍ നിയമത്തിന് പഴുതുകളുണ്ടാക്കി ഗര്‍ഭ ചിദ്രം നടത്താനൊരുങ്ങിയ മറ്റൊരു കേസില്‍ അടുത്തയിടെ ഒരു യുവതിയ്ക്ക് ഡോക്റ്റര്‍മാര്‍ അനുമതി നിഷേധിച്ചിരുന്നു.യുവതിക്ക് ഗര്‍ഭഛിദ്രം നിഷേധിച്ച ഡോക്ടര്‍മാര്‍ അതേസമയം സിസേറിയനിലൂടെ കുട്ടിയെ പുറത്ത് എടുത്തു. അമ്മയുടെ ജീവന് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്ന പുതിയ നിയമ പ്രകാരമാണ് ഈ യുവതി ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയത്. എന്നാല്‍ യുവതിയുടെ അപേക്ഷ പരിശോധിച്ച ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനം എടുത്തിരുന്നു.

അത്യപൂര്‍വമായ സാഹചര്യങ്ങളില്‍ അല്ലാതെ ഗര്‍ഭചിദ്രം അനുവദിക്കാനാവില്ലയെന്ന അയര്‍ലണ്ടിലെ സര്‍ക്കാരിന്റെ നിലപാടിന്റെ ചുവടു പിടിച്ചാണ് ഡോക്റ്റര്‍മാര്‍ നടപടിയെടുത്തത്.ചെറിയ കാരണങ്ങള്‍ക്ക് പോലും ഗര്‍ഭചിദ്രം ആവാമെന്ന് വാദിക്കുന്നവര്‍ക്ക് ഡോക്റ്റര്‍മാരുടെ നടപടി മുന്നറിയിപ്പായി. 

ഇന്നലെ ഡാലി ക്ലയര്‍ അവതരിപ്പിച്ച ബില്ലിനെ പിന്തുണച്ചാല്‍ ഗര്‍ഭഛിദ്രം ഏതവസരത്തിലും അന്യായമായും പ്രയോഗിക്കപ്പെടാന്‍ ഇടയാകും എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

Scroll To Top