Monday December 05, 2016
Latest Updates

ഗര്‍ഭഛിദ്രബില്ലിനെ എതിര്‍ക്കാന്‍ എന്‍ഡ കെന്നിയും ഫിനഗേലും:ഗര്‍ഭസ്ഥശിശുവിന് വൈകല്യമുണ്ടെങ്കില്‍ അബോര്‍ഷന്‍ ആവാമെന്ന നിലപാടുള്ള മൂന്ന് മന്ത്രിമാരെ പുറത്താക്കാന്‍ നീക്കം

ഗര്‍ഭഛിദ്രബില്ലിനെ എതിര്‍ക്കാന്‍ എന്‍ഡ കെന്നിയും ഫിനഗേലും:ഗര്‍ഭസ്ഥശിശുവിന് വൈകല്യമുണ്ടെങ്കില്‍ അബോര്‍ഷന്‍ ആവാമെന്ന നിലപാടുള്ള മൂന്ന് മന്ത്രിമാരെ പുറത്താക്കാന്‍ നീക്കം

ഡബ്ലിന്‍:ജനിക്കാനിരിക്കുന്ന കുട്ടികള്‍ക്ക് മാരകമായ വൈകല്യമുണ്ടെന്ന് പരിശോധനയില്‍ തെളിയിക്കപ്പെട്ടാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കുന്ന ബില്‍ വ്യാഴാഴ്ച ഡോളില്‍ അവതരിപ്പിക്കും. വെക്‌സ്‌ഫോര്‍ഡ് ടിഡിയായ മിക്ക് വാലസ് ആണ് ബില്‍ കൊണ്ടുവരുന്നത്. ബില്ലിനെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തുമെന്ന് സ്വതന്ത്ര ടിഡിമാര്‍ കൂടിയായ ഗതാഗത മന്ത്രി ഷെയ്ന്‍ റോസ്, മന്ത്രി ഫിനിയന്‍ മക്ഗ്രാത്ത്, ജൂനിയര്‍ മിനിസ്റ്റര്‍ ജോണ്‍ ഹല്ലിഗന്‍ എന്നിവര്‍ വ്യക്തമാക്കി. അതേസമയം ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് സര്‍ക്കാരിലെ ഫിനഗേല്‍ മന്ത്രിമാര്‍ അറിയിച്ചു. സ്വതന്ത്ര ടിഡിമാരായ കെവിന്‍ ‘ബോക്‌സര്‍,’ ഷോണ്‍ കാനി എന്നിവര്‍ ബില്ലിനെതിരായി വോട്ട് രേഖപ്പെടുത്തും എന്ന് വ്യക്തമാക്കി കഴിഞ്ഞു.

അതേസമയം മന്ത്രിസഭയില്‍ത്തന്നെയുള്ളവര്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളെടുക്കുന്നത് പലരുടെയും നെറ്റി ചുളിയാന്‍ കാരണമായിട്ടുണ്ട്. മന്ത്രിസഭയുടെ തീരുമാനം ഒറ്റക്കെട്ടായി എല്ലാ മന്ത്രിമാരും അംഗീകരിക്കേണ്ടതാണെന്നും, പാര്‍ട്ടികള്‍ വ്യത്യസ്തമായാലും മന്ത്രിമാര്‍ ഒറ്റക്കെട്ടായിരിക്കണ മെന്നും രാഷ്ട്രീയ നിരീക്ഷകനായ വിന്‍സന്റ് ബ്രൗണ്‍ പറഞ്ഞു.

പക്ഷേ ഓരോരുത്തര്‍ക്കും പിന്തുണച്ചോ അല്ലാതെയോ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുണ്ടെന്ന് മന്ത്രി ഷെയ്ന്‍ റോസ് അഭിപ്രായപ്പെട്ടു. സ്വതന്ത്ര ടിഡിമാരില്‍ ഒരു വിഭാഗം ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ ഐകകണ്‌ഠേന തീരുമാനമെടുക്കേണ്ട വിഷയങ്ങളുണ്ടെന്നും, എന്നാല്‍ ഇത് അത്തരത്തില്‍ ഒന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ ആന്‍ഡ് റീഫോം മിനിസ്റ്റര്‍ പാസ്ചല്‍ ഡോണ്‍ഹോ പറഞ്ഞു. മന്ത്രിസഭയുടെ ഭാഗമാണെങ്കിലും സ്വതന്ത്ര ടിഡിമാര്‍ക്ക് അവരുടേതായ അഭിപ്രായം കൈക്കൊള്ളാന്‍ അവകാശമുണ്ടെന്ന് ധനകാര്യമന്ത്രി മൈക്കല്‍ നൂനാന്‍ വ്യക്തമാക്കി. ‘ഫിനഗേലിന്റെ തീരുമാനം ബില്ലിനെ എതിര്‍ക്കാനാണ്, സ്വതന്ത്രര്‍ക്ക് അവരുടേതായ തീരുമാനമെടുക്കാം,’ നൂനാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ഈ വ്യത്യസ്ത നിലപാടുകള്‍ ബാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്‍ ഭരണഘടനാവിരുദ്ധമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞ സാഹചര്യത്തിലാണ് ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്താന്‍ ഫിനഗേല്‍ ടിഡിമാര്‍ തീരുമാനിച്ചത്.

Scroll To Top